Monday, December 19, 2011

കിം ജോങ് ഇല്‍

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉപജാപങ്ങളെ ചെറുത്തുകൊണ്ട് ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ എന്ന ജനാധിപത്യ കൊറിയയെയും അവിടെയുള്ള സോഷ്യലിസ്റ്റ് സാമൂഹ്യ-രാഷ്ട്രീയവ്യവസ്ഥയെയും നിലനിര്‍ത്തി ശക്തിപ്പെടുത്തുന്നതില്‍ ചരിത്രപ്രധാനമായ പങ്കുവഹിച്ച നേതാവാണ് കഴിഞ്ഞദിവസം അന്തരിച്ച കിം ജോങ് ഇല്‍ . ജാപ്പനീസ് അധിനിവേശത്തിന്റെയും അമേരിക്കന്‍ കടന്നുകയറ്റങ്ങളുടെയും ഭരണഘട്ടങ്ങളില്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തിന്റെ വികസനത്തിനുംവേണ്ടി ഏറെ ത്യാഗം അനുഷ്ഠിച്ച കിം കുടുംബത്തിലെ കണ്ണിയായിരുന്നു വടക്കന്‍ കൊറിയയുടെ ദേശീയ സുരക്ഷാ കമീഷന്‍ ചെയര്‍മാനും കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെ നേതാവുമായിരുന്ന കിം ജോങ് ഇല്‍ . ജാപ്പ് ആക്രമണ കാലത്ത് കിം ഇല്‍ സുങ്ങിന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരും പൊരുതി രക്തസാക്ഷിത്വം വരിച്ചിരുന്നു. അവശേഷിച്ച വളരെച്ചുരുക്കം പേരില്‍ ഒരാളാണ് 1949ല്‍ സ്ഥാപിതമായ രാഷ്ട്രത്തിന്റെ പ്രസിഡന്റായി അധികാരമേറ്റ കിം ഇല്‍ സുങ്. ആ കിം ഇല്‍ സുങ്ങിന്റെ പുത്രനാണ് പിന്നീട് ജനാധിപത്യ കൊറിയയുടെ നേതൃസ്ഥാനത്തേക്കുയര്‍ന്ന കിം ജോങ് ഇല്‍ .

ജാപ്പ് ആക്രമണത്തിലും അമേരിക്കന്‍ അധിനിവേശത്തിലും തകര്‍ന്നടിഞ്ഞുകിടന്ന ഏഷ്യയിലെ ഏറ്റവും പിന്നോക്കരാജ്യമായിരുന്ന കൊറിയയെ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്കരിച്ചും ഫലവത്തായ കര്‍മപരിപാടികള്‍ നടപ്പാക്കിയും വികസനത്തിന്റെ പുതുകാലത്തേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ ആദ്യം കിം ഇല്‍ സുങ്ങും പിന്നീട് കിം ജോങ് ഇല്ലും അവരുടെ നേതൃത്വത്തിലുള്ള കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിയും വഹിച്ച പങ്ക് വിസ്മയകരമാണ്. ആ പാര്‍ടിക്കും അവരുടെ നേതൃത്വത്തിനും കൊറിയന്‍ ജനതയ്ക്കുമിടയിലുള്ള സ്വീകാര്യതയ്ക്കും സ്വാധീനതയ്ക്കും ഉള്ള കാരണം യുദ്ധകാലംതൊട്ട് അവര്‍ രാഷ്ട്രത്തിനും ജനതയ്ക്കുംവേണ്ടി അര്‍പ്പണബോധത്തോടെ നല്‍കിയ ത്യാഗപൂര്‍വമായ സംഭാവനകളാണ്. ആഭ്യന്തര സ്വാശ്രയത്വത്തിലും സ്വയംപര്യാപ്തതയിലും ഊന്നുന്ന ജൂച്ചൈ ഐഡിയ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് കിം ഇല്‍ സുങ് രാജ്യത്തെ നയിച്ചതെങ്കില്‍ രാജ്യപരമാധികാരത്തിലും സുരക്ഷയിലും ഊന്നുന്ന "സാങ് ഇന്‍" ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് കിം ജോങ് ഇല്‍ രാജ്യത്തെ നയിച്ചത്. രണ്ടും ഒരേപോലെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയ ഉള്ളടക്കത്തോടുകൂടിയതായിരുന്നു. പുതിയകാലത്ത് സാമ്രാജ്യത്വം സഹകരണവാഗ്ദാനവുമായി വരുന്നുവെങ്കിലത് സഹായിക്കാനല്ല; മറിച്ച് നശിപ്പിക്കാനാണ് എന്ന തിരിച്ചറിവും ആ തിരിച്ചറിവോടെ പരിഹരിക്കപ്പെടുന്ന സൈന്യ സുസജ്ജതയുമാണ് ആദ്യ സൈന്യശക്തി എന്ന അര്‍ഥം വരുന്ന "സാങ് ഇന്‍" ആശയത്തിന്റെ ഉള്ളടക്കം. തെക്കന്‍ കൊറിയയില്‍ സ്വന്തം ആര്‍മി ജനറലിനെയും സൈനികവ്യൂഹത്തെയും നിര്‍ത്തിക്കൊണ്ട് പ്രത്യക്ഷമായും ഇന്റര്‍നാഷണല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി വഴിയുള്ള ഇടപെടലുകളിലൂടെ പരോക്ഷമായും അമേരിക്ക തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ അതിനെ നേരിടാനുള്ള ശേഷി വികസിപ്പിച്ചുകൊണ്ട് രാജ്യരക്ഷയെ കാക്കാന്‍ കഴിഞ്ഞത് ഈ ആശയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്ന് കിം ജോങ് ഇല്‍ ഇടയ്ക്കിടെ പറയുമായിരുന്നു. ആണവ റിയാക്ടറുകളെ വാട്ടര്‍ റിയാക്ടറുകള്‍കൊണ്ട് സമയബന്ധിതമായി പകരംവച്ചുകൊള്ളണമെന്ന അമേരിക്കന്‍ കല്‍പ്പനയെ തൃണവല്‍ഗണിച്ചുകൊണ്ട് 1000-2000 കിലോമീറ്റര്‍ മിസൈല്‍ പരീക്ഷണവുമായി മുന്നോട്ടുപോയതും അന്താരാഷ്ട്ര ആണവ ഏജന്‍സി പ്രതിനിധികളെ അതിര്‍ത്തി കടന്നുവന്നു പരിശോധിക്കാന്‍ അനുവദിക്കണമെങ്കില്‍ തെക്കന്‍ കൊറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യം അതിര്‍ത്തി കടന്നു പോയ്ക്കൊള്ളണമെന്നും തിരികെ നിബന്ധന വയ്ക്കാനും കഴിഞ്ഞത് നിശ്ചയദാര്‍ഢ്യത്തോടെ ആത്മാഭിമാനമുയര്‍ത്തിപ്പിടിക്കുന്ന നിലപാടെടുക്കാന്‍ കിം ജോങ് ഇല്ലിനു കീഴില്‍ ജനാധിപത്യ കൊറിയക്കു സാധിച്ചതുകൊണ്ടാണ്. തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുടെ മഹത്തായ മൂല്യങ്ങള്‍ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടി എന്നും ഉയര്‍ത്തിപ്പിടിച്ചു.

