Thursday, August 25, 2011

കാറ്റാടിക്കമ്പനി ഭൂമിവിവാദം ആദിവാസികളെ വീണ്ടും യുഡിഎഫ് കബളിപ്പിക്കുന്നു

അട്ടപ്പാടിയിലെ ഭൂമി കാറ്റാടിക്കമ്പനിക്ക്

അട്ടപ്പാടിയില്‍ സുസ്ലോണ്‍ കമ്പനിയുടെ കാറ്റാടിവൈദ്യുതപദ്ധതി തുടരാനും വൈദ്യുതോല്‍പാദനത്തില്‍ നിന്നുള്ള വരുമാനത്തിലൊരു പങ്ക് ഭൂമി നല്‍കിയ ആദിവാസികള്‍ക്ക് കൊടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സുസ്ലോണ്‍ കമ്പനിയില്‍നിന്ന് ഭൂമി തിരിച്ചെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യണമെന്ന യുഡിഎഫിന്റെ പഴയ ആവശ്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അവര്‍ ഭൂമി ചോദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. വൈദ്യുതോല്‍പ്പാദനത്തിലെ കമ്പനിയുടെ വരുമാനത്തിലൊരു പങ്ക്, ഭൂമി കൈമാറിയ ആദിവാസികള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അട്ടപ്പാടിയില്‍ 645 ഏക്കര്‍ ഭൂമി കമ്പനിയുടെ കൈവശമുണ്ട്. അത് അവരുടെ അധീനതയില്‍ത്തന്നെ നിലനിര്‍ത്തും. 85.21 ഏക്കര്‍ ഭൂമി ആദിവാസികളില്‍നിന്ന് കമ്പനി വാങ്ങിയതായാണ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ഈ ഭൂമി തിരിച്ചെടുക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഭൂമി കൊടുത്തവര്‍ക്ക് വരുമാനവിഹിതം നല്‍കാമെന്ന കമ്പനിയുടെ ഓഫര്‍ സ്വീകരിച്ചതായും അറിയിച്ചു. ഭൂമി തിരികെ വേണമെന്ന് ആദിവാസികള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് വരുമാനം വേണമെന്നാണ് താല്‍പ്പര്യം. അങ്ങനെയാണ് കമ്പനിക്ക് കിട്ടുന്ന വരുമാനം ഭൂമി വിറ്റ ആദിവാസികള്‍ക്കുംകൂടി വീതിക്കുക എന്ന ആശയം രൂപപ്പെട്ടത്. ഭൂമിക്ക് കമ്പനി വാഗ്ദാനം ചെയ്തതിനേക്കാള്‍ തുക വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തും. കോട്ടത്തറ വില്ലേജിലാണ് കമ്പനി ആദിവാസിഭൂമി കൈക്കലാക്കിയത്. ഇത് 150 ഏക്കര്‍വരെ ഉണ്ടെന്നാണ് ആദിവാസിസംഘടനകളുടെ വാദം. മൂന്നു മാസത്തിനുള്ളില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തും. ഭൂമി തങ്ങളുടേതാണെന്നു തെളിയിക്കാനുള്ള ഉത്തരവാദിത്തം കമ്പനിക്കാണ്. ടവര്‍ സ്ഥാപിച്ചതൊഴികെയുള്ള ഭൂമിയില്‍ കൃഷിയിറക്കുന്നതും പരിഗണനയിലുണ്ട്.
ആദിവാസിഭൂമി കമ്പനി കൈയേറിയെന്ന് ആരോപിച്ചും തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് അട്ടപ്പാടിയില്‍ പ്രക്ഷോഭം നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ വിഷയത്തില്‍ താന്‍ ആദിവാസികളുടെ കൂടെയേ നില്‍ക്കൂ എന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. സര്‍ക്കാര്‍ നടപടി ഭൂമി കൈമാറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കലല്ലേയെന്ന ചോദ്യത്തിനും മുഖ്യമന്ത്രി പ്രതികരിച്ചില്ല.

മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും സാന്നിധ്യത്തില്‍ കമ്പനി പ്രതിനിധികളും ഏതാനും ആദിവാസിസംഘടനാപ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തിലാണ് വരുമാനം വീതിക്കല്‍ തീരുമാനമുണ്ടായത്. കാറ്റാടിവൈദ്യുതപദ്ധതി സ്ഥാപിക്കുന്നതിനെതിരെ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , പി പി തങ്കച്ചന്‍ , പി കെ കുഞ്ഞാലിക്കുട്ടി, എം പി വീരേന്ദ്രകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുഡിഎഫ് അട്ടപ്പാടിയില്‍ സമരം നടത്തിയിരുന്നു. ഭൂമി വീണ്ടെടുത്ത് ആദിവാസികള്‍ക്ക് കൈമാറണമെന്നായിരുന്നു അന്നത്തെ ആവശ്യം. എന്നാല്‍ , അതില്‍നിന്ന് പിന്മാറിയതിനെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി സന്നദ്ധനായതുമില്ല.

കാറ്റാടിക്കമ്പനി ഭൂമിവിവാദം ആദിവാസികളെ വീണ്ടും യുഡിഎഫ് കബളിപ്പിക്കുന്നു

അഗളി: കാറ്റാടിക്കമ്പനി ഭൂമി വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികളെ വീണ്ടും കബളിപ്പിക്കുന്നു. അധികാരത്തിലെത്തിയാല്‍ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി മുഴുവന്‍ തിരിച്ചുപിടിച്ച് നല്‍കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ്നേതൃത്വം ഒന്നടങ്കം അട്ടപ്പാടിയിലെത്തിയാണ് നല്ലശിങ്കയിലെ മലമുകളില്‍ കയറിനിന്ന് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ , ബുധനാഴ്ച കാറ്റാടിക്കമ്പനിയെ ഒഴിപ്പിക്കില്ലെന്നാണ് തിരുവനന്തപുരത്തെ ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി പറഞ്ഞത്.

