Thursday, December 15, 2011

ബേബിയേട്ടന്റെ ഓര്‍മയിലിപ്പൊഴും രാമായണത്തിലൊളിപ്പിച്ച രഹസ്യരേഖ

തിരൂരങ്ങാടി: പ്രായം 83 പിന്നിട്ടെങ്കിലും ബേബിയേട്ടന് വിപ്ലവാവേശത്തിന്റെ കനലടങ്ങിയിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച കാലത്ത് നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയത് ഇദ്ദേഹമായിരുന്നു. വടക്കുംതാന്നി പ്രഭാകരന്‍ നായര്‍ എന്ന ബേബിയേട്ടന്‍ അരിയല്ലൂര്‍ , വള്ളിക്കുന്ന് ഭാഗങ്ങളില്‍ 1948-49 കാലഘട്ടത്തില്‍ മെസഞ്ചറായി പ്രവര്‍ത്തിച്ചു. പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായിരുന്ന കോഴിക്കോടിന്റെ അടുത്ത പ്രദേശമെന്നതും യജ്ഞമൂര്‍ത്തി നമ്പൂതിരിപ്പാട്, കോയക്കുഞ്ഞിനഹ എന്നിവരുമായുള്ള അടുപ്പവുമാണ് ഈ മേഖലയില്‍ ഒളിവില്‍ കഴിയാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്. അരിയല്ലൂരിലെ നെല്ലായപ്പറമ്പില്‍ വേലുവിന്റെ വീട്ടില്‍നിന്നാണ് സഖാവ് സി എച്ച് കണാരനും സി ഉണ്ണിരാജയും പൊലീസ് പിടിയിലായത്. പിടിക്കപ്പെടുമ്പോള്‍ സി എച്ച് കണാരന്‍ പാര്‍ടി രേഖകള്‍ ജനല്‍വഴി പുറത്തേക്കെറിഞ്ഞു. അത് ഒരു വര്‍ഷം രാമായണത്തിനിടയില്‍ ഒളിപ്പിച്ചുവച്ചത് ഓര്‍ക്കുമ്പോള്‍ ബേബിയേട്ടന്റെ മനസ്സില്‍ അഭിമാനം തുടിക്കുന്നു.

പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് കോഴിക്കോട് "ദേശാഭിമാനി"യിലെ ഗോവിന്ദന്‍കുട്ടിയാണ് രേഖ സി എച്ചിന്റെ അടുക്കലെത്തിച്ചത്. പാര്‍ടി രഹസ്യയോഗത്തിന്റെ വിവരങ്ങളാണ് അതില്‍ അടങ്ങിയിരുന്നത്. രഹസ്യരേഖ പിന്നീട് നശിപ്പിച്ചുകളഞ്ഞു. അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ഡിവൈഎസ്പി വിശ്വനാഥന്‍ അരിയല്ലൂര്‍ അധികാരി ഓഫീസിലേക്ക് പിടിച്ചുകൊണ്ടുപോയതും ഓര്‍മയില്‍ മായാതെയുണ്ട്. സേലം ജയിലിലുണ്ടായ വെടിവയ്പില്‍ എ കെ ജി മരിച്ചിട്ടില്ലായെന്ന് പറഞ്ഞതിനായിരുന്നു അത്. എ കെ ജി കൊല്ലപ്പെട്ടതായ വാര്‍ത്ത വ്യാപകമായി നാട്ടില്‍ പ്രചരിച്ചിരുന്നു. സഹപ്രവര്‍ത്തകരോടൊപ്പം മെഗഫോണിലൂടെ വാര്‍ത്ത നിഷേധിച്ചു. വിവരം എവിടെനിന്ന് കിട്ടിയെന്നറിയാനാണ് പൊലീസ് പിടികൂടിയത്. അധികാരി ഓഫീസില്‍നിന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വിട്ടയച്ചത്. അക്കാലത്ത് സേലം ജയിലിലുണ്ടായിരുന്ന പാണാട്ട് കുഞ്ഞിരാമന്‍നായര്‍ മുഖേനയാണ് എ കെ ജിക്ക് വെടിയേറ്റിട്ടില്ലെന്ന വിവരമറിഞ്ഞതെന്ന് ബേബിയേട്ടന്റെ സാക്ഷ്യം.

