Monday, July 4, 2011

ശ്രേയാംസിന്റെ അനധികൃത ഭൂമി ജനങ്ങള്‍ ഇന്നു പിടിച്ചെടുക്കും

കല്‍പറ്റ: കോടതിവിധി പോലും മാനിക്കാതെ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവയ്ക്കുന്ന കൃഷ്ണഗിരി വില്ലേജിലെ 16.75 ഏക്കര്‍ സര്‍ക്കാര്‍ഭൂമി തിങ്കളാഴ്ച ആയിരക്കണക്കിന് ബഹുജനങ്ങള്‍ മാര്‍ച്ച് നടത്തി പിടിച്ചെടുക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്യും. ആദിവാസി ക്ഷേമസമിതി സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ അണിനിരക്കും. രാവിലെ പത്തിന് മീനങ്ങാടിയില്‍നിന്ന് മാര്‍ച്ച് തുടങ്ങും.

കൃഷ്ണഗിരിയിലെ ഭൂമി പതിച്ചുനല്‍കണമെന്ന ശ്രേയാംസിന്റെ അപേക്ഷ ജൂണ്‍ ഒന്നിന് ഹൈക്കോടതി തള്ളിയിരുന്നു. മാത്രമല്ല മുപ്പത് ദിവസത്തിനകം ഭൂമി വിട്ടൊഴിയണമെന്നും ഇല്ലെങ്കില്‍ മൂന്നുമാസത്തിനകം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ബെഞ്ചില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശ്രേയാംസിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തയ്യാറായെങ്കിലും സിംഗിള്‍ബെഞ്ച് വിധി സ്റ്റേചെയ്യാന്‍ കൂട്ടാക്കിയില്ല. ജൂണ്‍ 30 കഴിഞ്ഞിട്ടും സ്ഥലം വിട്ടുകൊടുക്കാന്‍ ശ്രേയാംസ് തയ്യാറാകാതിരിക്കുകയും സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൃഷ്ണഗിരിയിലെ ഭൂമി പിടിച്ചെടുക്കുമെന്ന് എകെഎസ് പ്രഖ്യാപിച്ചത്. ഈ ആവശ്യമുന്നയിച്ച് ഇക്കഴിഞ്ഞ 27ന് ആദിവാസി ക്ഷേമസമിതി ഭാരവാഹികള്‍ കലക്ടറേറ്റിനുമുന്നില്‍ സത്യഗ്രഹവും നടത്തിയിരുന്നു.

കൃഷ്ണഗിരിയിലെ ഭൂമി സര്‍ക്കാരിന്റേതാണെന്ന് എല്ലാരേഖകളും വ്യക്തമാക്കുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വ്യവഹാരക്കുരുക്കിലൂടെ പ്രശ്നം നീട്ടിക്കൊണ്ടുപോകാനാണ് ശ്രേയാംസ്കുമാര്‍ ശ്രമിക്കുന്നത്. കര്‍ഷകത്തൊഴിലാളികള്‍ , യുവജനങ്ങള്‍ , തൊഴിലാളികള്‍ തുടങ്ങിയവരും ആദിവാസികള്‍ക്കൊപ്പം സമരത്തില്‍ അണിനിരക്കും. എല്‍ഡിഎഫ് നേതാക്കളും ആദിവാസി ക്ഷേമസമിതി ജില്ലാ-സംസ്ഥാന നേതാക്കളും സംസാരിക്കും.

deshabhimani 040711

2 comments:

  1. കോടതിവിധി പോലും മാനിക്കാതെ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവയ്ക്കുന്ന കൃഷ്ണഗിരി വില്ലേജിലെ 16.75 ഏക്കര്‍ സര്‍ക്കാര്‍ഭൂമി തിങ്കളാഴ്ച ആയിരക്കണക്കിന് ബഹുജനങ്ങള്‍ മാര്‍ച്ച് നടത്തി പിടിച്ചെടുക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്യും. ആദിവാസി ക്ഷേമസമിതി സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ അണിനിരക്കും. രാവിലെ പത്തിന് മീനങ്ങാടിയില്‍നിന്ന് മാര്‍ച്ച് തുടങ്ങും.

    ReplyDelete
  2. അഭിവാദ്യങ്ങള്‍ !!!

    ReplyDelete