ആദിവാസിക്കു ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുത്ത് നല്‍കുമെന്നു പറയുക മാത്രമല്ല, കര്‍ശനനടപടി സ്വകീരിക്കുകയാണ് എല്‍ഡിഎഫ്സര്‍ക്കാര്‍ ചെയ്തത്. പരാതി ലഭിച്ച ഉടന്‍ ഒറ്റപ്പാലം ആര്‍ഡിഒയെ അട്ടപ്പാടിയിലേക്ക് അന്വേഷണത്തിന് അയച്ചു. കലക്ടര്‍ക്കായിരുന്നു അന്വേഷണച്ചുമതല. 2010 ജൂലൈ 23ന് കോട്ടത്തറ വില്ലേജ്ഓഫീസില്‍ നടന്ന സിറ്റിങ്ങില്‍ ആദിവാസികളുടെ പരാതി സ്വീകരിച്ചു. പ്രധാനമായും കോട്ടത്തറ വില്ലേജിലെ നല്ലശിങ്കയില്‍ 1273, 1275 സര്‍വേ നമ്പരുകളിലുള്ള ഭൂമിയുമായി ബന്ധപ്പെട്ടാണ് പരാതി വന്നത്. തുടര്‍ന്ന് ആര്‍ഡിഒയുടെ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണസമിതിയെയും ചുമതലപ്പെടുത്തി. കൂടാതെ ഐടിഡി പ്രോജക്ട്ഓഫീസറും പരാതികള്‍ അന്വേഷിച്ചു. ഇതിനൊക്കെപുറമെ അട്ടപ്പാടിയിലെ ആദിവാസിഭൂമിപ്രശ്നം പരിഹരിക്കുന്നതിന് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ അഗളിയില്‍ ഒരു "ആദിവാസി ഭൂമി സംരക്ഷണം"ഓഫീസ് ആരംഭിച്ചു. വിജിലന്‍സ്, വനം എന്നിങ്ങനെ എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് നടന്നത്.

എന്നാല്‍ , സര്‍ക്കാര്‍ മാറിയതോടെ എല്ലാം തകിടംമറിയുകയാണുണ്ടായത്. കോട്ടത്തറ വില്ലേജില്‍ അടക്കം ആദിവാസിഭൂമി നഷ്ടപ്പെട്ടത് കണ്ടെത്താന്‍ നടത്തിയ സര്‍വേനടപടി ഉപേക്ഷിച്ച മട്ടാണ്. അഗളിയിലെ ഓഫീസ് നോക്കുകുത്തിയായി. ഉല്ലാസയാത്രയ്ക്കെന്നപോലെ വിജിലന്‍സ് സംഘം ഇടയ്ക്ക് മലകയറി ഇറങ്ങിപ്പോയി. വനംവകുപ്പ് അവര്‍ക്ക് ഭൂമിയൊന്നും നഷ്ടപ്പെട്ടില്ലെന്ന നിലയില്‍ സംഗതി അവസാനിപ്പിച്ചു. ഏറെ വിചിത്രമായ കാര്യം, ആദിവാസിയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി സംഘടനകളൊന്നും ഒരുതെളിവും ഒറ്റപ്പാലം ആര്‍ഡിഒ കോടതിയില്‍ ഹാജരാക്കിയിട്ടില്ല എന്നതാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആര്‍ഡിഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ആദിവാസികള്‍ക്ക് നഷ്ടപരിഹാരംനല്‍കാന്‍ തയ്യാറകുന്നത്. 1999ലെ ആദിവാസി ഭൂസംരക്ഷണ നിയമപ്രകാരം മാത്രമേ ഏത് അന്വേഷണസംഘത്തിനും തീരുമാനമെടുക്കാന്‍ കഴിയു. ഇത് പറഞ്ഞതിനാണ് എല്‍ഡിഎഫ്സര്‍ക്കാര്‍ ആദിവാസിക്കെതിരെന്നുപറഞ്ഞ് കലാപമുണ്ടാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച അന്വേഷണങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാതെ കാറ്റാടിക്കമ്പനിയുമായി ഒത്തുകളിച്ച് ആദിവാസിയെ കബളിപ്പിക്കുന്ന നാടകമാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്.

deshabhimani 250811

1 comment:

  1. കാറ്റാടിക്കമ്പനി ഭൂമി വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികളെ വീണ്ടും കബളിപ്പിക്കുന്നു. അധികാരത്തിലെത്തിയാല്‍ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി മുഴുവന്‍ തിരിച്ചുപിടിച്ച് നല്‍കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ്നേതൃത്വം ഒന്നടങ്കം അട്ടപ്പാടിയിലെത്തിയാണ് നല്ലശിങ്കയിലെ മലമുകളില്‍ കയറിനിന്ന് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ , ബുധനാഴ്ച കാറ്റാടിക്കമ്പനിയെ ഒഴിപ്പിക്കില്ലെന്നാണ് തിരുവനന്തപുരത്തെ ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി പറഞ്ഞത്.

    ReplyDelete