Thursday, August 25, 2011

ബിജെപിയില്‍ "മാറാട് പോര് " മുറുകി

കോഴിക്കോട്: ജനങ്ങള്‍ മറക്കാനാഗ്രഹിക്കുന്ന മാറാട് കൂട്ടക്കൊല കേസിന്റെ മറവിലും ബിജെപിയില്‍ പോര് മുറുകുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി എസ് ശ്രീധരന്‍പിള്ളയും മറ്റും ഒരു ഭാഗത്തും നിലവിലുള്ള സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും മറ്റും മറുഭാഗത്തുമായാണ് പോര്. മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ ഹര്‍ജികള്‍ , സമാധാന ചര്‍ച്ചകള്‍ തുടങ്ങി പലതിന്റെയും പിന്നാമ്പുറക്കഥകള്‍ വാരി പുറത്തിട്ടാണ് പോരാട്ടം.

പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളെക്കുറിച്ച് ഒരു പത്രത്തില്‍ വന്ന ലേഖനമാണ് ബിജെപിയിലെ ചേരിപ്പോരിന് ശക്തി പകര്‍ന്നത്. മാറാട് പ്രശ്നം പരിഹരിക്കാന്‍ ശിഹാബ്തങ്ങളുടെ നിര്‍ദേശപ്രകാരം താന്‍ പി എസ് ശ്രീധരന്‍പിളളയെ കണ്ടുവെന്ന സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ബിജെപിയിലെ ചിലര്‍ അനാവശ്യമായി ആയുധമാക്കുകയായിരുന്നുവെന്നാണ് ശ്രീധരന്‍പിള്ള പക്ഷത്തിന്റെ ആരോപണം. ഇത്തരമൊരു ചര്‍ച്ചക്ക് ശ്രീധരന്‍പിള്ളയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് ആര്‍എസ്എസ് മുഖപത്രമായ കേസരിയിലും ബിജെപി മുഖപത്രമായ ജന്മഭൂമിയിലും ലേഖനം വന്നതോടെ പ്രശ്നം വിവാദമായി. തുടര്‍ന്ന് മുരളീധരനും സുരേന്ദ്രനുമെല്ലാം ഇത് ഏറ്റുപിടിച്ചു. ഇതിനു പിന്നാലെ മാറാട് കൂട്ടക്കൊല കേസിലെ ഗൂഢാലോചന, തീവ്രവാദ ബന്ധം, സാമ്പത്തിക സ്രോതസ്സ് എന്നിവയെക്കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വി മുരളീധരനില്‍ നിന്നും മൊഴിയെടുത്തു. കൂട്ടക്കൊല നടന്നപ്പോള്‍ ബിജെപി പ്രസിഡന്റ് സി കെ പത്മനാഭനായതിനാല്‍ അദ്ദേഹത്തെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. പ്രശ്നം വഷളാക്കാന്‍ പാര്‍ടിക്കകത്തെ ബുദ്ധി തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ശ്രീധരന്‍ പിള്ള പക്ഷം ഉറച്ചു വിശ്വസിക്കുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജികളില്‍ പി എസ് ശ്രീധരന്‍പിള്ള വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ സാക്ഷിയാക്കാതെ കേസ് ദുര്‍ബലപ്പെടുത്തിയെന്നുമുള്ള "തെളിവുകളും"പുറത്തായത്. ഇതിനു മറുപടി നല്‍കി ബുധനാഴ്ച ശ്രീധരന്‍ പിള്ള നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുരളീധരനും മറ്റുമെതിരെ ഒളിയമ്പുകളുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ തലവന് തന്നോട് വ്യക്തിവിരോധമുണ്ടെന്ന് പറഞ്ഞ പിള്ള, ബിജെപി നേതാക്കളെ മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ നടപടിയെയും ചോദ്യം ചെയ്തു. ഇതിനര്‍ഥം ഔദ്യോഗിക നോട്ടീസ് പോലും കിട്ടാതെ ക്രൈംബ്രാഞ്ചിനടുത്തേക്ക് പോയ നേതാക്കളുടെ നടപടി തെറ്റാണെന്ന് താങ്കള്‍ പറയുന്നു എന്നല്ലേ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ "പൊലീസിനെയും മറ്റും ഏറെ മാനിക്കുന്ന പാര്‍ടി ആയതിനാലാണ് നേതാക്കള്‍ അങ്ങനെ ചെയ്തതെന്നായിരുന്നു" പിള്ളയുടെ വിശദീകരണം. ആ വാക്കുകളിലൂടെ തന്നെ കുടുക്കാന്‍ കെണിയൊരുക്കിയവരെ പരസ്യമായി പരിഹസിക്കുകയായിരുന്നു പിള്ള.

deshabhimani 250811

2 comments:

  1. ജനങ്ങള്‍ മറക്കാനാഗ്രഹിക്കുന്ന മാറാട് കൂട്ടക്കൊല കേസിന്റെ മറവിലും ബിജെപിയില്‍ പോര് മുറുകുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി എസ് ശ്രീധരന്‍പിള്ളയും മറ്റും ഒരു ഭാഗത്തും നിലവിലുള്ള സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും മറ്റും മറുഭാഗത്തുമായാണ് പോര്. മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ ഹര്‍ജികള്‍ , സമാധാന ചര്‍ച്ചകള്‍ തുടങ്ങി പലതിന്റെയും പിന്നാമ്പുറക്കഥകള്‍ വാരി പുറത്തിട്ടാണ് പോരാട്ടം

    ReplyDelete
  2. കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ അക്രമമായ 2003 മെയ് രണ്ടിലെ മാറാട് സംഭവങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് എ സമ്പത്ത് ലോക്സഭയില്‍ ആവശ്യപ്പെട്ടു. മാറാട് സംഭവം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് കമീഷന്‍ മുമ്പാകെ ഹാജരായി മൊഴിനല്‍കിയ ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലും നടത്തിയിട്ടുണ്ട്. ഗൂഢാലോചനയും സുസംഘടിതമായ ആസൂത്രണവും വന്‍തോതിലുള്ള പണമൊഴുക്കും ചില ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും ഉണ്ടായതായാണ് പൊലീസുകാരുടെ വെളിപ്പെടുത്തല്‍ . ഈ വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്രം തയ്യാറാകണം- സമ്പത്ത് ആവശ്യപ്പെട്ടു.

    ReplyDelete