എസ്എഫ്ഐക്കാര്‍ക്കുനേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം
കോട്ടയം: പുതുപ്പള്ളി എസ്എംഇയിലെ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. യൂണിയന്‍ ചെയര്‍മാനടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബിഫാം രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയന്‍ ചെയര്‍മാനുമായ പി മഹേഷ്, മാഗസിന്‍ എഡിറ്റര്‍ അഭിഷേക്രാജ്, പി എ അന്‍ഷാദ്, ബിഫാം ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ എന്‍ എസ് അനു, ജോമിന്‍ ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അഭിഷേക്രാജിനെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8.15 നായിരുന്നു സംഭവം. അഞ്ചുപേരും കോളേജിന് സമീപം വാടകവീട്ടില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ മാരകായുധങ്ങളുമായെത്തിയ ഇരുപത്തിയഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. മൂന്നുകാറുകളിലും അഞ്ച് ബൈക്കുകളിലുമെത്തിയ സംഘം കമ്പിവടിയും സൈക്കിള്‍ചെയിനും വിറക് കഷണവുമൊക്കെ ഉപയോഗിച്ചാണ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയ്സണിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു. ഫ്ളൈയിങ് സ്ക്വാഡിന്റെ വാഹനത്തിലാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കെഎസ്യു-എംഎസ്എഫ് അക്രമം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കൂറ്റനാട്: കെഎസ്യു-എംഎസ്എഫ് ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറങ്ങാടി മൈനോറിറ്റി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് കെഎസ്യു-എംഎസ്എഫുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും ബിബിഎ വിദ്യാര്‍ഥിയുമായ റിയാസ്, എസ്എഫ്ഐ യൂണിറ്റ്കമ്മിറ്റി അംഗവും ബികോംവിദ്യാര്‍ഥിയുമായ ഷഹീര്‍ എന്നിവര്‍ക്കാണ് പരിക്ക്. കോളേജില്‍ എസ്എഫ്ഐ പ്രചാരണബോര്‍ഡുകള്‍ എംഎസ്എഫ്-കെഎസ്യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത്. പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ കൂറ്റനാട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ എസ്എഫ്ഐ തൃത്താല ഏരിയ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ - പൊലീസ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം: എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിന് നേരെ യൂത്ത് കോണ്‍ഗ്രസും പൊലീസും നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ രാജേഷ്, സംസ്ഥാനകമ്മിറ്റിയംഗം വി ആര്‍ രാജേഷ്, കോട്ടയം ബ്ലോക്ക് പ്രസിഡന്റ് സി ടി രാജേഷ്, കോടിമത മേഖലാ സെക്രട്ടറി എ എസ് പ്രശാന്ത് എന്നിവരുള്‍പ്പെടെ നിരവധിപേര്‍ക്ക് കല്ലേറിലും മര്‍ദനത്തിലും പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപനമൊന്നുമില്ലാതെ ഡിവൈഎഫ്ഐയുടെ യോഗസ്ഥലത്തേക്ക് കല്ലെറിയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പ്രവര്‍ത്തകരെയാണ് മര്‍ദിച്ചത്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസും കൂട്ടുചേര്‍ന്നതോടെ നഗരഹൃദയം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കുരുതിക്കളമായി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞു. സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ്, പി ജെ വര്‍ഗീസ്, എം കെ പ്രഭാകരന്‍ , എം എസ് സാനു എന്നിവര്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ രാജേഷ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍ , ജില്ലാകമ്മിറ്റിയംഗങ്ങളായ പി ജെ വര്‍ഗീസ്, അഡ്വ. കെ അനില്‍കുമാര്‍ , അഡ്വ. റെജി സക്കറിയ ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം വി ആര്‍ രാജേഷ്, ജില്ലാസെക്രട്ടറിയറ്റംഗം മോഹന്‍കുമാര്‍ , ജില്ലാകമ്മിറ്റിയംഗങ്ങളായ ടി എം സുരേഷ്, ബെന്നി കോട്ടയം ബ്ലോക്ക് പ്രസിഡന്റ് സി ടി രാജേഷ്, സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍ തോമസ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 020711
പുതുപ്പള്ളി എസ്എംഇയിലെ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. യൂണിയന്‍ ചെയര്‍മാനടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു
ReplyDelete