വള്ളിക്കുന്ന് ആനങ്ങാടിയിലെ പുളിയഞ്ചേരി ചിന്നപ്പുനായരുടെ വീട്ടിലാണ് പി കൃഷ്ണപിള്ള ഒളിവില്‍ കഴിഞ്ഞിരുന്നത്. ആര്‍ ഉമാനാഥ് ആട്ടിയൂര്‍ ഇല്ലത്ത് ഗോപാലന്‍ എന്ന പേരിലാണ് കഴിഞ്ഞത്. ഇ എം എസ്, നായനാര്‍ , കേളുവേട്ടന്‍ , കേരളീയന്‍ , എന്‍ ഇ ബലറാം തുടങ്ങിയവര്‍ പരപ്പനങ്ങാടി ഭാഗത്താണ് ഒളിവിലുണ്ടായിരുന്നത്. കമ്യൂണിസ്റ്റുകാരെ സഹായിച്ചതിന്റെ പേരില്‍ പൊലീസും പ്രമാണിമാരും നിരന്തരം വേട്ടയാടിയെന്നും ബേബിയേട്ടന്‍ പറയുന്നു. ഒടുവില്‍ മദ്രാസിലേക്ക് വണ്ടികയറി. ആദ്യ ഇ എം എസ് മന്ത്രിസഭ അധികാരത്തിലെത്തിയതോടെയാണ് നാട്ടില്‍ തിരിച്ചെത്തിയതെന്നും ഇദ്ദേഹം ഓര്‍ക്കുന്നു. ശാരീരിക അവശതകള്‍ക്കിടയിലും സിപിഐ എമ്മിന്റെ പ്രധാന പരിപാടികളില്‍ ബേബിയേട്ടനെത്തും. ഭാര്യ: കമലം. മകള്‍ : സംഗീത.

deshabhimani

1 comment:

  1. പ്രായം 83 പിന്നിട്ടെങ്കിലും ബേബിയേട്ടന് വിപ്ലവാവേശത്തിന്റെ കനലടങ്ങിയിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച കാലത്ത് നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയത് ഇദ്ദേഹമായിരുന്നു. വടക്കുംതാന്നി പ്രഭാകരന്‍ നായര്‍ എന്ന ബേബിയേട്ടന്‍ അരിയല്ലൂര്‍ , വള്ളിക്കുന്ന് ഭാഗങ്ങളില്‍ 1948-49 കാലഘട്ടത്തില്‍ മെസഞ്ചറായി പ്രവര്‍ത്തിച്ചു. പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായിരുന്ന കോഴിക്കോടിന്റെ അടുത്ത പ്രദേശമെന്നതും യജ്ഞമൂര്‍ത്തി നമ്പൂതിരിപ്പാട്, കോയക്കുഞ്ഞിനഹ എന്നിവരുമായുള്ള അടുപ്പവുമാണ് ഈ മേഖലയില്‍ ഒളിവില്‍ കഴിയാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്. അരിയല്ലൂരിലെ നെല്ലായപ്പറമ്പില്‍ വേലുവിന്റെ വീട്ടില്‍നിന്നാണ് സഖാവ് സി എച്ച് കണാരനും സി ഉണ്ണിരാജയും പൊലീസ് പിടിയിലായത്. പിടിക്കപ്പെടുമ്പോള്‍ സി എച്ച് കണാരന്‍ പാര്‍ടി രേഖകള്‍ ജനല്‍വഴി പുറത്തേക്കെറിഞ്ഞു. അത് ഒരു വര്‍ഷം രാമായണത്തിനിടയില്‍ ഒളിപ്പിച്ചുവച്ചത് ഓര്‍ക്കുമ്പോള്‍ ബേബിയേട്ടന്റെ മനസ്സില്‍ അഭിമാനം തുടിക്കുന്നു.

    ReplyDelete