1964ല്‍ സിപിഐ എമ്മിനെ ആദ്യമായി അംഗീകരിച്ച വിദേശ കമ്യൂണിസ്റ്റ് പാര്‍ടി കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടി ആയിരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനെത്തുടര്‍ന്ന് ആവിഷ്കരിച്ച സോഷ്യലിസ്റ്റ് വിരുദ്ധ ശീതസമര പദ്ധതികളും പൊളിഞ്ഞതോടെ ആയുധശേഷികൊണ്ട് ലോക സോഷ്യലിസ്റ്റ് വ്യവസ്ഥയെ തകര്‍ക്കാനാകില്ലെന്ന് മനസിലാക്കിയ സാമ്രാജ്യത്വം സാമ്പത്തികബന്ധങ്ങള്‍ അടക്കമുള്ള പരോക്ഷതന്ത്രങ്ങള്‍ പയറ്റി. എന്നാല്‍ , ഇത് തിരിച്ചറിഞ്ഞ് സ്വന്തം വ്യവസ്ഥയെ പരിരക്ഷിക്കുന്നതിനുള്ള ജാഗ്രത കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടി ആവിഷ്കരിച്ചത് കിം ഇല്‍ സുങ്ങിന്റെയും കിം ജോങ് ഇല്ലിന്റെയും നേതൃത്വത്തിലാണ്. ആണവനിര്‍വ്യാപനം സംബന്ധിച്ച അമേരിക്കന്‍ കള്ളക്കളികള്‍ക്കു കീഴ്പ്പെടാതിരിക്കാന്‍ വടക്കന്‍ കൊറിയക്ക് കഴിഞ്ഞത് ഈ ജാഗ്രതകൊണ്ടുകൂടിയാണ്. ആയിരം വര്‍ഷത്തിലേറെക്കാലം വംശീയ ഭരണത്തിലും തുടര്‍ന്ന് വൈദേശികാധിപത്യത്തിലുമായി തകര്‍ന്നടിഞ്ഞ ഒരു നാടിനെ സോഷ്യലിസ്റ്റ് ആസൂത്രണത്തിലൂടെ ഹ്രസ്വകാലയളവില്‍ വികസിതാവസ്ഥയിലേക്കു നയിക്കാന്‍ കഴിഞ്ഞു കിം ജോങ് ഇല്ലിന്റെ നേതൃത്വത്തിന്. കിം ഇല്‍ സുങ് രൂപപ്പെടുത്തി ഏല്‍പ്പിച്ച സോഷ്യലിസ്റ്റ് ഭരണസംവിധാനത്തെ നവീകരിച്ചും ശക്തിപ്പെടുത്തിയും മുന്നോട്ടുപോയി കിം ജോങ് ഇല്‍ . ജാപ്പ് ആക്രമണകാലത്ത് കൊറിയന്‍ ഭാഷ, സംസ്കാരത്തിന്റെ ചിഹ്നങ്ങള്‍ , തനത് വിദ്യാഭ്യാസരീതി എന്നിവയൊക്കെ നിരോധിച്ചിരുന്നു. എന്നാല്‍ , സ്വന്തം ഭാഷയിലും സംസ്കാരത്തിലും ഊന്നിയുള്ള വിദ്യാഭ്യാസ സാംസ്കാരിക വളര്‍ച്ച എന്നതിന് കിം ജോങ് ഇല്‍ പരമപ്രാധാന്യം നല്‍കി. ആത്മാഭിമാനമുള്ള തലമുറകളെ വളര്‍ത്തിയെടുക്കാന്‍ ആ ഇടപെടല്‍ സഹായിച്ചു. കിം ഇല്‍ സുങ് രഹസ്യ ക്യാമ്പില്‍ പൊരുതുന്ന വേളയിലാണ് കിം ജോങ് ഇല്‍ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും കൊറിയ മോചിതമാവുകയുംചെയ്ത ഘട്ടത്തില്‍ കിം ജോങ് ഇല്ലിനു മൂന്നോ നാലോ വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.

