Sunday, July 3, 2011

ലോക്പാല്‍ : കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സര്‍വകക്ഷിയോഗത്തില്‍ കരട് അവതരിപ്പിക്കണം: കാരാട്ട്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ തയ്യാറാക്കിയ ലോക്പാല്‍ ബില്ലിന്റെ കരട് സര്‍വകക്ഷി യോഗത്തില്‍ അവതരിപ്പിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ലോക്പാല്‍ ബില്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ സിപിഐ എമ്മിന് പല അഭിപ്രായമുണ്ട്. അവയെല്ലാം വ്യക്തമാക്കണമെങ്കില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ബില്‍ എങ്ങനെയെന്ന് മനസ്സിലാക്കണം. പൗരസമൂഹ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് അഞ്ചു മന്ത്രിമാര്‍ തയ്യാറാക്കിയ കരടിനെ സര്‍ക്കാരിന്റെ കരടായി കാണാനാകില്ലെന്ന് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ പങ്കെടുക്കും. സര്‍ക്കാരിനോട് കരട് ബില്‍ ആദ്യം ആവശ്യപ്പെടും. അതിനുശേഷമേ വിശദമായി പ്രതികരിക്കാന്‍ കഴിയൂ. എല്ലാ പ്രതിപക്ഷ പാര്‍ടികളും കരട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. ലോക്പാലിനെ നീക്കാനുള്ള അധികാരം സര്‍ക്കാരിനാകരുതെന്ന് കാരാട്ട് നിര്‍ദേശിച്ചു. സര്‍ക്കാരിനെതിരായ അഴിമതി അന്വേഷിക്കാന്‍ ലോക്പാലിന് അധികാരം നല്‍കുകയും അതേസമയം ലോക്പാലിനെ നീക്കാന്‍ സര്‍ക്കാരിന് അധികാരം കൊടുക്കുകയും ചെയ്യുന്നത് സമിതിയെ നിര്‍ജീവമാക്കും. ലോക്പാല്‍ സമിതി സ്വതന്ത്രവും സ്വയംഭരണാവകാശമുള്ളതുമാകണം. നിയമനിര്‍മാണസഭകളോടും നീതിന്യായവ്യവസ്ഥയോടും യോജിച്ചുപോകുന്ന വിധത്തിലാകണം പ്രവര്‍ത്തനം. അന്വേഷണത്തിനും പ്രോസിക്യൂഷനുമുള്ള അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുണ്ടാകണം.

മുന്‍ സര്‍ക്കാരുകള്‍ അവതരിപ്പിച്ച കരട് ലോക്പാല്‍ ബില്ലുകളിലെല്ലാം പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തിയിരുന്നു. അന്ന് കോണ്‍ഗ്രസ് ഈ നിലപാടിനെ പിന്തുണച്ചതാണ്. എന്നാല്‍ , അധികാരത്തിലെത്തുമ്പോള്‍ നിലപാട് മാറ്റുകയാണ്. ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രികൂടി ഉള്‍പ്പെടണമെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. കാര്യക്ഷമമായ ലോക്പാല്‍ നിയമമാണ് വേണ്ടത്. സര്‍ക്കാരിലെ അഴിമതി രൂക്ഷമായ സാഹചര്യത്തിലാണ് ലോക്പാലെന്ന ആവശ്യം വീണ്ടും സജീവമായത്. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ത്തന്നെ ബില്‍ കൊണ്ടുവരണം- കാരാട്ട് ആവശ്യപ്പെട്ടു.

ലോക്പാല്‍ : കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിനെക്കുറിച്ച് വിവിധ കക്ഷികളുടെ നിലപാട് പുറത്തുവന്നതോടെ വെട്ടിലായത് കോണ്‍ഗ്രസ്. രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായമറിയാന്‍ ഞായറാഴ്ച സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അഞ്ചു മന്ത്രിമാര്‍ ചേര്‍ന്നുണ്ടാക്കിയ കരടും പൗരസമൂഹം ജന്‍ലോക്പാല്‍ എന്നപേരില്‍ ഉണ്ടാക്കിയ മറ്റൊരു കരടുമാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കരടുബില്‍ ഏതെന്ന് ഇനിയും വ്യക്തമല്ല. രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ പ്രശ്നമാകാന്‍ പോകുന്നതും ഇതായിരിക്കും. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ അഴിമതി ഇല്ലാതാക്കാന്‍ ശക്തമായ സംവിധാനം വേണമെന്ന് ഓരോ പൗരനും ആവശ്യപ്പെടുമ്പോള്‍ അതിനു വിരുദ്ധമായി നില്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രം. ലോക്പാല്‍ കരടുബില്ലിന്റെ ചര്‍ച്ചയിലുടനീളം അഴിമതിക്കാരെ രക്ഷപ്പെടുത്താനുള്ള പഴുതുണ്ടാക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

