Thursday, December 15, 2011

താളപ്പിഴകളുടെ ഗണേശോത്സവത്തിന് നാളെ കൊടിയിറക്കം

താളപ്പിഴകളുടെ ഗണേശോത്സവമായി മാറിയ 16 ാമത് അന്താരാഷ്ട്ര ചലച്ചിത്രേത്സവത്തിന് നാളെ അവസാന റീല്‍. മേള തുടങ്ങുംമുമ്പുതന്നെ വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് തുടക്കമിട്ട ചലച്ചിത്ര മന്ത്രിക്ക് ഇനി അഭിമാനിക്കാം, ഐ എഫ് എഫ് കെയുടെ 16 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇത്രയും പിടിപ്പുകെട്ട ഒരു മേള നടത്തിയതിന്. ഒപ്പം ഐ എഫ് എഫ് കെയെ സ്‌നേഹത്തോടെ കണ്ടിരുന്ന ചലച്ചിത്ര പ്രേമികള്‍ക്ക് ദിവസവും കയ്യേറ്റങ്ങള്‍ക്ക് അവസരം നല്‍കിയതിനും.

ഇത്തവണ ചലച്ചിത്രമേളയ്ക്ക് മത്സരവിഭാഗത്തിലേക്ക് സിനിമി തിരഞ്ഞെടുത്തപ്പോള്‍തന്നെ വിവാദത്തിനും തുടക്കമായിരുന്നു. ചലച്ചിത്രമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നേരിട്ടാണ് ആദ്യവിവാദം തുടങ്ങിവച്ചത്. മത്സരവിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത ആദിമധ്യാന്തത്തെ മന്ത്രി ഇടപെട്ട് പുറത്താക്കി. ചലച്ചിത്ര അക്കാദമിക്ക് സംവിധായകന്‍ ഷെറി നല്‍കിയ സി ഡി പത്രലേഖകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച മന്ത്രി മറ്റൊരു വിവാദത്തിനും തിരികൊളുത്തി.

അക്കാദമിക്ക് നല്‍കിയ സി ഡി എങ്ങനെ മന്ത്രിയുടെ കയ്യിലെത്തിയെന്നതിന് ഇനിയും ഉത്തരം നല്‍കാന്‍ ഗണേഷ് കുമാറോ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനോ തയ്യാറായിട്ടില്ല. ഈ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നത് ശീലമാക്കിയിരിക്കുകയാണ് ഇരുവരും. എന്നിട്ടും ആദിമധ്യാന്ത വിവാദത്തിന് അവസാനം കാണാന്‍ ഇരുവര്‍ക്കുമായില്ല. ഷെറിയുടെ സിനിമ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ തീരുമാനം. ഷെറി ഒടുവില്‍ ഉപവാസവുമായി രംഗത്തെത്തി. ആ സമരം ചലച്ചിത്ര പ്രേമികള്‍ ഏറ്റെടുത്തതോടെ ചിത്രം മത്സരവിഭാഗത്തിലല്ലെങ്കിലും പ്രദര്‍ശിപ്പിക്കേണ്ട ഗതികേടിലായി മന്ത്രിയും കൂട്ടരും.

മത്സര വിഭാഗത്തില്‍ മലയാളം സിനിമയെ ഉള്‍പ്പെടുത്താതിരിക്കാന്‍ നടത്തിയ ശ്രമങ്ങളും ചലച്ചിത്രമേളയുടെ നിറം കെടുത്തി. ആദിമധ്യാന്തത്തെ ചലച്ചിത്രനടനായ മന്ത്രി ഗണേഷ്‌കുമാര്‍ പുറത്താക്കിയെങ്കില്‍ ആദാമിന്റെ മകന്‍ അബുവിന്റെ തലയരിഞ്ഞത് സിനിമാ സംവിധായകന്‍കൂടിയായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍. ഗോവ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന, ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്ത വകുപ്പ് ഉപയോഗിച്ചയിരുന്നു ആദാമിന്റെ മകനെ അക്കാദമി കോള്‍ഡ് സ്‌റ്റോറേജില്‍ കയറ്റിയത്.

ആദിമധ്യാന്തം കണ്ട ഗണേഷ്‌കുമാറാകാന്‍ ചലച്ചിത്ര ആസ്വാദകര്‍ തയ്യാറായില്ല. 15 വര്‍ഷവും ഐ എഫ് എഫ് കെയിലില്ലാതിരുന്ന പുതുമകള്‍ അംഗീകരിച്ചുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നുമില്ല. അതുകൊണ്ടുതന്നെ ചലച്ചിത്രമേളയ്ക്ക് തുടക്കമായ ഡിസംബര്‍ ഒന്നിനുതന്നെ അടിയും തുടങ്ങി.

