Friday, December 16, 2011

"ദ കളേഴ്സ് ഓഫ് മൗണ്ടന്‍സിന്" സുവര്‍ണ്ണചകോരം

രാജ്യാന്തരചലച്ചിത്രമേളയില്‍ സുവര്‍ണ്ണചകോരം പുരസ്കാരത്തിന് കൊളമ്പിയന്‍ സംവിധായകന്‍ കാര്‍ലോസ് സീസര്‍ അര്‍ബിയേഴ്സിന്റെ "ദ കളേഴ്സ് ഓഫ് മൗണ്ടന്‍സ്"തെരഞ്ഞെടുത്തു.മികച്ച സിനിമക്കുള്ള രജതചകോരം പുരസ്കാരത്തിന് മെക്സിക്കന്‍ സംവിധായകന്‍ സെബാസ്റ്റ്യന്‍ ഹിരിയാര്‍റ്റിന്റെ സിനിമ "എ സ്റ്റോണ്‍സ് ത്രോ എവേ" അര്‍ഹമായി.മികച്ച പുതുമുഖ സംവിധായകനുള്ള രജതചകോരം ഫ്ളമിഗോ നമ്പര്‍ 13 എന്ന ചിത്രം സംവിധാനം ചെയ്ത ഹമീദ് റാസക്ക് ലഭിച്ചു.

ചിലിയന്‍ സംവിധായകന്‍ പാബ്ലോ പെരില്‍മാന്റെ "പെയിന്റിംങ് ലസണ്‍സ്" പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രമായി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്കാരത്തിന് അദിതി റോയ് സംവിധാനം ചെയ്ത ബംഗാളി ചിത്രം. "അറ്റ് ദഎന്‍ഡ് ഓഫ് ഇറ്റ് ഓള്‍" നേടി. ആദാമിന്റെ മകന്‍ അബുവാണ് മികച്ച മലയാളചിത്രം.

വര്‍ത്തമാനകാല കൊളമ്പിയന്‍ ജീവിതം വെളിപ്പെടുത്തിയ "കളേഴ്സ് ഓഫ് മൗണ്ടന്‍ ഒരു കുട്ടിയുടെ കണ്ണിലൂടെ വനാന്തരങ്ങളിലെ ചെറിയ ഗ്രാമത്തിന്റെ കഥ പറയുന്നു. ഒമ്പതുവയസ്സുകാരനായ മാനുവല്‍ എന്നും ഒരു പഴയ പന്തുകൊണ്ടാണ് ഫുട്ബോള്‍ കളിക്കുന്നത്. വളരുമ്പോള്‍ വലിയ ഗോള്‍കീപ്പറാകണമെന്നാണ് അവന്റെ ആഗ്രഹം. പിറന്നാള്‍ദിനത്തില്‍ ഒരു പുതിയ പന്ത് കിട്ടുന്നതോടെ തന്റെ സ്വപ്നങ്ങള്‍ പൂവണിയാന്‍ പോകുന്നതായി ബാലന് തോന്നുന്നു. കൊളംബിയന്‍ പ്രശ്നങ്ങളുടെ ഉള്ളിലേക്ക് കടക്കുന്നതിനുപകരം സാധാരണക്കാരുടെ ജീവിതത്തിന്റ കഥ പറയുകയാണ് സംവിധായകന്‍ , അതും കുട്ടികളുടെ വര്‍ണലോകത്തിലൂടെ.

