Saturday, July 2, 2011

സര്‍വകലാശാലാ ഭരണം അവതാളത്തില്‍; ജീവനക്കാര്‍ പ്രക്ഷോഭം തുടങ്ങി

കോഴിക്കോട്: യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ കോഴിക്കോട് സര്‍വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഒരു മാസക്കാലമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയാണ്. കോഴിക്കോട് സര്‍വകലാശാലയുടെ ചുമതലയുണ്ടായിരുന്ന കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മൈക്കിള്‍ തരകനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തുകൊണ്ട് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍  മെയ് 25 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പകരം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി. ഇദ്ദേഹം ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞെങ്കിലും മൂന്നോ നലോ മണിക്കൂറുകള്‍ മാത്രമാണ് ഇവിടെ ചിലവഴിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ഫയലുകള്‍ കുന്നുകൂടുകയാണ്. ഉപരി പഠനത്തിനും ഉദ്യോഗ സമ്പാദനത്തിനും ആവശ്യമായ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടുന്നതിന് വൈസ് ചാന്‍സലര്‍ ഇല്ലെന്ന കാരണത്താല്‍ അപേക്ഷകര്‍ വലയുകയുമാണ്്. ഈ വര്‍ഷം മാര്‍ച്ചില്‍ വിരമിച്ച ഒട്ടേറെ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. അര്‍ഹരായ നിരവധി ജീവനക്കാരുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച ഫയല്‍ ഒരു മാസത്തിലേറെയായി വൈസ് ചാന്‍സലറുടെ മേശപ്പുറത്ത് കിടക്കുകയാണ്. ജീവനക്കാരുടെ അന്തര്‍ സര്‍വകലാശാല സ്ഥലം മാറ്റം സംബന്ധിച്ച ഫയലുകളിലും തീര്‍പ്പ് കല്പിച്ചിട്ടില്ല. ഒട്ടേറെ തസ്തികകളില്‍ ജോലിചെയ്യുന്ന താല്‍കാലിക ജീവനക്കാരുടെ വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലുകളും തീരുമാനമാകാതെ കിടക്കുകയാണ്.

ഉത്തരവുകള്‍ ഫാക്‌സിലൂടെ നല്‍കിയാണ് വൈസ് ചാന്‍സലര്‍ ഭരണം നടത്തുന്നതെന്നും ഇത്തരം ഉത്തരവുകളില്‍ ബഹു ഭൂരിപക്ഷവും സര്‍വകലാശാലയുടെ ജനാധിപത്യ സംവിധാനത്തെ ഹനിക്കുന്ന തരത്തിലുള്ളതാണെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സ്റ്റാന്റിംഗ് കോണ്‍സല്‍ അഡ്വ. പി സി ശശിധരനെ സ്ഥാനത്തുനിന്നും നീക്കം ചെയ്തുകൊണ്ടാണ് ജനാധിപത്യ കശാപ്പിന് തുടക്കം കുറിച്ചതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ്  നിയമിക്കുന്ന സ്റ്റാന്‍ഡിംഗ് കോണ്‍സിലിനെ നീക്കം ചെയ്യാനുള്ള സിന്‍ഡിക്കേറ്റിന്റെ അധികാരം സ്വയം കയ്യാളാനാണ് വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നതെന്നും സിന്‍ഡിക്കേറ്റ് യോഗവും സെനറ്റ് യോഗവും മാറ്റിവെച്ച് തികച്ചും ജനാധിപത്യ വിരുദ്ധമായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും യൂണിയന്‍ ആരോപിച്ചു. സെനറ്റിന്റെ കാലാവധി തീരാറായതിനാല്‍ പുതിയ സെനറ്റ് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് തന്നെ മാറ്റിവെച്ചുകൊണ്ട് വൈസ് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയതിന് സര്‍വീസില്‍നിന്നും പിരിച്ചുവിട്ട മുന്‍ രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് അപ്പലേറ്റ് ട്രിബ്യൂണല്‍ വിധിയിലൂടെ വീണ്ടും തല്‍സ്ഥാനത്ത് നിയമിക്കപ്പെട്ടതോടെ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരെ പകപോക്കല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. രജിസ്ട്രാര്‍ യൂണിയന്‍ അംഗങ്ങളെ കൂട്ടത്തോടെ സ്ഥലംമാറ്റുകയും യൂണിയന്‍ നേതാക്കളോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്യുന്നത് പതിവായി. ഇതില്‍ പ്രതിഷേധിച്ച്  സത്യാഗ്രഹം ആരംഭിച്ച യൂണിയന്‍ പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയുമാണ്.

കൂട്ട സ്ഥലം മാറ്റത്തിലും ജനാധിപത്യ വിരുദ്ധ ഭരണ നടപടികളിലും പ്രതിഷേധിച്ച് യൂണിയന്‍ നേതൃത്വത്തില്‍ കഴിഞ്ഞമാസം 28 മുതല്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്. പ്രശ്‌നത്തിന് സത്വര പരിഹാര നടപടികള്‍ ഉണ്ടാകാത്ത പക്ഷം ശക്തമായ സമര മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ വ്യ.ക്തമാക്കി. പത്രസമ്മേളനത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ് സദാനന്ദന്‍, പ്രസിഡന്റ് പി ഒമര്‍, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വിശ്വനാഥ് എന്നിവര്‍ സംബന്ധിച്ചു.


janayugom 020711

1 comment:

  1. യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ കോഴിക്കോട് സര്‍വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഒരു മാസക്കാലമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയാണ്.

    ReplyDelete