Wednesday, December 14, 2011

സംസ്ഥാനത്ത് ലഭ്യമാകുന്ന കുടിവെള്ളത്തില്‍ മാരക വിഷാംശം

സംസ്ഥാനത്ത് ലഭ്യമാകുന്ന കുടിവെള്ളത്തില്‍ മാരകമായ  വിഷാംശം. ആലപ്പുഴ, പാലക്കാട്, എറണാകുളം എന്നീ ജില്ലകളില്‍ ലഭ്യമാകുന്ന കുടിവെള്ളത്തിലാണ് വിഷവസ്തുക്കളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഫഌറൈഡ്, ക്ലോറൈഡ്, പൊട്ടാസ്യം, കാഡ്മിയം, ലിഥിയം, സള്‍ഫേറ്റ്, നൈട്രേറ്റ് തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തി. ശുദ്ധജലത്തിലെ രാസവസ്തുക്കളുടെ അനുവദനീയമായ അളവുകള്‍ സബന്ധിച്ച ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സിന്റെ മാനദണ്ഡങ്ങളേക്കാള്‍ ഇരയിട്ടിലധികമാണ്. കുടിവെള്ളത്തിലെ മാലിന്യങ്ങളുടെ അതിപ്രസരം മാരകമായ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതായും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

പാലക്കാട്, ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കിണര്‍വെള്ളവും പൈപ്പിലെ വെള്ളവും പരിശോധിച്ചപ്പോഴാണ് ഫഌറൈഡ് ലവണങ്ങളുടെ സാന്നിധ്യം അനുവദനീയമായ അളവിലധികം കണ്ടെത്തിയത്. പാലക്കാട് ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലെ കുടിവെള്ള സാമ്പിളുകളില്‍ ഫഌറൈഡ് ലവണങ്ങള്‍ ലേയമായ (സോല്യുബിള്‍) അവസ്ഥയിലാണ് കണ്ടെത്തിയത്. എന്നാല്‍ ജില്ലയുടെ നഗരപ്രദേശങ്ങളില്‍ ഫഌറൈഡിന്റെ അംശങ്ങള്‍ പരല്‍ (ക്രിസ്റ്റല്‍)  രൂപത്തിലും കണ്ടെത്തി. നഗരപ്രദേശങ്ങളിലെ കുടിവെള്ള സാമ്പിളുകളില്‍ ഒന്നുമുതല്‍ 5.75 പാര്‍ട് പെര്‍ നൊട്ടേഷന്‍ (പി പി എന്‍, കണികാശാസ്ത്രത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം അളക്കുന്ന യൂണിറ്റാണ് പാര്‍ട്‌സ് പെര്‍ നൊട്ടേഷന്‍) എന്ന ഭയാനകമായ അളവിലാണ് ഫഌറൈഡ് ലവണങ്ങള്‍ കണ്ടെത്തിയത്. പാലക്കാട് ജില്ലയിലെ കോപ്പനൂര്‍ പ്രദേശത്താണ് കൂടുതല്‍ വിഷാംശം കണ്ടെത്തിയത്.

ഈ മേഖലയിലെ കുഴല്‍ കിണറുകളില്‍ നിന്നും ശേഖരിച്ച വെള്ളത്തില്‍ ഫഌറൈഡിന്റെ  അശം 3.13 പി പി എം ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിന്നമൂലത്തറ (1.76) പി പി എം ആണെന്നും കണ്ടെത്തിയിരുന്നു. ഇരുത്താന്‍പതി (2.06), കാഞ്ചിക്കോട് (2.31), വാളയാര്‍ (2.91) എന്നിങ്ങനെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ സ്ഥിതി പാലക്കാട് ജില്ലയെക്കാള്‍ കൂടുതല്‍ ഗുരുതരമാണ്. കുട്ടനാട് മേഖലയിലെ കുടിവെള്ളത്തില്‍ ഫഌറൈഡിന്റെ അശം 2.56, രാമപുരം പ്രദേശത്ത് 3.31, കീരിക്കാട് പ്രദേശത്ത് 3.04, ഹരിപ്പാട് പ്രദേശത്ത് 3.67 പി പി എസ് ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം  കഴിഞ്ഞ കാലങ്ങളില്‍  ഈ മേഖലയിലാണ് കൂടുതല്‍ പേര്‍ക്ക് പകര്‍ച്ചപ്പനികള്‍ ഉള്‍പ്പടെയുള്ള സാംക്രമിക രോഗങ്ങള്‍ ബാധിച്ചത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുടിവെള്ളത്തില്‍ ഫഌറൈഡ് ലവണങ്ങളുടെ അമിതമായ സാന്നിധ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു. ശരീരത്തില്‍ ഫഌറൈഡ് ലവണങ്ങളുടെ അംശം പരിധി കഴിഞ്ഞാല്‍ ഗുരുതരമായ ഡിമന്‍ഷ്യ, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങളും ബാധിക്കും. കൂടാതെ അസ്ഥികളെ ബാധിക്കുന്ന ബോണ്‍മാരോ കാന്‍സറിനും ഇത് കാരണമാകും.