ഇത്തവണ വന്‍ ഫീസ് വാങ്ങിയാണ് ഡെലിഗേറ്റുകള്‍ക്ക് ചലച്ചിത്രഅക്കാദമി പാസ് അനുവദിച്ചത്. ഫൈനും സൂപ്പര്‍ഫൈനും വരെ വാങ്ങാന്‍ കാണിച്ച ആവേശം പക്ഷേ പാസ് നല്‍കുന്നതിലുണ്ടായില്ല. പാസിനായി എത്തിയ ഡെലിഗേറ്റുകളെ മണിക്കൂറുകള്‍ പൊരിവെയിലത്ത് ക്യൂനിര്‍ത്തിച്ചു സംഘാടകര്‍. എന്നിട്ടും ആര്‍ക്കും പാസ് ലഭിക്കാതായതോടെയായിരുന്നു ആദ്യ കയ്യാങ്കളി.

തിയേറ്ററുകളിലെ ബാല്‍ക്കണികള്‍ തങ്ങളുടെ ഫാന്‍സ് അസോസിയേഷന്‍കാര്‍ക്കായി ഒഴിച്ചിട്ട നടപടിയായിരുന്നു അടുത്ത അടിക്ക് വഴിവച്ചത്. തിയേറ്ററുകള്‍ നിറഞ്ഞുകവിയുമ്പോഴും ബാല്‍ക്കണികള്‍ ഒഴിഞ്ഞുകിടക്കുന്നത് കണ്ടുരസിക്കാന്‍ ചലച്ചിത്രപ്രേമികള്‍ തയ്യറായില്ല. ഇതോടെ തിയേറ്ററുകളില്‍ സംഘര്‍ഷം പതിവായി.

മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്തവരായിരുന്നു സംഘാടകരുടെ മികവിന്റെ മറ്റൊരു ഇരകള്‍. റിസര്‍വ് ചെയ്തവര്‍ സിനിമയ്‌ക്കെത്തിയപ്പോള്‍ തങ്ങളുടെ സീറ്റില്‍ വേറെ ആരൊക്കെയോ കയറിയിരിക്കുന്നു. എല്ലാവരുടെ കയ്യിലുമുണ്ട് ഒരേസീറ്റിനുള്ള ബാര്‍കോഡ്.

വനിതാ ഡെലിഗേറ്റുകളോട് ചില വോളന്റിയര്‍മാര്‍ക്ക് തോന്നിയ കമ്പം ഒരു തിയേറ്ററില്‍ അടിയുടെവക്കുവരെ കാര്യങ്ങളെത്തിച്ചു. തുടര്‍ന്ന് പൊലീസ് കാവലില്‍ നടേത്തണ്ടിവന്ന ആദ്യ ചലച്ചിത്രമേള എന്ന ബഹുമതിയും 16 ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ലഭിച്ചു. തിയേറ്ററുകളില്‍നിന്നും പൊലീസിനെ പിന്‍വലിക്കുകയെന്ന പ്രതിഷേധ പോസ്റ്ററുകള്‍ എങ്ങും പ്രത്യക്ഷപ്പെടുകയും ചെയ്തു.

മത്സരവിഭാഗത്തിലുള്ള ചിത്രങ്ങള്‍ കണ്ട് വിലയിരുത്തേണ്ട ജൂറിയും ഇത്തവണ വലഞ്ഞു. ജൂറി അംഗങ്ങളാരെന്ന് സംഘാടകര്‍ക്ക് അറിയില്ല. സാധാരണ ഡെലിഗേറ്റിനെപ്പോലെ ഉന്തിയും തള്ളിയും തിയേറ്ററിനകത്തുകടന്ന്, നിലത്തിരുന്ന് സിനിമ കാണേണ്ടിവന്ന അവസ്ഥയായിരുന്നു ചില ജൂറി അംഗങ്ങള്‍ക്ക്. ജൂറി ചെയര്‍മാനായ ഓസ്‌ട്രേലിയക്കാരന്‍ ബ്രൂസ്‌ബെരസ്‌ഫോര്‍ഡിനുപോലും ഇതായിരുന്നു അവസ്ഥ. 'ബോഡി' എന്ന ചിത്രം കൈരളി തിയേറ്ററില്‍ തറയിലിരുന്ന് കണ്ടാണ് അദ്ദേഹം മാര്‍ക്കിട്ടത്.

മറ്റൊരു ജൂറി അംഗം രാഹുല്‍ ബോസ് ആകട്ടെ സംഘാടകരെ ഭീഷണിപ്പെടുത്തിയാണ് ഒരു കസേര ഒപ്പിച്ചത്. വേറൊരു ജൂറി അംഗം ന്യൂതിയേറ്ററില്‍ സിനിമ കാണാന്‍ എത്തിയപ്പോള്‍ ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അടികൂടി അകത്തുകടക്കാന്‍ കഴിയാത്തതിനാല്‍ ഒരു മണിക്കൂറാണ് സംഘാടകരെ കാത്ത് അദ്ദേഹം തിയേറ്ററിന്റെ മുന്നില്‍ നിന്നത്.
ചലച്ചിത്രമേള വേദികളില്‍ സാധാരണ മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും അരങ്ങേറാറുണ്ട്. ഇത്തവണ അതിനും സംഘാടകര്‍ തടയിട്ടു. പത്രപ്രവര്‍ത്തകയായ ഷാഹിനയെ ബാംഗ്ലൂരില്‍ തെളിവെടുപ്പിന് കൊണ്ടുപോയതില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു.

