Tuesday, November 22, 2011

അഴീക്കല്‍ തുറമുഖം സ്വകാര്യമേഖലയ്ക്ക്

അഴീക്കല്‍ തുറമുഖം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡ പുറത്തായി. പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍(പിപിപി) തുറമുഖവികസനം യാഥാര്‍ഥ്യമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരെടുത്ത തീരുമാനം അട്ടിമറിച്ച് പദ്ധതി ബിഒടി (ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍) അടിസ്ഥാനത്തില്‍ സ്വകാര്യമേഖലയ്ക്ക് നല്‍കാനാണ് നീക്കം. തുറമുഖവകുപ്പ് ചുമതലയുള്ള മന്ത്രി കെ ബാബുവിന്റെ സാന്നിധ്യത്തില്‍ ജൂലൈ 19ന് തീരുമാനമെടുത്തെങ്കിലും ഇതുവരെ രഹസ്യമാക്കിവയ്ക്കുകയായിരുന്നു. തിങ്കളാഴ്ച തുറമുഖവികസനം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ വിവാദ തീരുമാനം വെളിപ്പെടുത്തിയത്.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍)മാതൃകയില്‍ തുറമുഖം നിര്‍മിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ബിഒടിക്കാണ് മുന്‍ഗണനയെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കിയതായാണ് അറിയുന്നത്. 30 വര്‍ഷത്തേക്ക് ബിഒടിക്കുള്ള നടപടി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. തുറമുഖകണ്‍സള്‍ട്ടന്‍സിയായ ഡിലോയിറ്റ് ഇന്ത്യ ലിമിറ്റഡിനോട് പദ്ധതിച്ചെലവ്് പുനര്‍നിര്‍ണയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഴീക്കോട് എംഎല്‍എ കെ എം ഷാജി യോഗത്തില്‍ പങ്കെടുത്തെങ്കിലും അദ്ദേഹവും ഈ തീരുമാനം ജനങ്ങളില്‍നിന്ന് മറച്ചുവച്ചു. പൊതു- സ്വകാര്യ പങ്കാളിത്തത്തിലാണെങ്കിലും ഭൂമി, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ നിക്ഷേപമായി പരിഗണിച്ച് തുറമുഖത്തിന്റെ നിയന്ത്രണം സര്‍ക്കാരിനു ലഭിക്കുന്ന തരത്തിലാണ് എല്‍ഡിഎഫ് ഭരണകാലത്ത് പദ്ധതി വിഭാവനം ചെയ്തത്. പുതിയ തീരുമാനമനുസരിച്ച് തുറമുഖത്തിന്റെ പൂര്‍ണ അധികാരം സ്വകാര്യ കമ്പനിക്കായിരിക്കും.
(ജയകൃഷ്ണന്‍ നരിക്കുട്ടി)

deshabhimani 221111

1 comment:

  1. അഴീക്കല്‍ തുറമുഖം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡ പുറത്തായി. പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍(പിപിപി) തുറമുഖവികസനം യാഥാര്‍ഥ്യമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരെടുത്ത തീരുമാനം അട്ടിമറിച്ച് പദ്ധതി ബിഒടി (ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍) അടിസ്ഥാനത്തില്‍ സ്വകാര്യമേഖലയ്ക്ക് നല്‍കാനാണ് നീക്കം. തുറമുഖവകുപ്പ് ചുമതലയുള്ള മന്ത്രി കെ ബാബുവിന്റെ സാന്നിധ്യത്തില്‍ ജൂലൈ 19ന് തീരുമാനമെടുത്തെങ്കിലും ഇതുവരെ രഹസ്യമാക്കിവയ്ക്കുകയായിരുന്നു. തിങ്കളാഴ്ച തുറമുഖവികസനം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ വിവാദ തീരുമാനം വെളിപ്പെടുത്തിയത്.

    ReplyDelete