Sunday, July 3, 2011

വിദ്യാര്‍ഥി സമരം സര്‍ക്കാര്‍ -മാനേജ്മെന്റ് നിലപാട് നോക്കി: വി എസ്

സ്വാശ്രയപ്രശ്നത്തില്‍ ഹൈക്കോടതിവിധിയെ തുടര്‍ന്ന് സര്‍ക്കാരും മാനേജ്മെന്റും സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കും സമരംചെയ്യുന്ന വിദ്യാര്‍ഥി സംഘടനകള്‍ നിലപാട് സ്വീകരിക്കുകയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തടഞ്ഞുവച്ചിരിക്കുന്ന ശമ്പളകുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല-കോളേജ് അധ്യാപക സംയുക്തസമിതി നടത്തിയ രാജ്ഭവന്‍മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസമേഖല കച്ചവടവല്‍ക്കരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ അതിനെതിരെ സമരംചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയാണ്. വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമായ പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാനാണ് നീക്കം. ശമ്പളപരിഷ്കരണം നടപ്പാക്കുന്നതില്‍ വിമുഖതയുള്ള കേന്ദ്രം കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുകയാണെന്നും വി എസ് പറഞ്ഞു. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ കരിനിയമങ്ങള്‍ പിന്‍വലിക്കുക, ഉന്നതവിദ്യാഭ്യാസരംഗത്തെ വിദേശവല്‍ക്കരണവും കോര്‍പറേറ്റുവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എകെപിസിടിഎ, എകെജിസിടി, എഫ്യുടിഎ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. സര്‍വകലാശാല, കോളേജ് അധ്യാപകരുടെ അഖിലേന്ത്യാ ഫെററേഷന്‍ പ്രസിഡന്റ് ജെയിംസ് വില്യസ്, വൈസ് പ്രസിഡന്റ്എ എന്‍ ചന്ദ്രമോഹന്‍ , എകെപിസിടിഎ ജനറല്‍ സെക്രട്ടറി പ്രൊഫ. വി രാജേന്ദ്രന്‍നായര്‍ , എകെജിസിടി സംസ്ഥാന പ്രസിഡന്റ്് പ്രൊഫ. എസ് സുദര്‍ശനന്‍പിള്ള, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ജയകുമാര്‍ , എഫ്എസ്ഇടിഒ ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍ എന്നിവരും സംസാരിച്ചു. എഫ്യുടിഎ ജനറല്‍ സെക്രട്ടറി പ്രൊഫ. എ ആര്‍ രാജന്‍ അധ്യക്ഷനായി.

ഏകപക്ഷീയ തീരുമാനത്തിന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനെ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മുഹമ്മദ് കമ്മിറ്റി ഫീസ് അംഗീകരിക്കില്ലെന്ന നിലപാട് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനെ ഏകപക്ഷീയ തീരുമാനമെടുക്കാന്‍ അനുവദിക്കില്ല. സാമൂഹികനീതി നിഷേധിച്ചുകൊണ്ട് ആരും മുന്നോട്ടു പോകുന്നതു ശരിയല്ല. ഇത്തരക്കാരെ ജനം അംഗീകരിക്കില്ല. സ്വാശ്രയപ്രശ്നം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച പകല്‍ മൂന്നിന് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സാമൂഹികനീതിയിലധിഷ്ഠിതമായ പ്രവേശനനടപടികള്‍ക്ക് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കളമശേരിയില്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ക്യാമ്പസ് ഉദ്ഘാടനംചെയ്തശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മുഹമ്മദ് കമ്മിറ്റി ഫീസ് സംവിധാനം നടപ്പാക്കണം: എസ്എഫ്ഐ

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി സീറ്റിലേക്ക് മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന അംഗീകരിക്കില്ലെന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാട് കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ സംസ്ഥാനസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സ്വാശ്രയ കോളേജുകളില്‍ എംബിബിഎസിന് മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസിനു വിരുദ്ധമായി 3.5 ലക്ഷം രൂപ ഫീസ് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുഹമ്മദ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകരുത്. മുഹമ്മദ് കമ്മിറ്റി പിജി സീറ്റിലേക്ക് നിശ്ചയിച്ച ഫീസിനേക്കാള്‍ അധികം തുക പിന്നീട് അടയ്ക്കാമെന്ന് വിദ്യാര്‍ഥികളില്‍നിന്നും രേഖാമൂലം എഴുതിവാങ്ങി പ്രവേശനം നടത്തുന്ന മാനേജ്മെന്റുകളുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല. ഇതേക്കുറിച്ച് അന്വേഷിക്കാനും ഈ കോളേജുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനും ആരോഗ്യ സര്‍വകലാശാലയ്ക്കും നിര്‍ദേശം നല്‍കാന്‍ മുഹമ്മദ് കമ്മിറ്റി തയ്യാറാകണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു

