Tuesday, July 5, 2011
ബഹുജന താക്കീത്
കൃഷ്ണഗിരി: സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എക്ക് താക്കീതായി കൃഷ്ണഗിരിയില്‍ ഉജ്വല ബഹുജനമാര്‍ച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലും ധര്‍ണയിലും നൂറുകണക്കിനാളുകള്‍ അണിനിരന്നു. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും തയ്യാറാകാത്ത എം വി ശ്രേയാംസ്കുമാറിന്റെ ധിക്കാരത്തിനെതിരെ ശക്തമായ പ്രതിഷേധം മാര്‍ച്ചിലുടനീളം മുഴങ്ങി.
അര്‍ഹതയില്ലാത്ത പിതൃസ്വത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ജനങ്ങളെ കബളിപ്പിച്ച വീരേന്ദ്രകുമാറിന്റെയും ശ്രേയാംസ്കുമാറിന്റെയും പൊള്ളത്തരം വെളിച്ചെത്ത് കൊണ്ടുവരുന്നതായിരുന്നു ഹൈക്കോടതി വിധി. കൃഷ്ണഗിരിയില്‍ ദേശീയപാതയോരത്തെ 16.75 ഏക്കര്‍ ഭൂമിയടെ യഥാര്‍ഥ അവകാശം സര്‍ക്കാരിനാണെന്ന് നേരത്തെ കണ്ടെത്തിയവര്‍ക്കെതിരെ പരിഹാസത്തോടെയാണ് വീരനും പുത്രനും ഇതുവരെ പ്രസംഗിച്ചുനടന്നത്. കോടതി പറഞ്ഞാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് സാംസ്കാരിക നായകവേഷം ചുമക്കുന്ന വീരേന്ദ്രകുമാര്‍ വേദികള്‍ തോറും നടന്നു പ്രസംഗിച്ചു. എന്നാല്‍ ഭൂമി ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്നും പൊതുമുതല്‍ കൈവശംവെക്കുന്നത് ഒരു എംഎല്‍എക്ക് ചേര്‍ന്ന നടപടിയല്ലെന്നതടക്കമുള്ള ഹൈക്കോടതിയുടെ വിലയിരുത്തലോടെ കനത്ത തിരിച്ചടിയാണ് ശ്രേയാംസിനും വീരേന്ദ്രകുമാറിനും ലഭിച്ചത്. ഭൂമി വിട്ടുകൊടുക്കാന്‍ കോടതി നല്‍കിയ സമയ പരിധി പിന്നിട്ടിട്ടും വീണ്ടും നിയമക്കുരുക്കില്‍പെടുത്തി പ്രശ്നം നീട്ടികൊണ്ടുപോകാനാണ് ശ്രമം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇക്കാര്യത്തില്‍ ഇവരെ തുണച്ചില്ല. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ യാതൊരു തടസവുമില്ലെന്നിരിക്കെ കൈയേറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേത്.
സര്‍ക്കാരിന്റെയും എം വി ശ്രേയാംസ്കുമാറിന്റെയും ആദിവാസി വിരുദ്ധ മനോഭാത്തോട് രൂക്ഷമായ ഭാഷയിലാണ് സമരത്തില്‍ പങ്കെടുത്തവര്‍ മുദ്രാവക്യങ്ങളിലൂടെ പ്രതികരിച്ചത്. മീനങ്ങാടി ടൗണ്‍ കേന്ദ്രീകരിച്ചാണ് പ്രകടനം ആരംഭിച്ചത്. സമരത്തിന് പിന്തുണയുമായി എല്‍ഡിഎഫിലെ മുഴുവന്‍ സംഘടനകളും നിരവധി ആദിവാസി- വര്‍ഗബഹുജന സംഘടനകളും എത്തിയിരുന്നു. ആദിവാസി സ്ത്രികളടക്കം നൂറ് കണക്കിനാളുകള്‍ സമരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ മീനങ്ങാടിയിലെത്തി. മീനങ്ങാടി ടൗണിലെ പൊതുയോഗത്തിനുശേഷമാണ് പ്രകടനം ആരംഭിച്ചത്. സമരത്തെ അടിച്ചൊതുക്കാന്‍ മീനങ്ങാടിയിലുംകൃഷ്ണഗിരിയിലുംവന്‍ പൊലീസ് സന്നഹാമാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഒരുക്കിയത്. പുറമെ എസ്റ്റേറ്റിന് ചുറ്റും പൊലീസിനോപ്പം ശ്രേയാംസ്കുമാര്‍ നിരവധി ഗുണ്ടകളെയും ഒരുക്കിനിര്‍ത്തിയിരുന്നു.
എന്നാല്‍ ഇതിന് മുന്നില്‍ ചോരുന്നതല്ല തങ്ങളുടെ ആവേശമെന്ന് ആദിവാസികള്‍ തെളിയിച്ചു. ഭൂമികള്ളനായ എംഎല്‍എ അപമാനമാണെന്നും രാജിവെക്കണമെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ വിളിച്ചുപറഞ്ഞു. കിലോമീറ്ററുകള്‍ താണ്ടി മാര്‍ച്ച് കൃഷ്ണഗിരിയിലെത്തിയപ്പോള്‍ കല്‍പ്പറ്റ ഡിവൈഎസ്പി പി ഡി ശശിയുടെയും മീനങ്ങാടി സിഐ ആസാദിന്റെയും നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ നിരത്തി ദേശീയപാത അടച്ചിരുന്നു. പിനനീട് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സംയമനംകൊണ്ട് മാത്രമാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരുന്നത്.
ഇതിനിടെ പൊലീസിന്റെയും തൊഴിലാളികളെന്ന വ്യാജേന സമരക്കാരെ അക്രമിക്കാന്‍ ഒരുക്കി നിര്‍ത്തിയ ഗുണ്ടകളെയും അവഗണിച്ച് എകെഎസ് പ്രവര്‍ത്തകര്‍ എസ്റ്റേറ്റില്‍ പ്രവേശിക്കുകയും കൊടി നാട്ടുകയും ചെയ്തു. കൃഷ്ണഗിരിയിലെ 16.75 ഏക്കര്‍ ഭൂമി ആദിവാസികള്‍ പിടിച്ചെടുത്തതായ ബാനറും എസ്റ്റേറ്റില്‍ സ്ഥാപിച്ചാണ് സമരം അവസാനിച്ചത്. സമരത്തിന് വി കേശവന്‍ , ഇ എ ശങ്കരന്‍ , യശോധബാലകൃഷ്ണന്‍ , ടി മണി, സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരന്‍ , പി കുഞ്ഞിക്കണ്ണന്‍ , പി എസ് ജനാര്‍ദനന്‍ , എം വേലായുധന്‍ , ബത്തേരി ഏരിയാസെക്രട്ടറി കെ ശശാങ്കന്‍ , ജനതാദള്‍ ജില്ലാവൈസ്പ്രസിഡന്റ് സാജര്‍ പുത്തലത്ത്, സിപിഐ താലൂക്ക് സെക്രട്ടറി എസ് ജി സുകുമാരന്‍ , കെഎസ്കെടിയു ജില്ലാസെക്രട്ടറി സുരേഷ് താളൂര്‍ , കര്‍ഷകസംഘം ജില്ലാപ്രസിഡന്റ് സി കെ സഹദേവന്‍ , ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എം മധു, മഹിളാ അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് സി യു ഏലമ്മ, എസ്എഫ്ഐ ജില്ലാസെക്രട്ടറി സനു രാജപ്പന്‍ , എഐവൈഎഫ് താലൂക്ക് സെക്രട്ടറി മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിജയംവരെ സമരം തുടരും: എകെഎസ്
കല്‍പ്പറ്റ: കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിത ആദിവാസികള്‍ക്ക് വിതരണംചെയ്യുന്നതുവരെ സമരം തുടരുകതന്നെചെയ്യുമെന്ന് എകെഎസ് ജില്ലാ പ്രസിഡന്റ് സീതാബാലനും സെക്രട്ടറി പി വാസുദേവനും പ്രസ്താവനയില്‍ പറഞ്ഞു. കോടതി പറഞ്ഞിട്ടുപോലും അംഗീകരിക്കാതെ കൈയേറ്റക്കാരന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഭൂമിയില്‍ സ്ഥാപിച്ച കൊടിയും ബാനറും നീക്കിയ പൊലീസിന്റെയും സബ്കലക്ടറുടെയും നടപടിയും പ്രതിഷേധാര്‍ഹമാണ്.