അഞ്ചു മന്ത്രിമാര്‍ ചേര്‍ന്നുണ്ടാക്കിയ കരടിനെ സര്‍ക്കാരിന്റെ കരടുബില്ലായി പ്രതിപക്ഷ പാര്‍ടികളും യുപിഎ കക്ഷികളും അംഗീകരിക്കുന്നില്ല. പൗരസമൂഹം മുന്നോട്ടുവയ്ക്കുന്ന ബില്‍ അതേപടി അംഗീകരിക്കാനും രാഷ്ട്രീയ പാര്‍ടികള്‍ തയ്യാറല്ല. ഓരോ പാര്‍ടിക്കും ഇക്കാര്യത്തില്‍ അവരുടേതായ അഭിപ്രായമുണ്ട്. സിപിഐ എം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. "98ലും 2001ലും ലോക്പാല്‍ ബില്‍ കരട് തയ്യാറാക്കിയപ്പോള്‍ അതില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ടിരുന്നെന്നും ഇപ്പോള്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് നിലപാട് മാറ്റുന്നതെന്നുമുള്ള പ്രസക്തമായ ചോദ്യമാണ് സിപിഐ എം ഉന്നയിച്ചത്.

2001ല്‍ പ്രണബ് മുഖര്‍ജി ചെയര്‍മാനായ സമിതിയാണ് പ്രധാനമന്ത്രിയെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ , പതിനായിരക്കണക്കിന് കോടികള്‍ അഴിമതിയിലൂടെ രാജ്യത്തിനു നഷ്ടമായപ്പോള്‍ പ്രധാനമന്ത്രി പോലും സുരക്ഷിതനല്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കുന്നു. പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍നിന്ന് മാറ്റാനുള്ള തത്രപ്പാട് അതുകൊണ്ടാണ്. അണ്ണ ഹസാരെ സംഘത്തിന്റെ കരടില്‍നിന്നു വിയോജിച്ച് കോണ്‍ഗ്രസ് മന്ത്രിമാര്‍ മറ്റൊരു കരടുണ്ടാക്കിയപ്പോള്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സമ്മതിച്ച നിബന്ധനകളില്‍നിന്നു പോലും പിന്നോട്ടുപോയി. പ്രധാനമന്ത്രി, കോടതി, എംപിമാര്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ അഴിമതി നടക്കുന്ന പ്രധാന മേഖലകളെയെല്ലാം ഒഴിവാക്കി.

ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതില്‍ പരസ്യമായി വിയോജിപ്പു പ്രകടിപ്പിച്ചത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും പഞ്ചാബ് മുഖ്യമന്ത്രി സുര്‍ജിത്സിങ് ബര്‍ണാലയും മാത്രമാണ്. എന്നാല്‍ , അത് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന കരടിനെ പിന്തുണച്ചുകൊണ്ടല്ല. ശനിയാഴ്ച സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് അണ്ണ ഹസാരെ ചര്‍ച്ചനടത്തി. 20 മിനിറ്റ് ചര്‍ച്ചയില്‍ ലോക്സഭയിലേക്ക് പോകേണ്ട ബില്ലില്‍ വരേണ്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തതായി ഹസാരെ പറഞ്ഞു. നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നാണ് സോണിയ പറഞ്ഞെതെന്നും ഹസാരെ പറഞ്ഞു.
(ദിനേശ്വര്‍മ)

പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു

ന്യൂഡല്‍ഹി: ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്ന കോണ്‍ഗ്രസ് പ്രതിപക്ഷത്തിരുന്നപ്പോള്‍ സ്വീകരിച്ചത് വ്യത്യസ്ത നിലപാട്. നേരത്തെ നാലുവട്ടം ലോക്പാലിന്റെ കരട് തയ്യാറാക്കിയപ്പോള്‍ പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസിന്റെ വാദം പ്രധാനമന്ത്രിയും ലോക്പാലിന്റെ പരിധിയില്‍ വരണമെന്നായിരുന്നു. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതിനെ ഇപ്പോള്‍ എതിര്‍ക്കുന്ന ധനമന്ത്രി പ്രണബ്മുഖര്‍ജി 2001ല്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്കമ്മിറ്റി അധ്യക്ഷനായിരിക്കെ ലോക്പാല്‍ ബില്‍ പരിശോധിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടിലും പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിലപാട്.