മാര്‍ച്ചിനു നേരെ യൂത്ത്ലീഗ് കല്ലേറ്: 3 പേര്‍ക്ക് പരിക്ക്

തേഞ്ഞിപ്പലം: വിദ്യാഭ്യാസ സംരക്ഷണസമിതി നടത്തിയ മാര്‍ച്ചിനുനേരെ മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകരുടെ കല്ലേറ്. മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. സര്‍വകലാശാല ഭരണകാര്യാലയത്തിന് മുന്നില്‍ സത്യഗ്രഹമിരുന്ന പരീക്ഷാഭവന്‍ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് സുധീഷിന് തലയ്ക്ക് പരിക്കേറ്റു. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പസില്‍ അതിക്രമം നടത്തിയ യൂത്ത്ലീഗുകാര്‍ എസ്എഫ്ഐയുടെ കൊടിമരവും നശിപ്പിച്ചു.

സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ ഇരുനൂറോളം യൂത്ത്ലീഗ് പ്രവര്‍ത്തകരാണ് ശനിയാഴ്ച സര്‍വകലാശാല ആസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് വിദ്യാഭ്യാസ സംരക്ഷണ സമിതി മാര്‍ച്ചിന് നേരെയും എംപ്ലോയീസ് യൂണിയന്‍ സത്യഗ്രഹത്തിന് നേരെയും കല്ലേറ് നടത്തി യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ഒരുമണിക്കൂറിലധികം ഭരണകാര്യാലയത്തിന് മുന്നില്‍ അഴിഞ്ഞാടി. സമാധാനപരമായി സത്യഗ്രഹംചെയ്ത ജീവനക്കാര്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ മാര്‍ച്ചിന് തൊട്ടുപിന്നാലെ എത്തിയ യൂത്ത്ലീഗുകാര്‍ തുടക്കത്തില്‍തന്നെ പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ്, പട്ടികക്കഷ്ണം, കരിങ്കല്‍ ചീളുകള്‍ എന്നിവയുമായി സംഘടിച്ചെത്തിയ യൂത്ത്ലീഗുകാര്‍ പൊലീസിനെ നോക്കുകുത്തിയാക്കിയാണ് അഴിഞ്ഞാടിയത്. സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് യൂത്ത്ലീഗ് അക്രമമെന്ന് എംപ്ലോയീസ് യൂണിയനും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റും പ്രതികരിച്ചു.

തൃശൂര്‍ മെഡി. കോളേജിലെ 50 സീറ്റുകള്‍ക്ക് കൗണ്‍സിലിന്റെ അനുമതി

തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 50 എംബിബിഎസ് സീറ്റുകള്‍ക്കുകൂടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ഇക്കാര്യം മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 150 എംബിബിഎസ് സീറ്റുകള്‍ക്കും കൗണ്‍സിലിന്റെ അംഗീകാരമായി. മെഡിക്കല്‍ കോളേജിലെ 100 സീറ്റുകള്‍ക്കാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുണ്ടായിരുന്നത്. 2006ലാണ് സംസ്ഥാന സര്‍ക്കാര്‍ 50 സീറ്റുകൂടി അനുവദിച്ചത്. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളിലേയും വര്‍ധിപ്പിച്ച എംബിബിഎസ് സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.

deshabhimani 030711

1 comment:

  1. സ്വാശ്രയപ്രശ്നത്തില്‍ ഹൈക്കോടതിവിധിയെ തുടര്‍ന്ന് സര്‍ക്കാരും മാനേജ്മെന്റും സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കും സമരംചെയ്യുന്ന വിദ്യാര്‍ഥി സംഘടനകള്‍ നിലപാട് സ്വീകരിക്കുകയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തടഞ്ഞുവച്ചിരിക്കുന്ന ശമ്പളകുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല-കോളേജ് അധ്യാപക സംയുക്തസമിതി നടത്തിയ രാജ്ഭവന്‍മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete