Friday, December 16, 2011

ഭീഷണിയില്‍ 450 കുടുംബങ്ങളല്ല 40 ലക്ഷമെന്ന് സര്‍ക്കാര്‍ തിരുത്തി

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്ന് ഒരാഴ്ചമുമ്പ് ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന സര്‍ക്കാര്‍ തിരുത്തി. ഡാം തകര്‍ന്നാല്‍ 40 ലക്ഷം ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുമെന്ന് വ്യാഴാഴ്ച കോടതിയില്‍ നല്‍കിയ പുതിയ വിശദീകരണപത്രികയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി താങ്ങുമെന്ന മുന്‍ വിശദീകരണം ഒഴിവാക്കുകയും ചെയ്തു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിശദീകരണപത്രിക ഹാജരാക്കിയത്. മുല്ലപ്പെരിയാര്‍വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ക്രിയാത്മകമല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളല്ല, കൈക്കൊണ്ട നടപടികളാണ് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശം ഹര്‍ജിക്കാര്‍ക്ക് സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍നടക്കമുള്ളവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ , ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ ആദ്യ കേസായി പരിഗണിച്ചെങ്കിലും സര്‍ക്കാര്‍ വിശദീകരണം തയ്യാറാകാത്തതിനെത്തുടര്‍ന്ന് കേസ് ഉച്ചയ്ക്ക് പരിഗണിക്കാന്‍ മാറ്റണമെന്ന് എജി ആവശ്യപ്പെട്ടു. ഉച്ചയ്ക്കു പരിഗണിക്കുമ്പോള്‍ സത്യവാങ്മൂലത്തിനുപകരം വിശദീകരണപത്രികയുടെ പകര്‍പ്പുകള്‍ ഹര്‍ജിഭാഗത്തിനു നല്‍കുകയായിരുന്നു. മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍നായരും വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ ടി എം മനോഹരനും അഡ്വക്കറ്റ് ജനറലും നേരത്തെ കോടതിയില്‍ വ്യക്തമാക്കിയ പ്രസ്താവനകളാണ് വിശദീകരണപത്രികയില്‍നിന്ന് അപ്രത്യക്ഷമായത്.

ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം പ്രവചനാതീതമാണെന്നു മാത്രമാണ് പുതിയ വിശദീകരണം. അപകടസാഹചര്യം കണക്കിലെടുത്ത് സംസ്ഥാന ദുരന്തപരിപാലന അതോറിറ്റി ഡിസംബര്‍ രണ്ടിനു കൈക്കൊണ്ട തീരുമാനങ്ങളും സംസ്ഥാനത്തെ വൈദ്യുതിപ്രതിസന്ധിയും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളുടെ സംഭരണശേഷിയും ഇവയിലെ നീരൊഴുക്കിന്റെ വിശദാംശങ്ങളുമാണ് പത്രികയില്‍ ഉടനീളം. ഇടുക്കിയില്‍ വൈദ്യുതി ഉല്‍പ്പാദനം തുടരുന്നതും ഡാമിന്റെ ജലനിരപ്പ് കുറയ്ക്കാന്‍ വെള്ളം ഒഴുക്കിവിടുന്നതുംമൂലം വേനല്‍ക്കാലത്ത് മൂവാറ്റുപുഴ, പിറവം, തൊടുപുഴ, പെരിയാര്‍ നദീതടപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുമെന്നും പറയുന്നുണ്ട്. കലാപകാരികളെ തടയാന്‍ അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അഡ്വക്കറ്റ് ജനറലിന്റെ പ്രത്യേക ഗവണ്‍മെന്റ്പ്ലീഡര്‍ ടോം കെ തോമസ് സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ പറയുന്നു.

ഏക പോംവഴി പുതിയ ഡാമെന്ന് സര്‍ക്കാര്‍

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന് അപകടമുണ്ടായാല്‍ ദുരന്തം നേരിട്ട് നാശംവിതയ്ക്കുന്ന സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ വിശദീകരണപത്രികയില്‍ ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടാണ് പ്രശ്നപരിഹാരത്തിന് ഏക പോംവഴി. 116 വര്‍ഷത്തെ പഴക്കവും അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങളുമാണ് നിലവിലെ അണക്കെട്ടിനു ഭീഷണി. അണക്കെട്ട് തകരുന്നത് ഒഴിവാക്കാന്‍ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നാണ് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ആവശ്യമെന്ന് വിശദീകരണപത്രികയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു.

