ചിറ്റൂര്‍: മൊബൈല്‍ കാമറയില്‍ ചിത്രം പകര്‍ത്തിയ വിദ്യാര്‍ഥിയെ പുറത്താക്കിയതിനെതിരെ കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദിവസങ്ങളായി എ ബി വി പി നടത്തുന്ന സമരങ്ങളുടെ മറവില്‍ കൊഴിഞ്ഞാമ്പാറയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ കടകള്‍ക്ക് നേരേയും വാഹനങ്ങള്‍ക്ക് നേരേയും അക്രമം.
സ്‌കൂളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്ന സമരത്തെതുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളെ മാനേജുമെന്റ് പുറത്താക്കിയിരുന്നു. ഇതിനെതിരെ ഇന്നലെ രാവിലെ സ്‌കൂളിന് മുന്നില്‍ എ ബി വി പി നേതൃത്വത്തില്‍ സമരം നടത്തുകയും സമരക്കാര്‍ സ്‌കൂള്‍ ഗേറ്റ് അടച്ചിടുകയും ചെയ്തു. സി ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘങ്ങള്‍ പൊലീസ് വാഹനം തടയുകയും തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബി ജെ പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ നഗരത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കൊഴിഞ്ഞാമ്പാറ ടൗണിലെ കൂള്‍ബാര്‍, ബേക്കറി എന്നിവയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം അതുവഴിവന്ന ലോറിയുടെ ചില്ലുകളും തകര്‍ത്തു.
എ ബി വി പി പ്രവര്‍ത്തകന്‍ സ്‌കൂളിനകത്ത് വിദ്യാര്‍ഥിനിയുടെ ഫോട്ടോ മൊബൈലില്‍ എടുത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഒരുമാസം മുമ്പ് വിദ്യാര്‍ഥിയെ പുറത്താക്കിയിരുന്നു. എന്നാലിതിനെതിരെ എ ബി വി പി പ്രവര്‍ത്തകര്‍ സ്‌കൂളിനെതിരെ സമരം നടത്തി. രക്ഷിതാക്കളും പൊതുജനങ്ങളും സമരത്തിന് എതിരായതോടെ സ്‌കൂളിനകത്ത് മതപരിവര്‍ത്തനം നടത്തുകയാണെന്ന് ഇവര്‍ ആരോപിച്ചു. ഇവരുടെ ആവശ്യം കണക്കിലെടുത്ത് പഞ്ചായത്ത് പ്രസിഡന്റ്, ഡിവൈ എസ് പി ഉള്‍പ്പടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും മതപരിവര്‍ത്തനം നടത്തി എന്ന് ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്താനും തീരുമാനിച്ചു. സമരം അവസാനിപ്പിച്ചെങ്കിലും അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരം നടത്തുകയായിരുന്നു. അധ്യാപകര്‍ക്കെതിരായ സമരം എങ്ങുമെത്താത്തതിനെതുടര്‍ന്നാണ് ഇന്നലെ കൊഴിഞ്ഞാമ്പാറയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത്. പാലക്കാട് ഡിവൈ എസ് പി പ്രശോഭ് സ്ഥലത്തെത്തി സംഘപരിവാര്‍ ജില്ലാ നേതാക്കളുമായും സ്‌കൂള്‍ അധികൃതരുമായും ചര്‍ച്ച നടത്തി.
സംഘപരിവാറിന്റെ അക്രമത്തിനെതിരെയും നിര്‍ബന്ധമായി കടകള്‍ അടപ്പിച്ചതിനെതിരെയും വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അണിക്കോട് നിന്ന് കച്ചേരിമേട്ടിലേക്ക് വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. പൊലീസിന്റെ സഹായത്താല്‍ അടച്ച കടകള്‍ തുറക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ വ്യാപാരികളായ എന്‍ സുന്ദരന്‍, ടി കെ ഷിഹാബുദ്ദീന്‍, ശിവപ്രസാദ് സംസാരിച്ചു.
അക്രമസംഭവങ്ങളില്‍ കടകള്‍ തല്ലിതകര്‍ത്ത കേസില്‍ പത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂള്‍ അടപ്പിച്ചതിന് സംഘപരിവാര്‍ പ്രവര്‍ത്തകരായ സേതുമാധവന്‍, സുരേഷ് ബാബു, സുരേഷ്, ശ്രീധരന്‍, അനീഷ്, സനോജ് എന്നിവരെയും ചിറ്റൂരില്‍ നിര്‍ബന്ധമായി കടകള്‍ അടപ്പിച്ചതിന് രാഹുല്‍, വിപിന്‍, സുധാകരന്‍, നിഥിന്‍, ധനുഷ്, ഷാബു, സുധീഷ് കുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു.
janayugom 050811
No comments:
Post a Comment