തിങ്കളാഴ്ച കൃഷ്ണഗിരിയിലെ ഭൂമിയിലേക്കുനടന്ന മാര്‍ച്ച് വിജയിപ്പിച്ച വര്‍ഗ ബഹുജനസംഘടനാ പ്രവര്‍ത്തകരേയും എല്‍ഡിഎഫ് നേതാക്കളെയും എകെഎസ് ജില്ലാകമ്മിറ്റി അഭിവാദ്യംചെയ്യുന്നു. എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ആദിവാസി മഹാസഭ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ സമരത്തോടൊപ്പം ചേര്‍ന്നത് ആവേശകരമാണ്. ഇത് നീതിക്കുവേണ്ടിയുള്ള സമരമാണ്. മാധ്യമസ്വാധീനവും പണസ്വാധീനവും അധികാരവും ഉപയോഗിച്ച് എന്തുംചെയ്യാമെന്നു കരുതുന്നവര്‍ക്ക് കനത്ത മറുപടിയായി മാറി ബഹുജനമാര്‍ച്ച്. പാവപ്പെട്ട ആദിവാസികള്‍ ഭൂമിയില്ലാതെ അലയുമ്പോഴാണ് ഒരാള്‍ ഇത്തരം നെിറകെട്ട പ്രവര്‍ത്തനം നടത്തുന്നത്. ഇതിന് കൂട്ടുനില്‍ക്കാന്‍ സമൂഹത്തിലെ ഒരാള്‍ക്കും സാധിക്കില്ല. എന്നിട്ടും യുഡിഎഫ് പ്രത്യക്ഷത്തില്‍ കൈയേറ്റക്കാരനൊപ്പം നില്‍ക്കുകയാണ്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരത്തില്‍ ഒപ്പംചേരാന്‍ അവരോടും അഭ്യര്‍ഥിക്കുന്നതായി എകെഎസ് നേതാക്കള്‍ പറഞ്ഞു. കൃഷ്ണഗിരിയിലെ ഭൂമി ഏറ്റെടുക്കാനുള്ള നടപടി തുടങ്ങിയതായി കലക്ടര്‍ വാക്കാല്‍ പറഞ്ഞാല്‍പോര. അത് നടപടികളിലൂടെ സര്‍ക്കാര്‍ തെളിയിക്കണം. അല്ലാതെ മുന്‍കാലങ്ങളില്‍ ആദിവാസികളെ പറഞ്ഞുപറ്റിച്ചതുപോലെ ഇനിയും കബളിപ്പിക്കാനാവില്ല.
അതേസമയം റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് നിയമജ്ഞരുമായി ആലോചിക്കണമെന്നാണ്. മൂന്നാറില്‍ കൈയേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ സമയപരിധി നിശ്ചയിച്ച മന്ത്രി വയനാട്ടില്‍ സ്വന്തം മുന്നണിയിലെ എംഎല്‍എ ഭൂമി കൈയേറിയതായി കോടതി തന്നെ പറഞ്ഞിട്ടും അംഗീകരിക്കാന്‍ തയ്യാറാകാതെ ഇനിയും ആലോചിക്കണമെന്ന് പറയുന്നത് കോടതിയെ വെല്ലുവിളിക്കലാണ്. കൃഷ്ണഗിരിയിലെ ഭൂമിയുടെ ഉടമസ്ഥത ആദിവാസികളില്‍ വന്നുചേരുന്നതുവരെ സമരം തുടരും- എകെഎസ് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാരും പൊലീസും കോടതിയെ വെല്ലുവിളിക്കുന്നു
കൃഷ്ണഗിരി: കോടതി വിധി നടപ്പാക്കേണ്ട പൊലീസും സര്‍ക്കാരും കോടതിയെ വെല്ലുവിളിക്കുകയാണെന്ന് എകെഎസ് സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ പറഞ്ഞു. അവകാശം തെളിയിക്കാന്‍ നികുതിശീട്ടുപോലും ശ്രേയാംസിന് ഇല്ല. എന്നിട്ടും കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്ന സമീപനം അവസാനിപ്പിച്ചേ ഒക്കൂ. പലതരം കളവുകളും നാട്ടില്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭൂമി കളവിനെക്കുറിച്ച് കേള്‍ക്കുന്നത് ഇപ്പോഴാണ്. ഭൂമി കള്ളാ എന്ന് വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. കോടതി വിമര്‍ശിച്ചത് കോടതി ഭാഷയിലാണ്. അന്തസ്സില്ലാത്ത പ്രവൃത്തി എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതിന് അര്‍ഥം വേറെയാണ്. പാവപ്പെട്ട ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരം തുടരുകതന്നെചെയ്യുമെന്നും കെ സി കുഞ്ഞിരാമന്‍ പറഞ്ഞു. അഴിമതി നടത്തിയതിന് കേന്ദ്രമന്ത്രിയായിരുന്ന എ രാജയും കനിമൊഴിയും എംപിയും ജയിലിലാണ്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി അതിലെ സ്വത്തുക്കള്‍ കൈപ്പിടയിലൊതുക്കിയതിന് ശ്രേയാംസിനും ജയിലില്‍ ഉണ്ട കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ സി കുഞ്ഞിരാമന്‍ പറഞ്ഞു.
ആദിവാസികളുടേത് ധര്‍മ സമരം: പി എ
മീനങ്ങാടി: കോടീശ്വരനും ഭൂപ്രഭുവുമായ ഒരാള്‍ പാവങ്ങള്‍ക്കകവകാശപ്പെട്ട ഭൂമി കൈയടക്കുന്നതിനെതിരെയുള്ള ധര്‍മസമരമാണ് ആദിവാസികള്‍ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ് പറഞ്ഞു. കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന കൃഷ്ണഗിരിയിലെ ഭൂമിയിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച് മീനങ്ങാടിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രേയാംസ്കുമാറിന് പൈതൃകമായി ലഭിച്ചതാണ് ഭൂമിയെന്ന അവകാശവാദം ശരിയാണ്. എന്നാല്‍ കള്ളവസ്തു എത്രവര്‍ഷം കഴിഞ്ഞാലും കള്ളവസ്തുതന്നെയാണ്. ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍ പുഞ്ചശീട്ടില്‍ 11 മാസത്തേക്ക് പലര്‍ക്കും ഭൂമി നല്‍കിയിട്ടുണ്ട്. അത് ഭക്ഷ്യവിളകളുടെ ഉല്‍പാദനത്തിനുവേണ്ടി നല്‍കിയ ഭൂമി ഓരോവര്‍ഷവും പുതുക്കണം. എന്നാല്‍ അത് ഒരിക്കലും സ്വന്തമല്ല. ഭക്ഷ്യവിള ഉല്‍പാദനത്തിനുവേണ്ടിയുള്ള ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനും അനുവാദമില്ല. ഇവിടെയിപ്പോള്‍ കാപ്പിത്തോട്ടമാണ്. ഭൂപരിഷ്കരണനിയമം വന്നതോടെ ഭൂമി പൂര്‍ണാമയും സര്‍ക്കാരിന് അവകാശപ്പെട്ടതായി. എല്‍ഡിഎഫില്‍ വിഷയം വന്നപ്പോള്‍ കോടതി പറഞ്ഞാല്‍ വിടുകൊടുക്കുമെന്ന് അവര്‍ പറഞ്ഞതാണ്. ഇപ്പോള്‍ കോടതി പറഞ്ഞിട്ടും വിട്ടുകൊടുക്കാതിരിക്കുന്നത് സാമാന്യ മര്യാദയല്ല. കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. എന്നിട്ടും വീണ്ടും അടുത്ത കോടതിതേടിപ്പോകുന്നത് നീതിയല്ല. സാധാരണക്കാരനെതിരെയായിരുന്നു കോടതി വിധിയെങ്കില്‍ ആമീനും വില്ലേജ് ഓഫീസറും മറ്റുമായി എത്രതവണ വീടുകയറിയിറങ്ങും എന്ന് നമുക്കറിയാം. എന്നാല്‍ ഇവിടെ കൈയേറ്റക്കാരന് പൊലീസ് കൂട്ടുനില്‍ക്കുകയാണ്- പി എ മുഹമ്മദ് പറഞ്ഞു.
