Wednesday, July 6, 2011

കസേര മാറ്റി തള്ളിയിട്ടു; പഞ്ചായത്ത് അംഗത്തെ ജാതിപറഞ്ഞ് അധിക്ഷേപിച്ചു

വിളപ്പില്‍ : അരുവിക്കര പഞ്ചായത്തില്‍ സംവരണ വാര്‍ഡിലെ അംഗത്തിനുനേരെ കൈയേറ്റവും ജാതിപറഞ്ഞ് അധിക്ഷേപവും. 20 വാര്‍ഡുള്ള അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ എസ്സി സംവരണ വാര്‍ഡിലെ അംഗവും സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബി രാഘവനെയാണ് ഭരണസമിതി യോഗത്തില്‍ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്. സംഭവത്തില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രതിഷേധസമരം നടത്തി.

ഇ എം എസ് ഭവനപദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു സംഭവം. അഭിപ്രായം പറയാന്‍ എണീറ്റ രാഘവന്റെ കസേര പാണ്ടിയോട് വാര്‍ഡ് അംഗം ആലുംമൂട് വിജയന്‍ പുറകിലേക്ക് എടുത്തുമാറ്റി. ഇതറിയാതെ ഇരിക്കാനൊരുങ്ങിയ രാഘവന്‍ വീഴുകയും ശരീരത്തില്‍ ക്ഷതമേല്‍ക്കുകയുംചെയ്തു. വീണയുടനെ ആലുംമൂട് വിജയന്‍ "നിന്റെ സ്ഥാനം തറയിലാണ" എന്നും "പുലയന്മാര്‍ തറയില്‍ ഇരുന്നാല്‍ മതി" എന്നും മറ്റ് അംഗങ്ങളുടെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും മുന്നില്‍വച്ച് അധിക്ഷേപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ എല്‍ഡിഎഫ് ജനപ്രതിനിധികള്‍ ധര്‍ണ നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എസ് സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. രാഘവനെ ശാരീരികമായും മാനസികമായും പരിക്കേല്‍പ്പിച്ചതിന് പൊലീസ് ശക്തമായ കേസെടുക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.

deshabhimani 060711

3 comments:

  1. അരുവിക്കര പഞ്ചായത്തില്‍ സംവരണ വാര്‍ഡിലെ അംഗത്തിനുനേരെ കൈയേറ്റവും ജാതിപറഞ്ഞ് അധിക്ഷേപവും. 20 വാര്‍ഡുള്ള അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ എസ്സി സംവരണ വാര്‍ഡിലെ അംഗവും സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബി രാഘവനെയാണ് ഭരണസമിതി യോഗത്തില്‍ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്. സംഭവത്തില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രതിഷേധസമരം നടത്തി.

    ReplyDelete
  2. പുരോഗമന പ്രസ്ഥാനങ്ങള്‍ വോട്ടിനുവേണ്ടി ജാതിമത നേതാക്കളുടെ അനുഗ്രഹം തേടി നടന്നപ്പോള്‍ സവര്‍ണ്ണത വളരുകയും മാനവികതക്ക് മൂല്യം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.
    തൊട്ടുമുകളിലുള്ള ജാതിക്കാരന് താഴെയുള്ള മനുഷ്യനെ അപമാനിക്കാമെന്ന് പൊതുബോധം ശക്തിപ്പെടാന്‍
    ഇത് ഇടയാക്കിയിരിക്കുന്നു.

    ഇതുപോലെ സത്യസന്ധത കാണിക്കുക.
    സവര്‍ണ്ണ മൂല്യങ്ങളേയും, ബ്രാഹ്മണ്യത്തേയും തള്ളിപ്പറയുക എന്നതാണു പരിഹാരം.
    അപമാനിച്ചവന്‍ പിന്നോക്ക ജാതിക്കരനയിരുന്നു എന്നൊന്നും ന്യയം പറയല്ലേ :) ജാതിയുടെ പേരില്‍ അപമാനിക്കാം എന്ന ബോധം ഏതു ജാതിക്കാരന്‍ പ്രകടിപ്പിച്ചാലും അത് ജാതിയത അഥവ സവര്‍ണ്ണതയുടെ ഭാഗമാണ്. മരുന്ന് സവര്‍ണ്ണതയുടെ അംഗീകാരവും മഹത്വവും സമൂഹത്തിന്റെ പൊതു ബോധത്തില്‍ നിന്നും സാംസ്ക്കാരികമായി എടുത്തുകളയുകയും,വ്യക്തിബഹുമാനത്തിലധിഷ്ഠിതമായ മാനവിക ബോധത്തെ തത്സ്ഥാനത്ത് അവരോധിക്കലുമാണ്.

    ReplyDelete
  3. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ വോട്ട് എന്നത് അസ്പൃശ്യവസ്തുവല്ല. ആരു വോട്ട് ചോദിച്ചാലും അതിനെയൊക്കെ അനുഗ്രഹം ചോദിച്ചു എന്ന കള്ളിയിലാക്കി തള്ളുന്നത് യഥാര്‍ത്ഥത്തില്‍ ജാതിമതശക്തികളെ പ്രീണിപ്പിക്കുന്നവരെ രക്ഷിക്കാനെ ഉതകൂ. അതാരാണെന്ന് വ്യക്തമായിത്തന്നെ എപ്പോഴും പറയേണ്ടതുണ്ട്. എല്ലാവരെയും ഒരേ കള്ളിയിലാക്കുന്നത് ആരെ സഹായിക്കും? പൊതുബോധത്തില്‍ നിന്നും സാംസ്കാരികമായി എടുത്ത് കളയുക, മാനവികബോധത്തെ അവരോധിക്കുക എന്നതൊക്കെ നമുക്ക് വെറുതെ പറയാവുന്ന വാചകങ്ങലല്ലേ? അതിനായി എന്ത് ചെയ്യുന്നു എന്ന ചോദ്യം വരുമ്പോഴോ? ഇക്കാര്യത്തില്‍ ഇടതുപക്ഷം വലതുപക്ഷത്തില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നുവെന്ന് ചിത്രകാരന്‍ കരുതുന്നുവെങ്കില്‍ അവരെ പിന്തുണക്കാനും ശക്തിപ്പെടുത്താനും ചിത്രകാരനും ബാധ്യതയുണ്ട്. എല്ലാം കണക്കാണെന്ന വാദം എപ്പൊഴും സഹായിക്കുക “ചീത്തക്കുട്ടി“കളെ ആയിരിക്കും.

    ReplyDelete