Monday, December 12, 2011

ഷാഹിനയ്ക്കു നേരെ കുടകില്‍ സംഘപരിവാര്‍ അക്രമം

ബംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനയ്ക്കു നേരെ കര്‍ണാടകത്തില്‍ സംഘപരിവാറിന്റെ അക്രമം. കുടക് സോമാവര്‍പേട്ട് പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് പൊലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം അക്രമമുണ്ടായത്. ഷാഹിന സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലെറിയുകയും വാഹനം അടിച്ചുതകര്‍ക്കുകയുംചെയ്തു.
സോമാവര്‍പേട്ട് തഹസില്‍ദാര്‍ ഓഫീസില്‍ തിരിച്ചറിയല്‍ പരേഡിനാണ് ഷാഹിന എത്തിയത്. സുഹൃത്തിനൊപ്പം തഹസില്‍ദാര്‍ ഓഫീസില്‍ എത്തുന്നതിന് മുമ്പുതന്നെ ഹിന്ദു ജാഗരണ വേദികെയുടെ ഏതാനും പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്ത് തടിച്ചുകൂടി. ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷിയെന്ന് അവകാശപ്പെടുന്ന കെ കെ യോഗാനന്ദയുടെ നേതൃത്വത്തില്‍ ഏതാനും ആര്‍എസ്എസുകാരും ഹിന്ദു ജാഗരണവേദികെ പ്രവര്‍ത്തകരും ഷാഹിന സഞ്ചരിച്ച വാഹനം തടയാന്‍ ശ്രമിച്ചു. സംഭവം സിഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സിഐ ഒഴിഞ്ഞുമാറി. തുടര്‍ന്ന് ഷാഹിനതന്നെ ബംഗളൂരുവിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു.

തെളിവെടുപ്പിനുശേഷം പുറത്തിറങ്ങിയ ഷാഹിനയെ പൊലീസ് വാനില്‍ പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് കല്ലെറിഞ്ഞത്. മുദ്രാവാക്യം വിളിച്ച് വാന്‍ തടയുകയും ചില്ല് അടിച്ചുതകര്‍ക്കുകയുംചെയ്തു. പിന്നീട് കൂടുതല്‍ പൊലീസ് സുരക്ഷയോടെയാണ് പുറത്തേക്ക് വരാന്‍ കഴിഞ്ഞതെന്ന് ഷാഹിന പറഞ്ഞു. ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷിയായ കെ കെ യോഗാനന്ദയെ ഷാഹിന നേരത്തെ ഇന്റര്‍വ്യൂചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സോമാവര്‍പേട്ട് പൊലീസ് ഷാഹിനയ്ക്കെതിരെ കേസെടുത്തിരുന്നു.

deshabhimani 121211

1 comment:

  1. മലയാളി മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനയ്ക്കു നേരെ കര്‍ണാടകത്തില്‍ സംഘപരിവാറിന്റെ അക്രമം. കുടക് സോമാവര്‍പേട്ട് പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് പൊലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം അക്രമമുണ്ടായത്. ഷാഹിന സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലെറിയുകയും വാഹനം അടിച്ചുതകര്‍ക്കുകയുംചെയ്തു.

    ReplyDelete