1989ല്‍ വി പി സിങ് സര്‍ക്കാരാണ് ലോക്പാല്‍ കരടിന് ആദ്യം രൂപംനല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിനെക്കൂടി ഉള്‍പ്പെടുത്തിയുള്ളതായിരുന്നു അന്നത്തെ കരട്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ നിര്‍ദേശത്തോട് പൂര്‍ണമായും യോജിച്ചു. പിന്നീട് 1996ല്‍ ദേവഗൗഡ സര്‍ക്കാരിന്റെ കാലത്തും ലോക്പാല്‍ കരടിന് രൂപംനല്‍കിയപ്പോള്‍ പ്രധാനമന്ത്രി ഉള്‍പ്പെടണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. 2001ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ലോക്പാല്‍ കരട് പരിശോധിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധ്യക്ഷന്‍ പ്രണബ് മുഖര്‍ജിയായിരുന്നു. ബില്ലില്‍ വിവിധ മാറ്റം നിര്‍ദേശിച്ച് മുഖര്‍ജി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നിര്‍ബന്ധമായും ലോക്പാല്‍ പരിധിയില്‍ വരണമെന്നാണ് ശുപാര്‍ശ ചെയ്തത്.
ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ശക്തമായി വിയോജിക്കുകയാണ്. ഒരു കാരണവശാലും പ്രധാനമന്ത്രിയുടെ ഓഫീസും ജുഡീഷ്യറിയും ലോക്പാല്‍ പരിധിയില്‍ വരരുതെന്ന് നേതൃത്വം ശഠിക്കുന്നു. പ്രധാനമന്ത്രി പദവി ഒഴിഞ്ഞശേഷം വേണമെങ്കില്‍ ലോക്പാലിന് ആക്ഷേപങ്ങള്‍ പരിശോധിക്കാമെന്ന ബദല്‍ നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

എന്നാല്‍ , ഈ നിര്‍ദേശം അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രി ലോക്പാല്‍ പരിധിയില്‍ വരുന്നതില്‍ എതിര്‍പ്പില്ലെന്നു പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ എന്തുകൊണ്ട് നിലപാടു മാറ്റിയെന്ന് വിശദമാക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണം ഉയര്‍ന്നുവന്ന ഘട്ടമാണിത്. പ്രധാനമന്ത്രി കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി ബില്ലിന്റെ പരിധിയില്‍ വരുന്നത് അപകടമാകുമെന്ന ആശങ്കയാണ് കോണ്‍ഗ്രസിന്-കാരാട്ട് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 030711

1 comment:

  1. ലോക്പാല്‍ ബില്ലിനെക്കുറിച്ച് വിവിധ കക്ഷികളുടെ നിലപാട് പുറത്തുവന്നതോടെ വെട്ടിലായത് കോണ്‍ഗ്രസ്. രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായമറിയാന്‍ ഞായറാഴ്ച സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അഞ്ചു മന്ത്രിമാര്‍ ചേര്‍ന്നുണ്ടാക്കിയ കരടും പൗരസമൂഹം ജന്‍ലോക്പാല്‍ എന്നപേരില്‍ ഉണ്ടാക്കിയ മറ്റൊരു കരടുമാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കരടുബില്‍ ഏതെന്ന് ഇനിയും വ്യക്തമല്ല. രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ പ്രശ്നമാകാന്‍ പോകുന്നതും ഇതായിരിക്കും. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ അഴിമതി ഇല്ലാതാക്കാന്‍ ശക്തമായ സംവിധാനം വേണമെന്ന് ഓരോ പൗരനും ആവശ്യപ്പെടുമ്പോള്‍ അതിനു വിരുദ്ധമായി നില്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രം. ലോക്പാല്‍ കരടുബില്ലിന്റെ ചര്‍ച്ചയിലുടനീളം അഴിമതിക്കാരെ രക്ഷപ്പെടുത്താനുള്ള പഴുതുണ്ടാക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

    ReplyDelete