Tuesday, December 20, 2011

'അന്തിക്കാട് ചെത്തുതൊഴിലാളി സമരം' തെരുവുനാടകരൂപത്തില്‍ ആവിഷ്‌കരിക്കുന്നു

 കേരളത്തിലെ തൊഴിലാളിവര്‍ഗ പോരാട്ട ചരിത്രത്തിലെ അവിസ്മരണീയമായ 'അന്തിക്കാട് ചെത്തുതൊഴിലാളി സമരം' തെരുവുനാടകരൂപത്തില്‍ അവതരിപ്പിക്കുന്നു. ആലപ്പാട് സുഹൃദ്‌സംഘമാണ് സമരേതിഹാസത്തെ നാടകമാക്കാന്‍ തീരുമാനമെടുത്തത്. ആവിഷ്‌കാരപോരാട്ടത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള നാടകം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ തെരുവുനാടകമാകുമെന്ന് സുഹൃദ്‌സംഘം ഭാരവാഹികള്‍ പറഞ്ഞു.

ചെത്തുതൊഴിലാളി മനുഷ്യനാണെന്നും അവര്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും പ്രഖ്യാപിച്ച അന്തിക്കാട് ചെത്തുതൊഴിലാളി സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് നടന്നത്. സ്വാതന്ത്ര്യസമരവുമായി കൂടി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ അന്തിക്കാട് മേഖലയില്‍ ഒട്ടേറെ പേര്‍ രക്തസാക്ഷികളായി. നൂറുകണക്കിനുപേര്‍ ക്രൂരമായ പൊലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചു. സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. എങ്കിലും ചരിത്രപ്രസിദ്ധമായ 'കൊലമുറി സമരം' അടക്കം നടത്തി തൊഴിലാളിവര്‍ഗം കരുത്തുകാട്ടി. ജോര്‍ജ് ചടയംമുറി, കെ പി പ്രഭാകരന്‍ തുടങ്ങിയവര്‍ അമരക്കാരായിരുന്ന സമരത്തോടെ നട്ടെല്ലുള്ള, തലയെടുപ്പുള്ള മനുഷ്യരായി ചെത്തുതൊഴിലാളികള്‍ മാറി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ത്യാഗനിര്‍ഭരമായ പോരാട്ടത്തെ പുനരാവിഷ്‌കരിക്കുമ്പോള്‍ ഇന്ന് ചെത്തുതൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍കൂടി നാടകത്തില്‍ വിഷയമാകും. തെരുവിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന നാടകത്തിന് ചാഴൂര്‍, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലെ വിസ്തൃതമായ ഇടങ്ങളാണ് അരങ്ങാവുക. നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന തെരുവുനാടകപണിപ്പുരയില്‍വെച്ച് നാടകം രൂപപ്പെടുത്തും. അതിനു മുന്നോടിയായി തൃശൂര്‍, നാട്ടിക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ തെരുവുനാടക സെമിനാറുകളും സംഘടിപ്പിക്കും.

1986ല്‍ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് നിരോധിക്കപ്പെട്ട 'കുരിശിന്റെ വഴി' എന്ന തെരുവുനാടകവാതരണത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ചെത്തുതൊഴിലാളി സമരം നാടകമാക്കുന്നത്. (ചിലിയന്‍ നാടകകലാകാരി വലേറിയ ഓള്‍ഗ്വിന്‍ എസ്പിനോസയാണ് ആലപ്പാട് വെച്ച് ഒരുവര്‍ഷം നീളുന്ന വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്). 1986 നവംബര്‍ 17നാണ് അന്തരിച്ച ജോസ് ചിറമ്മലിന്റെ സംവിധാനത്തില്‍ 'കുരിശിന്റെ വഴി' അരങ്ങേറാനിരുന്നത്. എന്നാല്‍ ആലപ്പാട് സെന്ററില്‍ നാടകം തുടുങ്ങുമ്പോള്‍ തന്നെ കലാകാരന്മാരായ 57 പേരെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ട് നാടകം നിരോധിച്ചു. ആലപ്പാട് മുതല്‍ തൃപ്രയാര്‍ വരെ ഏകദേശം പത്തു കിലോമീറ്റര്‍ പ്രദേശത്താണ് നാടകം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ തെരുവുനാടക പരീക്ഷണത്തെയാണ് അന്ന് മതമേലധ്യക്ഷന്മാര്‍ക്കുവേണ്ടി കരുണാകരന്‍ സര്‍ക്കാര്‍ ഇല്ലായ്മ ചെയ്തത്. ഈ സ്മരണയില്‍ ജോസ് ചിറമ്മലിന്റെ സഫലമാവാതെ പോയ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൂടിയാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് സുഹൃദ്‌സംഘം പ്രസിഡന്റ് കെ എം മുഹമ്മദ് പറഞ്ഞു.

janayugom 201211

1 comment:

  1. കേരളത്തിലെ തൊഴിലാളിവര്‍ഗ പോരാട്ട ചരിത്രത്തിലെ അവിസ്മരണീയമായ 'അന്തിക്കാട് ചെത്തുതൊഴിലാളി സമരം' തെരുവുനാടകരൂപത്തില്‍ അവതരിപ്പിക്കുന്നു. ആലപ്പാട് സുഹൃദ്‌സംഘമാണ് സമരേതിഹാസത്തെ നാടകമാക്കാന്‍ തീരുമാനമെടുത്തത്. ആവിഷ്‌കാരപോരാട്ടത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള നാടകം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ തെരുവുനാടകമാകുമെന്ന് സുഹൃദ്‌സംഘം ഭാരവാഹികള്‍ പറഞ്ഞു.

    ReplyDelete