കൊടി കെട്ടിയവരെ മര്‍ദിച്ചു
കൃഷ്ണഗിരി: സര്‍ക്കാര്‍ ഭൂമിയില്‍ കൊടി കെട്ടിയ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരെ മര്‍ദിച്ചു. വേങ്ങൂര്‍ കോളനിയിലെ പണിക്കന്‍ (40), പാതിരിപ്പാലം കോളനിയിലെ പുലയന്‍ (50) എന്നിവരെയാണ് ശ്രേയാംസ്കുമാര്‍ കൈവശംവെക്കുന്ന തോട്ടത്തിലെ ജീവനക്കാര്‍ മര്‍ദിച്ചത്. പരിക്കേറ്റ ഇരുവരേയും മീനങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷ്ണഗിരിയിലെ ഭൂമിയില്‍ സമരത്തിനിടെ ആദിവാസികള്‍ കയറി ആദിവാസികള്‍ പിടിച്ചെടുത്തു എന്ന ബാനര്‍ കെട്ടുകയും കൊടി സ്ഥാപിക്കുകയുംചെയ്തിരുന്നു. കൊടി കെട്ടിയവരെ നോക്കിവെച്ച തോട്ടത്തിലുള്ളവര്‍ സമരം കഴിഞ്ഞതിനുശേഷം വൈകിട്ട് മൂന്നോടെയാണ് സംഘടിതമായി ഇരുവരേയും ആക്രമിച്ചത്. പ്രകാശന്‍ , മോഹനന്‍ , പുരുഷു, കാസിം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
കൃഷ്ണഗിരിയിലേക്കുള്ള മാര്‍ച്ച് തടയാന്‍ പുറത്തുള്ള പൊലീസിനേക്കാളേറെ ഗുണ്ടകളെ തോട്ടത്തിനകത്ത് സജ്ജരാക്കിയിരുന്നു. സോഷ്യലിസിറ്റ് ജനത ജില്ലാ പ്രസിഡന്റ് കെ കെ ഹംസയും സ്ഥലത്തുണ്ടായിരുന്നു. മറ്റ് സ്ഥലങ്ങളിലുള്ളവരെയാണ് തോട്ടത്തിനകത്ത് കേന്ദ്രീകരിപ്പിച്ചിരുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ കൊടി കെട്ടിയതിന് ആദിവാസികളെ മര്‍ദിച്ചതില്‍ എകെഎസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ ഭൂമിയില്‍ കയറി കൈയൂക്ക് കാണിക്കുന്നവരെ നിലക്കുനിര്‍ത്താന്‍ പൊലീസ് തയ്യാറാകണമെന്നും എകെഎസ് ആവശ്യപ്പെട്ടു.
deshabhimani 050711
Labels:
രാഷ്ട്രീയം,
വയനാട്,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)


സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എക്ക് താക്കീതായി കൃഷ്ണഗിരിയില്‍ ഉജ്വല ബഹുജനമാര്‍ച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലും ധര്‍ണയിലും നൂറുകണക്കിനാളുകള്‍ അണിനിരന്നു. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും തയ്യാറാകാത്ത എം വി ശ്രേയാംസ്കുമാറിന്റെ ധിക്കാരത്തിനെതിരെ ശക്തമായ പ്രതിഷേധം മാര്‍ച്ചിലുടനീളം മുഴങ്ങി.
ReplyDeleteവയനാട് ജില്ലയിലെ കൃഷ്ണഗിരി എസ്റ്റേറ്റില്‍ അനധികൃതമായി കൈവശംവച്ച ഭൂമി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന എം വി ശ്രേയാംസ്കുമാറിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വീണ്ടും നിരസിച്ചു. കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി കമ്പലക്കാട് കോഴിത്തല കോളനിയിലെ ആദിവാസിയായ പി പി വാസു ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചു. ഭൂരഹിതരായ താനടക്കമുള്ള ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാകാത്തത് ശ്രേയാംസ്കുമാറിനെപ്പോലെയുള്ളവര്‍ ഭൂമി അനധികൃതമായി കൈവശംവച്ചതിനാലാണെന്ന് വാസുവിന്റെ ഉപഹര്‍ജിയില്‍ ആരോപിക്കുന്നു. അനധികൃത കൈവശഭൂമി ഏറ്റെടുക്കാന്‍ സുപ്രീം കോടതി എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും മറ്റൊരു കേസില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 50 ഏക്കറിലധികം ഭൂമി ശ്രേയാംസ്കുമാറിനും ബന്ധുക്കള്‍ക്കും കൈവശമുണ്ടെന്നും ഭൂമി പതിച്ചു ലഭിക്കാന്‍ ശ്രേയാംസ്കുമാറിന് അവകാശമില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ വിശദീകരിച്ചു. സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനമുള്ളവര്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി കൈയേറി അനധികൃതമായി കൈവശംവച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.
ReplyDelete