ഭൂകമ്പസാധ്യതയും ജലമര്‍ദവും മുന്‍കൂട്ടി കാണാതെയാണ് "സുര്‍ക്കി" ഉപയോഗിച്ചുള്ള അണക്കെട്ടിന്റെ നിര്‍മാണം. അണക്കെട്ടിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് കേരളത്തിലെയും തമിഴ്നാട്ടിലെയും എന്‍ജിനിയര്‍മാരും കേന്ദ്ര ജല കമീഷന്‍ ഡയറക്ടറും 1964ല്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ജലനിരപ്പ് 155ല്‍നിന്ന് 152 അടിയായും 1979ല്‍ 145 അടിയായും കുറച്ചു. 1979ല്‍ വീണ്ടും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ 136 ആയി കുറയ്ക്കാനും ശുപാര്‍ശ ചെയ്തിരുന്നു. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തിയാല്‍പ്പോലും അണക്കെട്ട് സുരക്ഷിതമല്ല. അതിനാല്‍ , തമിഴ്നാടുമായുള്ള പാട്ടക്കരാറില്‍ അവശേഷിക്കുന്ന 883 വര്‍ഷം അണക്കെട്ട് നിലനില്‍ക്കുമെന്നു കരുതാനാവില്ലെന്നും പത്രികയില്‍ വ്യക്തമാക്കുന്നു. ജലനിരപ്പ് കുറയ്ക്കാന്‍ വ്യവസ്ഥചെയ്യാനാണ് ഡാം സുരക്ഷാനിയമം കൊണ്ടുവന്നത്. ജലനിരപ്പ് 136 അടിയില്‍ കൂടുതലായാല്‍ അണക്കെട്ട് തകരാന്‍ ഇടയുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച ദേശീയ വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍പ്രശ്നം ചര്‍ച്ചചെയ്യാനും പരിഹരിക്കാനുമായി നാല് വകുപ്പുമന്ത്രിമാര്‍ അടങ്ങുന്ന ഉപസമിതിക്ക് രൂപംനല്‍കിയിട്ടുണ്ട്. അപകടസാഹചര്യം നേരിടാനുള്ള നടപടിക്കായി ദുരന്തപരിപാലനസമിതിക്ക് രൂപംനല്‍കിയിട്ടുണ്ട്. ഭൂകമ്പ സാധ്യതാപഠനത്തിന് റൂര്‍ക്കി ഐഐടിയെ നിയോഗിച്ചിട്ടുണ്ടെന്നും പത്രികയില്‍ പറയുന്നു.

റവന്യു, ദുരന്തപരിപാലന, ജലസേചന, ആഭ്യന്തര വകുപ്പുകളും വൈദ്യുതിബോര്‍ഡ് ചെയര്‍മാനും നല്‍കിയ വസ്തുതകള്‍ ക്രോഡീകരിച്ചുള്ളതാണ് വിശദീകരണപത്രിക. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിച്ചാണ് വിശദീകരണപത്രിക സമര്‍പ്പിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സെക്രട്ടറി അഡ്വ. ഇ കെ നാരായണന്‍ , തൊടുപുഴ സ്വദേശി ചിറ്റൂര്‍ രാജമന്നാര്‍ , തൃശൂര്‍ സ്വദേശി പി ഡി ജോസഫ്, ഗ്രീന്‍ ആക്ഷന്‍ ഫോഴ്സ് തുടങ്ങിയവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ , ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍തന്നെ അട്ടിമറിച്ചു

