Tuesday, November 22, 2011

അത്യുജ്വല റാലിയോടെ ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് സമാപനം

ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അജയ്യമാണെന്ന പ്രഖ്യാപനവുമായി രക്തസാക്ഷി ഗ്രാമങ്ങളില്‍ ആവേശത്തിരകള്‍ തീര്‍ത്ത് ആയിരങ്ങള്‍ അണിനിരന്ന ബഹുജന പ്രകടനത്തോടെ സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനം സമാപിച്ചു. ഒഞ്ചിയത്തിന്റെ വിപ്ലവ സ്മൃതികളെയും പോരാട്ടഗാഥകളെയും തകര്‍ക്കാമെന്ന് വ്യാമോഹിച്ചവര്‍ക്കും വലതുപക്ഷ ശക്തികള്‍ക്കും ബഹുജനറാലി കനത്ത താക്കീതായി. രക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എമ്മിനെ കടന്നാക്രമിക്കാമെന്ന മാധ്യമ മനക്കോട്ടകള്‍ക്കും ഏരിയാ സമ്മേളനം മറുപടി നല്‍കി. ഒഞ്ചിയം അടുത്ത കാലത്തൊന്നും ദര്‍ശിക്കാത്ത വന്‍ജനമുന്നേറ്റത്തിനാണ് സാക്ഷിയായത്.

കേളു ബസാര്‍ മാച്ചിനേരിയില്‍ നിന്ന് ചെങ്കുപ്പായമണിഞ്ഞ വളണ്ടിയര്‍മാര്‍ ഏരിയാ ക്യാപ്റ്റന്‍ പി പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ചെയ്തു. ബാന്റ്വാദ്യങ്ങളുടെ അകമ്പടിയോടെ കലാരൂപങ്ങളും വാദ്യമേളങ്ങളും പ്രകടനത്തിന് മിഴിവേകി. സ്ത്രീകളുടെയും കുട്ടികളുടെയും വന്‍ പങ്കാളിത്തം ശ്രദ്ധേയമായി. ഏരിയയിലെ ഏഴ് ലോക്കലുകളിലെ പ്രകടനങ്ങള്‍ കൈനാട്ടി, കണ്ണൂക്കര എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് ആരംഭിച്ചത്. ഇരു പ്രകടനങ്ങളും നാദാപുരം റോഡ് പൊതുസമ്മേളന വേദിയായ വട്ടക്കണ്ടി ഭാസ്കരന്‍ നഗറില്‍ സംഗമിച്ചു. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍ , പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ ഗോപാലന്‍ സ്വാഗതം പറഞ്ഞു.

deshabhimani 221111

No comments:

Post a Comment