ഓപ്പണ്‍ഫോറം ആണ് ഒരു മേളയുടെ ജീവന്‍. ഇതും ഇത്തവണ കുളമായി. ജനാധിപത്യപരമായ രീതിയില്‍ ഒരു ചര്‍ച്ചകൊണ്ടുപോകാന്‍പോലും സംഘാടകര്‍ക്ക് കഴിഞ്ഞില്ല. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കോളറിന് പിടിച്ച് പുറത്താക്കാന്‍ വോളന്റിയര്‍മാരെ നിയോഗിച്ചതോടെ സിനിമയെ ഗൗരവമായി സമീപിക്കുന്നവരും തിരിച്ചടിച്ചു. കഴിഞ്ഞദിവസത്തെ ഓപ്പണ്‍ഫോറം കയ്യാങ്കളിയിലാണ് അവസാനിച്ചത്.

പിടിപ്പുകേടിന്റെയും താളപ്പിഴകളുടെയും മേള തീരാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. സാധാരണ ഗണേശോത്സവങ്ങള്‍ സമാപിക്കുക വിഗ്രഹനിമഞ്ജന ഘോഷയാത്രയോടെയാണ്. ഗണേശന്റെ വിഗ്രഹങ്ങള്‍ കടലില്‍കൊണ്ടുകളയുന്ന ആചാരം. ഇവിടെയും വിഗ്രഹനിമഞ്ജന ഘോഷയാത്ര ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.

janayugom 151211

2 comments:

  1. താളപ്പിഴകളുടെ ഗണേശോത്സവമായി മാറിയ 16 ാമത് അന്താരാഷ്ട്ര ചലച്ചിത്രേത്സവത്തിന് നാളെ അവസാന റീല്‍. മേള തുടങ്ങുംമുമ്പുതന്നെ വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് തുടക്കമിട്ട ചലച്ചിത്ര മന്ത്രിക്ക് ഇനി അഭിമാനിക്കാം, ഐ എഫ് എഫ് കെയുടെ 16 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇത്രയും പിടിപ്പുകെട്ട ഒരു മേള നടത്തിയതിന്. ഒപ്പം ഐ എഫ് എഫ് കെയെ സ്‌നേഹത്തോടെ കണ്ടിരുന്ന ചലച്ചിത്ര പ്രേമികള്‍ക്ക് ദിവസവും കയ്യേറ്റങ്ങള്‍ക്ക് അവസരം നല്‍കിയതിനും.

    ReplyDelete
  2. ഇന്ന് വൈകുന്നേരവും ശ്രീകുമാര്‍ തീയേറ്ററില്‍ 'മൈത്രി ബുക്സ്' എന്ന ചെറിയൊരു പുസ്തക പ്രസിദ്ധീകരണശാലയുടെ ആളും പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകനും ആയ സഖാവ് ലാല്‍സലാമിനെ തിയെറ്റര്‍ സ്റ്റാഫും വോളന്റിയര്‍ ഗുണ്ടകളും ചേര്‍ന്ന് മര്‍ദിച്ചു. 3 മണിയുടെ ഷോക്ക് ബാല്‍കണിക്കു പുറമേ താഴെയും കുറെ സീറ്റുകള്‍ ഗുണ്ടകളുടെ ഡെലിഗേറ്റുകള്‍ പോലുമല്ലാത്ത വേണ്ടപ്പെട്ടവര്‍ക്ക് റിസേര്‍വ് ചെയ്തത് ചോദ്യം ചെയ്ത ഒരു വനിതാ ഡെലിഗേറ്റിനെ വളഞ്ഞുവെച്ച് ഉപദ്രവിക്കാന്‍ തുടങ്ങിയ ഗുണ്ടകളുടെ പിടിയില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനിടയിലാണ് ലാല്‍ സലാമിനെ അവര്‍ മര്‍ദിച്ചത്. വിവരം അറിഞ്ഞെത്തിയ ഞങ്ങള്‍ കുറച്ചുപേര്‍ തിയേറ്ററിനു മുന്‍പില്‍ തറയില്‍ ഇരുന്നു മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പോലീസിന്റെ സാന്നിധ്യത്തിലും തിയേറ്റര്‍ സ്റാഫ് പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി. അവരെ ഡെലിഗേറ്റുകള്‍ മര്‍ദിച്ചു എന്നും തിയേറ്ററിന്റെ ഗ്ലാസ്സുകള്‍ പൊട്ടിച്ചെന്നും അവര്‍ ഡെലിഗേറ്റുകള്‍ക്കെതിരെ പരാതി ഉന്നയിച്ചു. ഈ ഗുണ്ടായിസത്തിനെതിരെ എല്ലാ സിനിമാസ്നേഹികളും സാംസ്കാരിക പ്രവര്‍ത്തകരും പുരോഗമനവാദികളായ ഡെലിഗേറ്റുകളും കൂട്ടായി പ്രതിഷേധിക്കണം.

    ReplyDelete