Wednesday, October 19, 2011

വൈദ്യുതിനിയന്ത്രണം പിന്‍വലിച്ചെന്ന പ്രഖ്യാപനം മണിക്കൂറുകള്‍ക്കകം പാളി

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പാളി. മന്ത്രിയുടെ പ്രഖ്യാപനംവന്ന് മണിക്കൂറുകള്‍ കഴിയും മുമ്പ് തന്നെ കെ എസ് ഇ ബി സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും അപ്രഖ്യാപിത ലോഡ്ഷഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ കേരളത്തിനെയാണ് കൂടുതലായും ഇത് ബാധിച്ചിട്ടുള്ളത്. 

ഉയര്‍ന്ന വിലയ്ക്ക് 150 മെഗാവാട്ട് വൈദ്യുതി സ്വകാര്യ കമ്പനികളില്‍നിന്ന് വാങ്ങിയിട്ടും സംസ്ഥാനത്തിന്റെ ഉപയോഗത്തിന് ആവശ്യമായ വൈദ്യുതി ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ആവശ്യമായ 300 മെഗാവാട്ടിന്റെ കുറവ് നികത്തുന്നതിനാണ് ഗ്രാമ പ്രദേശങ്ങളില്‍ അരമണിക്കൂര്‍വീതം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തിന് പുറത്തേക്കു വൈദ്യുതി വില്‍ക്കുന്നത് വിലക്കിക്കൊണ്ട് ചില സംസ്ഥാനങ്ങള്‍ ഇതിനകം ഉത്തരവിറക്കിക്കഴിഞ്ഞു.

പ്രതീക്ഷിച്ചതുപോലുള്ള വൈദ്യുതി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കാത്തതാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 25 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും കായംകുളം വൈദ്യുതി നിലയത്തില്‍നിന്ന് 145 മെഗാവാട്ടും പവര്‍ എക്‌സ്‌ചേഞ്ചിലൂടെ 150 മെഗാവാട്ടും വൈദ്യുതി ലഭ്യമാക്കി. എന്നിട്ടും ആവശ്യമായതില്‍ 300 മെഗാവാട്ട് കുറവായതിനെതുടര്‍ന്നാണ് വൈദ്യുതു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നത്. കേന്ദ്രപൂളില്‍ നിന്ന് പ്രതിദിനം 750 മുതല്‍ 780 വരെ മെഗാവാട്ട് വൈദ്യുതി ഇപ്പോഴും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. പ്രതിദിനം 400-450 മെഗാവാട്ട് വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാല്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്താതെ പിടിച്ചുനില്‍ക്കാനാവും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലോഡ് ഷെഡിംഗ് പിന്‍വലിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

എന്നാല്‍, കൃത്യമായ ആസൂത്രണമില്ലാതായതോടെ ഈ തീരുമാനം പാളുകയായിരുന്നു. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. എന്‍ ടി പി സി യില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച ആശയ കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് ആവശ്യമായ തയ്യാറെടുപ്പ് നടത്തി വിപണിയില്‍ ഇടപെടാന്‍ ബോര്‍ഡിന് സാധിച്ചില്ല. ലോഡ് ഷെഡ്ഡിങ് ഒഴിവാക്കുമ്പോള്‍ വൈദ്യുതി വ്യാപാരികളില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്നത് ഇപ്പോള്‍ 100 മെഗാവാട്ടായി കുറഞ്ഞിട്ടുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് മുഖേന 275 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്നത് 117 മെഗാവാട്ടായും കുറഞ്ഞു. വൈദ്യുതിയുടെ വിലയില്‍ വ്യതിയാനമുണ്ടായതും പ്രതിസന്ധിയുണ്ടാക്കി. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചതും ബോര്‍ഡിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു. ഒക്ടോബറില്‍ പ്രതിദിനം 49.5 ദശലക്ഷം വൈദ്യുതി സംസ്ഥാനത്തിന് ആവശ്യമായി വരുമെന്നാണ് ബോര്‍ഡ് കണക്കാക്കിയിരുന്നത്.

ഇപ്പോഴത്തെ പ്രതിദിന ശരാശരി ഉപഭോഗം 5354 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരം പരമാവധി 2900 മെഗാവാട്ട് ആവശ്യമായി വരുമെന്നായിരുന്നു ബോര്‍ഡിന്റെ  പ്രതീക്ഷയെങ്കിലും യഥാര്‍ഥ ആവശ്യകത ഇപ്പോള്‍ തന്നെ 3000 മെഗാവാട്ട് കഴിഞ്ഞിട്ടുണ്ട്. തെലുങ്കാന സമരം മൂലം നിര്‍ത്തി വച്ചിരുന്ന രാമഗുണ്ഡത്ത് നിന്നുള്ള വൈദ്യുതി വിഹിതം 250 മെഗാവാട്ട് ഇന്ന് രാത്രിയോടെ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ലഭിച്ചാലും പ്രതിസന്ധിക്ക് പൂര്‍ണ്ണ വിരാമം ഉണ്ടാവില്ല. പ്രതിസന്ധി തരണം ചെയ്യാന്‍ മഴ കനിയേണ്ട സ്ഥിതിയാണ് ഇപ്പോള്‍. മഴ ആരംഭിച്ചാലും ഉടന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ല. വൈദ്യുതി നിലയങ്ങളില്‍ നിന്ന് അമിത ഉല്‍പ്പാദനം ആരംഭിച്ചതാണ് കാരണം.

സാധാരണ വേനല്‍ക്കാലത്തെ റിസര്‍വേഷനായി ഈ സീസണുകളില്‍ ജലവൈദ്യുത നിലയങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനം നിജപ്പെടുത്താറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കുന്നതിനായി ബോര്‍ഡ് സ്വീകരിക്കുന്ന ഈ നിലപാട് പരീക്ഷാക്കാലം ഉള്‍പ്പെടെയുള്ള സമയത്ത് കേരളത്തെ പവര്‍കട്ടിലേയ്ക്ക് തള്ളിവിടും. ബോര്‍ഡിന്റെ കെടുകാര്യസ്ഥത മൂലം ഏര്‍പ്പെടുത്തേണ്ടി വന്ന ലോഡ്‌ഷെഡിംഗിന്റെ ഉത്തരവാദിത്തം ഉദ്യാഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാനും ഇപ്പോള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ജി ഗിരീഷ്‌കുമാര്‍ janayugom 191011

1 comment:

  1. സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പാളി. മന്ത്രിയുടെ പ്രഖ്യാപനംവന്ന് മണിക്കൂറുകള്‍ കഴിയും മുമ്പ് തന്നെ കെ എസ് ഇ ബി സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും അപ്രഖ്യാപിത ലോഡ്ഷഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ കേരളത്തിനെയാണ് കൂടുതലായും ഇത് ബാധിച്ചിട്ടുള്ളത്.

    ReplyDelete