കൊച്ചി: മുല്ലപ്പെരിയാര്‍ കേസില്‍ മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍തന്നെ അട്ടിമറിച്ചു. അഡ്വക്കറ്റ് ജനറലിന്റെ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പുതിയ സത്യവാങ്മൂലം നല്‍കാനാണ് തീരുമാനിച്ചത്. എന്നാല്‍ , വ്യാഴാഴ്ച സത്യവാങ്മൂലത്തിനുപകരം സര്‍ക്കാര്‍ അഭിഭാഷകന്‍ തയ്യാറാക്കിയ വിശദീകരണപത്രികയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. സര്‍ക്കാര്‍നടപടികള്‍ വിശദീകരിച്ച് സംസ്ഥാനസര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറിയോ, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ സത്യവാങ്മൂലം സമര്‍പ്പിക്കുകയെന്ന കീഴ്വഴക്കവും അട്ടിമറിച്ചാണ് പത്രിക നല്‍കിയത്. 16നു മുമ്പ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതിയും നിര്‍ദേശിച്ചിരുന്നു. സത്യവാങ്മൂലമാകുമ്പോള്‍ അത്നല്‍കുന്ന ഉദ്യോഗസ്ഥന്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കും. എന്നാല്‍ , വിശദീകരണപത്രികയ്ക്ക് ആര്‍ക്കും ഉത്തരവാദിത്തം ഉണ്ടാകില്ല. മന്ത്രിസഭാ തീരുമാനപ്രകാരം സത്യവാങ്മൂലത്തിനായി വിവിധ വകുപ്പുകളില്‍നിന്നും വൈദ്യുതിബോര്‍ഡില്‍നിന്നും പ്രത്യേകം വിശദാംശങ്ങള്‍ എജി വാങ്ങുകയും ഇവ ക്രോഡീകരിച്ച് കരടു തയ്യാറാക്കി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മന്ത്രിസഭാ ഉപസമിതിക്കും നല്‍കിയിരുന്നു. എന്നാല്‍ , അത് കോടതിയിലെത്താതിരുന്നത് ദുരൂഹമാണ്.

കോണ്‍ഗ്രസ് പിന്മാറ്റത്തില്‍ അണികളില്‍ പ്രതിഷേധം

കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്മാറിയതില്‍അണികള്‍ക്ക് കടുത്ത എതിര്‍പ്പ്. പലരും പരസ്യമായി രംഗത്തെത്തി. കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലീം യൂത്ത് ലീഗ് വണ്ടിപ്പെരിയാറില്‍ പ്രകടനം നടത്തി. രണ്ടാഴ്ചയായി വണ്ടിപ്പെരിയാറില്‍ സമാധാനപരമായി നടക്കുന്ന സമരത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പിന്മാറ്റം നാട്ടുകാരിലും എതിര്‍പ്പിനിടയാക്കി. സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ അടിച്ച ഫ്ളക്സ് ബോര്‍ഡിലും ബഹുവര്‍ണ പോസ്റ്ററുകളിലും അനുഭാവികളും നാട്ടുകാരും ചാണകവും ചെളിയുമെറിഞ്ഞു.

യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ ലീഗ് സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതും കോണ്‍ഗ്രസിനു തിരിച്ചടിയായി. അണക്കെട്ട് പ്രദേശത്ത് തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഉണ്ടായപ്പോഴാണ് ആയിരങ്ങള്‍ തെവുവിലിറങ്ങിയതും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഭരണസമിതി നേതൃത്വം കൊടുത്ത് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചതും. ചപ്പാത്തില്‍ ഇ എസ് ബിജിമോള്‍ നിരാഹാരം പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസും സമരം പ്രഖ്യാപിച്ചു. ഈ ഘട്ടത്തില്‍ ഗത്യന്തരമില്ലാതെയാണ് കോണ്‍ഗ്രസ് പങ്കാളിയായത്. എന്നിട്ടും സമരത്തെ ഗൗരവമായി കാണാന്‍ കോണ്‍ഗ്രസ് തയാറായില്ല. തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ ഷട്ടര്‍ പിടിച്ചടക്കിയും ശബരിമല തീര്‍ഥാടക വാഹനങ്ങള്‍ ആക്രമിച്ചുമുള്ള യൂത്ത് കോണ്‍ഗ്രസിന്റെ അക്രമങ്ങള്‍ ജനകീയസമരം പൊളിച്ചു. ചര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കാന്‍ കേരളം സമരം നിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പിന്മാറ്റമെന്നാണ് വ്യാഖ്യാനം.

deshabhimani 161211

1 comment:

  1. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്ന് ഒരാഴ്ചമുമ്പ് ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന സര്‍ക്കാര്‍ തിരുത്തി. ഡാം തകര്‍ന്നാല്‍ 40 ലക്ഷം ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുമെന്ന് വ്യാഴാഴ്ച കോടതിയില്‍ നല്‍കിയ പുതിയ വിശദീകരണപത്രികയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി താങ്ങുമെന്ന മുന്‍ വിശദീകരണം ഒഴിവാക്കുകയും ചെയ്തു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിശദീകരണപത്രിക ഹാജരാക്കിയത്

    ReplyDelete