പാലക്കാട് ജില്ലയിലെ കുടിവെള്ള സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ ക്ലോറൈഡിന്റെ അശംവും കൂടതലാണെന്ന് കണ്ടെത്തിയിരുന്നു. ക്ലോറൈഡിന്റെ അമിതമായ സാന്നിധ്യം വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. കൂടാതെ കോളന്‍ കാന്‍സര്‍, ബ്ലാഡര്‍ കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു. പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഈ വിഭാഗത്തില്‍പ്പെട്ട കാന്‍സര്‍ രോഗികള്‍ കൂടുതലുള്ളതെന്ന് തിരുവനന്തപുരം ആസ്ഥാനമായ റീജിയണന്‍ കാന്‍സെന്ററിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. ക്ലോറിന്‍ അടങ്ങിയ ഡി ഡി ടി പോലുള്ള (ഡൈക്ലോറോ ഡൈഫിനൈല്‍ ട്രൈക്ലോറോ ഇതേന്‍) കീടനാശിനികളുടെ വ്യാപകമായ ഉപയോഗവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

ഒരിക്കല്‍ ഡി ഡി ടി ഉപയോഗിച്ചാല്‍ അതിലുള്ള ക്ലോറിന്റെ ദൂഷ്യഫലങ്ങള്‍ 200 വര്‍ഷം വരെ തുടരുമെന്നാണ് ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ പറയുന്നത്.
പാലക്കാട് ജില്ലയിലെ കുടിവെള്ളത്തില്‍ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങക്കുള്ള മുഖ്യകാരണം കുടിവെള്ളത്തിലെ അമ്ലാംശമാണെന്ന് വൈദ്യശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. ഇടുക്കി ജില്ലയിലെ കുടിവെള്ള സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ സള്‍ഫേറ്റിന്റെ സാന്നിധ്യം അനുവദനീയമായ അളവില്‍ നിന്നും കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

സള്‍ഫേറ്റിന്റെ അതിപ്രസരം കുടലിലെ കാന്‍സറിന് കാരണമാകുന്നതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നിരവധി തവണ സമര്‍പ്പിച്ചിട്ടും പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ തികഞ്ഞ നിസംഗതയാണ് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന ആക്ഷേപവും ശ്കതമാണ്.

കെ ആര്‍ ഹരി janayugom 141211

1 comment:

  1. സംസ്ഥാനത്ത് ലഭ്യമാകുന്ന കുടിവെള്ളത്തില്‍ മാരകമായ വിഷാംശം. ആലപ്പുഴ, പാലക്കാട്, എറണാകുളം എന്നീ ജില്ലകളില്‍ ലഭ്യമാകുന്ന കുടിവെള്ളത്തിലാണ് വിഷവസ്തുക്കളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഫഌറൈഡ്, ക്ലോറൈഡ്, പൊട്ടാസ്യം, കാഡ്മിയം, ലിഥിയം, സള്‍ഫേറ്റ്, നൈട്രേറ്റ് തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തി. ശുദ്ധജലത്തിലെ രാസവസ്തുക്കളുടെ അനുവദനീയമായ അളവുകള്‍ സബന്ധിച്ച ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സിന്റെ മാനദണ്ഡങ്ങളേക്കാള്‍ ഇരയിട്ടിലധികമാണ്. കുടിവെള്ളത്തിലെ മാലിന്യങ്ങളുടെ അതിപ്രസരം മാരകമായ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതായും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

    ReplyDelete