Saturday, July 2, 2011

കൈപ്പത്തി വെട്ടലിന് ഒരാണ്ട്; ജീവിതം തിരികെപ്പിടിക്കാന്‍ ജോസഫ്

മൂവാറ്റുപുഴ: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് ഒരാണ്ട് തികയുന്നു. ശരീരത്തിനേറ്റ ആഘാതത്തിന് ചികിത്സ തുടരുമ്പോഴും മനോബലത്താല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ് ഈ അധ്യാപകന്‍ .

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് 2010 ജൂലൈ നാലിനാണ്. ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ക്രൂരമായി ആക്രമിച്ചത്. തന്നെ ആക്രമിച്ചവരോട് പരിഭവമോ പകയോ ഇല്ലാതെ മൂവാറ്റുപുഴയിലെ തെങ്ങനാക്കുന്നേല്‍ വീട്ടില്‍ ഫിസിയോതെറാപ്പിയിലും വീട്ടുകാര്യങ്ങളിലും മുഴുകുകയാണ് ജോസഫ്. തുന്നിച്ചേര്‍ത്ത വലതുകൈയുടെ ചലനം തിരിച്ചുകിട്ടാന്‍ മനസ്സും ശരീരവും വേദനകൊണ്ട നാളുകള്‍ ഈ അധ്യാപകന് മറക്കാനാവില്ല. ഇടതുകൈകൊണ്ട് എഴുതാനുള്ള പരിശീലനം തുടരുകയാണ്. എഴുത്തിലും വായനയിലും കൂടുതല്‍ ശ്രദ്ധിക്കുന്ന ഇദ്ദേഹം ആഴ്ചയില്‍ ഒരുദിവസം അനാഥമന്ദിരത്തിലെ കുട്ടികള്‍ക്ക് സൗജന്യ ട്യൂഷനെടുക്കുന്നു. ഒരുവര്‍ഷം നീണ്ട പ്രയത്നത്തിലൂടെ എഴുന്നേറ്റു നടക്കാന്‍ സാധിച്ച ജോസഫ് സ്വന്തം കാറോടിച്ചാണു പോകുന്നത്. കാലുകള്‍ക്കും ശരീരത്തിനുമേറ്റ പരിക്കിന് വിദഗ്ധ ചികിത്സയിലാണിപ്പോഴും.

മനസ്സും ശരീരവും തളരാതെ മുന്നോട്ടുപോകാന്‍ ഏറെ സഹായിച്ചത് നാട്ടുകാരാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ബന്ധുക്കളും ആശ്വാസവുമായി എത്തുന്നുണ്ട്. സംഭവത്തിനുശേഷം ജോലിയില്‍നിന്നു പിരിച്ചുവിട്ട നടപടി പിന്‍വലിച്ച് തിരിച്ചെടുക്കുമെന്ന വിശ്വാസത്തിലാണ് ജോസഫ്. തന്റെ അനുഭവവും പഠനവും സംബന്ധിച്ച് ഒരു പുസ്തകം രചിക്കാനുള്ള ഒരുക്കത്തിലുമാണ്.

deshabhimani 020711

4 comments:

  1. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് ഒരാണ്ട് തികയുന്നു. ശരീരത്തിനേറ്റ ആഘാതത്തിന് ചികിത്സ തുടരുമ്പോഴും മനോബലത്താല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ് ഈ അധ്യാപകന്‍ .

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. << തന്റെ അനുഭവവും പഠനവും സംബന്ധിച്ച് ഒരു പുസ്തകം രചിക്കാനുള്ള ഒരുക്കത്തിലാണ്. >>

    പുതിയ പൊത്തകം മനുഷ്യരെ തമ്മിലടിപ്പിക്കുന്ന മാരകവിഷം കുത്തിനിറച്ചതാവാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

    ReplyDelete
  4. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ: ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തൊടുപുഴ സ്വദേശി തമര്‍ അഷ്റഫിനെയാണ് എന്‍ഐഎ നിര്‍ദേശ പ്രകാരം പൊലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച പ്രതിയെ വ്യാഴാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതികളായി ആറ് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരുടെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തുവിട്ടിരുന്നു. കേസിലെ 37ാം പ്രതിയാണ് പിടിയിലായ തമര്‍ അഷ്റഫ്. സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരനായ അഷ്റഫാണ് മറ്റ് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നത്.

    ReplyDelete