Tuesday, November 22, 2011

കര്‍ഷക ആത്മഹത്യ തടയാന്‍ അത്ഭുതവടിയില്ലെന്ന് മുഖ്യമന്ത്രി

കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ തന്റെ പക്കല്‍ അത്ഭുതവടി ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൃഷിക്കാരുടെ ആത്മഹത്യ തടയാന്‍ ഒറ്റമൂലിയില്ലെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി വിശദമായ ചര്‍ച്ചയ്ക്ക് തിങ്കളാഴ്ച മുഖ്യമന്ത്രിക്കും മന്ത്രിസംഘത്തിനും അവസരം ലഭിച്ചെങ്കിലും കര്‍ഷക ആത്മഹത്യപ്രശ്നം ഉന്നയിക്കപ്പെട്ടില്ല. ഈ വിഷയം യഥാര്‍ഥത്തില്‍ മറന്നുപോയതാണെന്ന് മന്ത്രിസംഘത്തെ അനുഗമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.

 പ്രധാനമന്ത്രിയെയും വിവിധ കേന്ദ്രമന്ത്രിമാരെയും കണ്ടശേഷം മന്ത്രിമാരോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കര്‍ഷക ആത്മഹത്യ തടയാന്‍ അത്ഭുതവടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കര്‍ഷക ആത്മഹത്യ കൃഷിമന്ത്രി ശരത്പവാറുമായി ചര്‍ച്ചചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഈ വിഷയം എന്തുകൊണ്ട് ഉന്നയിച്ചില്ലെന്നതിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. 11,002.22 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിനുള്ള കടബാധ്യതയില്‍ 1,924 കോടിയുടെ ഇളവ് അടക്കമാണ് പാക്കേജ്. കേരളത്തിന്റെ കടബാധ്യത കുറയ്ക്കുന്നതിന് ധനമന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

477.13 കോടിയുടെ എന്‍ഡോസള്‍ഫാന്‍ പാക്കേജ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സാമ്പത്തികസഹായം എന്നീ ആവശ്യങ്ങളും മുന്നോട്ടുവച്ചു. മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി, കൂടുതല്‍ വൈദ്യുതിവിഹിതം, കായംകുളം താപനിലയത്തിന് കുറഞ്ഞ നിരക്കില്‍ നാഫ്ത എന്നീ ആവശ്യങ്ങളും മുന്നോട്ടുവച്ചു. കൊച്ചി മെട്രോയുടെ കാര്യത്തില്‍ അടുത്ത് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 2012 സെപ്തംബറില്‍ നിശ്ചയിച്ച എമേര്‍ജിങ്കേരള മീറ്റ് ഉദ്ഘാടനം ചെയ്യുന്നതിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ക്ഷണിച്ചു.
(എം പ്രശാന്ത്)

deshabhimani 221111

1 comment:

  1. കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ തന്റെ പക്കല്‍ അത്ഭുതവടി ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൃഷിക്കാരുടെ ആത്മഹത്യ തടയാന്‍ ഒറ്റമൂലിയില്ലെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി വിശദമായ ചര്‍ച്ചയ്ക്ക് തിങ്കളാഴ്ച മുഖ്യമന്ത്രിക്കും മന്ത്രിസംഘത്തിനും അവസരം ലഭിച്ചെങ്കിലും കര്‍ഷക ആത്മഹത്യപ്രശ്നം ഉന്നയിക്കപ്പെട്ടില്ല. ഈ വിഷയം യഥാര്‍ഥത്തില്‍ മറന്നുപോയതാണെന്ന് മന്ത്രിസംഘത്തെ അനുഗമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.

    ReplyDelete