Wednesday, December 14, 2011

ജയിലുകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം നടപ്പാക്കുന്നു

ജയിലുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നു. നിലവില്‍ സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ മാത്രം നടപ്പാക്കിയിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കുമായി ഇത് വ്യാപിപ്പിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൂജപ്പുര, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് ഏര്‍പ്പെടുത്തിയത്. ഇത് വിജയകരമാകുന്നെങ്കില്‍ രണ്ടാം ഘട്ടമായി മറ്റ് ജയിലുകളിലേക്ക് കൂടി വ്യാപിപ്പിക്കാനായിരുന്നു തീരുമാനം.

ഓരോ ജില്ലയിലും മൂന്ന് ജയിലുകളിലെങ്കിലും ഇത് നടപ്പാക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. തടവുകാരെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കേണ്ടി വരുമ്പോള്‍ സര്‍ക്കാരിന് ഉണ്ടാകുന്ന അധിക ചെലവ് ലാഭിക്കാന്‍ കഴിയുമെന്നതിലുപരിയായി തടവുകാരുടെ സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കോടതിയില്‍ ഹാജരാക്കുന്നതായി കൊണ്ട് പോകുന്ന വഴിയിലാണ് സാധാരണയായി പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വ്യാപകമാക്കുന്നതോടെ ഇതും തടയാന്‍ സാധിക്കും. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള എന്‍ ഐ എ കുറ്റവാളികളെ ഇപ്പോള്‍ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കേണ്ടി വരുന്നത് പൊലീസിന് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. വന്‍ സുരക്ഷയാണ് ഇവര്‍ക്കായി ഒരുക്കുന്നത്. ഇത് സര്‍ക്കാരിന് ഉണ്ടാക്കുന്ന സാമ്പത്തിക ചെലവും വലുതാണ്.

എറണാകുളം സബ് ജയിലിലാണ് രണ്ടാം ഘട്ടമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഒരുക്കുന്നത്. സ്റ്റുഡിയോ ഉള്‍പ്പെടെ ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി 3.45 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ മൂന്ന് ജയിലുകളിലും പിന്‍തുടര്‍ന്ന രീതിയില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ജയിലികളിലെ നിര്‍മ്മാണ യൂണിറ്റ് ആയിരിക്കും വീഡിയോ കോണ്‍ഫറന്‍സിംഗ് സ്റ്റുഡിയോയും മറ്റ് അനുബന്ധ ക്രമീകരണങ്ങളും സജ്ജീകരിക്കുക. കെല്‍ട്രോണ്‍ ഇതിന് ആവശ്യമായ ട്രയിനിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഒരു ജില്ലയിലെ ഒരു ജയിലിലെങ്കിലും വീഡിയോ കോണ്‍ഫറന്‍സിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ അതേ ജില്ലയിലെ മറ്റ് റിമാന്റ് തടവുകാരെയും വിചാരണയ്ക്കായി ഇവിടെ എത്തിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിചാരണ നടത്താനാണ് തീരുമാനം.

തടവുകാരെ വിചാരണയ്ക്കായി കോടതികളില്‍ എത്തിക്കുന്നത് ഏറെ ചിലവേറിയ ഒന്നായി മാറിയിട്ടുണ്ട്. പലപ്പോഴും ഇവരെ കോടതിയില്‍ ഹാജരാക്കിയാലും കേസ് അവധിക്ക് വച്ചാല്‍ ഇതിനായി ചിലവാക്കുന്ന പണത്തിന് യാതൊരു പ്രയോജനവും ലഭിക്കാത്ത അവസ്ഥയുമുണ്ട്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ സുരക്ഷയ്ക്കായി പോകണം. നിലവില്‍ ഉദ്യോഗസ്ഥരുടെ ദൗര്‍ലഭ്യം നേരിടുന്ന സേനയില്‍ ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തടവുകാരെ അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ തടവുകാരുടെയും, ബന്ധുക്കളുടെയും കയ്യില്‍ നിന്ന് പാരിതോഷികങ്ങള്‍ വാങ്ങുന്നതും പതിവാണ്. പ്രതിദിനം 20,000 രൂപയിലധികമാണ് സംസ്ഥാനത്ത് തടവുകാരെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കുന്നതിനായി സര്‍ക്കാരിന് ചിലവാകുന്നത്. ചിലപ്പോള്‍ സംസ്ഥാനത്തിന് പുറത്തും ഇവരെ വിചാരണയ്ക്കായി കൊണ്ട് പോകേണ്ട സാഹചര്യം വരുന്നുണ്ട്. സ്ഥിരം കുറ്റവാളികളായവര്‍ക്ക് മിക്ക ജില്ലയിലും കേസുകള്‍ ഉള്ളതിനാല്‍ എല്ലാ ജില്ലകളിലും ഇവരെ കൊണ്ട് പോകേണ്ടി വരുന്നതും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ജയില്‍ നവീകരണനത്തിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിത്തുടങ്ങിയത്. 166 കോടിയുടെ പദ്ധതിക്ക് 154 കോടി കേന്ദ്രത്തില്‍ നിന്നാണ് ലഭിക്കുന്നത്. അഞ്ച് വര്‍ഷത്തിലുള്ളില്‍ നവവീകരണ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

janayugom news

1 comment:

  1. ജയിലുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നു. നിലവില്‍ സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ മാത്രം നടപ്പാക്കിയിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കുമായി ഇത് വ്യാപിപ്പിക്കുന്നത്.

    ReplyDelete