ബനുവല്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മെക്സിക്കന്‍ സിനിമയിലെ നവ പ്രതീക്ഷയായ സെബാസ്റ്റ്യന്‍ ഹിരിയാര്‍റ്റിന്റെ മികച്ച ചിത്രമാണ് "എ സ്റ്റോണ്‍സ് ത്രോ എവേ". ജാക്കിന്റോ ആട്ടിടയനായ യുവാവാണ്. ബോറടിപ്പിക്കുന്ന ഈ ജോലിയില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ ആഗ്രഹിക്കുകയാണ് അയാള്‍ . ഒരു കീചെയിന്‍ കിട്ടുന്നതോടെ തന്റെ സ്വപ്നങ്ങളും വിചിത്രമായ ദര്‍ശനങ്ങളും പിന്‍തുടര്‍ന്ന് എല്ലാമുപേക്ഷിച്ച് അപകടകരമായ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ് ജാക്കിന്റോ. ചെങ്കൊടിയുള്ള ചിത്രം വരച്ചതിന്റെ പേരില്‍ പിനോഷെയുടെ പട്ടാളത്തിന്റെ ക്രൂരതയ്ക്കിരയാകേണ്ടി വന്ന കൊച്ചു ചിത്രകാരന്റെ കഥ വികാരതീവ്രമായി പെയിന്റിംങ് ലസണ്‍സ്" അവതരിപ്പിച്ചു. മികച്ച ഏഷ്യന്‍ ചിത്രമായ "അറ്റ് ദഎന്‍ഡ് ഓഫ് ഇറ്റ് ഓള്‍" സാന്‍ഫ്രാന്‍സിസ്കോയില്‍ ജീവിക്കുന്ന സൗമ്യോ എന്ന യുവാവിന്റെ ബംഗാളി വേരുകള്‍ തേടിയുള്ള യാത്രയാണ്. അമ്മ, കുട്ടിക്കാലം, സ്വന്തം ഭൂതകാലം ഇതൊക്കെ അയാള്‍ക്ക് മധുരസ്മരണയാണ്. പ്രവാസജീവിതം നയിക്കുന്ന ഏതൊരു ഇന്ത്യക്കാരന്റെയും ഹൃദയം തൊടുന്ന സിനിമ. വ്യക്തിയും സ്ഥലവും ജീവിതവും ഒക്കെ ചര്‍ച്ചചെയ്യുന്ന ചിത്രം. ബംഗാളി ജീവിതത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ആദാമിന്റെ മകന്‍ അബുവിന് മൂന്ന് അവാര്‍ഡുകളുണ്ട്. സംശയാലുവായ ഭര്‍ത്താവിന്റെ പ്രതിസന്ധികള്‍ വെളിപ്പെടുത്തിയ അര്‍ജന്റീനിയന്‍ ചിത്രം "ദ കാറ്റ് വാനിഷെസ്, നവാഗത തുര്‍ക്കി സംവിധായകനായ മുസ്തഫാനൂറിയുടെ "ബോഡി" തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഡല്‍ഹിവാസികള്‍ക്കിടയിലെ സാമ്പത്തിക അസമത്വത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച പ്രവാസി മലയാളി പ്രശാന്ത് നായരുടെ "ഡെല്‍ഹി ഇന്‍ എ ഡേ" തുര്‍ക്കി-ജര്‍മ്മനി സംരംഭമായ "ഫൂച്ചര്‍ലാസ്റ്റ് ഫോര്‍ എവര്‍" മറ്റ് ചിത്രങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. രജത ചകോര പുരസ്കാരത്തിനായി മത്സരവിഭാഗത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഏഴുപേര്‍ മത്സരിച്ചു.

deshabhimani news

1 comment:

  1. രാജ്യാന്തരചലച്ചിത്രമേളയില്‍ സുവര്‍ണ്ണചകോരം പുരസ്കാരത്തിന് കൊളമ്പിയന്‍ സംവിധായകന്‍ കാര്‍ലോസ് സീസര്‍ അര്‍ബിയേഴ്സിന്റെ "ദ കളേഴ്സ് ഓഫ് മൗണ്ടന്‍സ്"തെരഞ്ഞെടുത്തു.മികച്ച സിനിമക്കുള്ള രജതചകോരം പുരസ്കാരത്തിന് മെക്സിക്കന്‍ സംവിധായകന്‍ സെബാസ്റ്റ്യന്‍ ഹിരിയാര്‍റ്റിന്റെ സിനിമ "എ സ്റ്റോണ്‍സ് ത്രോ എവേ" അര്‍ഹമായി.മികച്ച പുതുമുഖ സംവിധായകനുള്ള രജതചകോരം ഫ്ളമിഗോ നമ്പര്‍ 13 എന്ന ചിത്രം സംവിധാനം ചെയ്ത ഹമീദ് റാസക്ക് ലഭിച്ചു.

    ReplyDelete