1980ല്‍ പൊളിറ്റ് ബ്യൂറോ അംഗമായി. 94 ജൂലൈയില്‍ കിം ഇല്‍ സുങ് അന്തരിച്ചപ്പോഴാണ് കിം ജോങ് ഇല്‍ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടി ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്കും രാഷ്ട്ര നേതൃസ്ഥാനത്തേക്കും ഉയര്‍ന്നത്. ആഗോളവല്‍ക്കരണകാലത്ത് രാജ്യാതിര്‍ത്തികളെ തകര്‍ത്ത് ധനമൂലധനം ഒഴുകുന്ന ഘട്ടത്തിലും കൊറിയന്‍ സമ്പദ്ഘടനയെ പോറലേല്‍ക്കാതെ പരിരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ക്ക് കഴിഞ്ഞു. സോഷ്യലിസ്റ്റ് പാതയില്‍നിന്ന് വ്യതിചലിക്കാന്‍ സോവിയറ്റ് തകര്‍ച്ചയെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ പടിപടിയായി ചിലര്‍ തയ്യാറായപ്പോള്‍ , കിം സോഷ്യലിസ്റ്റ് പാതയില്‍ ഉറച്ചുനിന്നു. അമേരിക്കന്‍ ഉപജാപങ്ങള്‍ മറികടന്ന് തെക്കന്‍ കൊറിയയിലെ ജനങ്ങളോടു സംവദിക്കാനും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വടക്കന്‍ കൊറിയയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. നിര്‍ണായകമായ ഒരു ലോകസാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ കിം ജോങ് ഇല്ലിന്റെ വേര്‍പാട് സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള ലോകസമൂഹത്തിന്റെയാകെതന്നെ കനത്ത നഷ്ടമാണ്.

deshabhimani editorial 201211

1 comment:

  1. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉപജാപങ്ങളെ ചെറുത്തുകൊണ്ട് ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ എന്ന ജനാധിപത്യ കൊറിയയെയും അവിടെയുള്ള സോഷ്യലിസ്റ്റ് സാമൂഹ്യ-രാഷ്ട്രീയവ്യവസ്ഥയെയും നിലനിര്‍ത്തി ശക്തിപ്പെടുത്തുന്നതില്‍ ചരിത്രപ്രധാനമായ പങ്കുവഹിച്ച നേതാവാണ് കഴിഞ്ഞദിവസം അന്തരിച്ച കിം ജോങ് ഇല്‍ . ജാപ്പനീസ് അധിനിവേശത്തിന്റെയും അമേരിക്കന്‍ കടന്നുകയറ്റങ്ങളുടെയും ഭരണഘട്ടങ്ങളില്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തിന്റെ വികസനത്തിനുംവേണ്ടി ഏറെ ത്യാഗം അനുഷ്ഠിച്ച കിം കുടുംബത്തിലെ കണ്ണിയായിരുന്നു വടക്കന്‍ കൊറിയയുടെ ദേശീയ സുരക്ഷാ കമീഷന്‍ ചെയര്‍മാനും കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെ നേതാവുമായിരുന്ന കിം ജോങ് ഇല്‍ . ജാപ്പ് ആക്രമണ കാലത്ത് കിം ഇല്‍ സുങ്ങിന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരും പൊരുതി രക്തസാക്ഷിത്വം വരിച്ചിരുന്നു. അവശേഷിച്ച വളരെച്ചുരുക്കം പേരില്‍ ഒരാളാണ് 1949ല്‍ സ്ഥാപിതമായ രാഷ്ട്രത്തിന്റെ പ്രസിഡന്റായി അധികാരമേറ്റ കിം ഇല്‍ സുങ്. ആ കിം ഇല്‍ സുങ്ങിന്റെ പുത്രനാണ് പിന്നീട് ജനാധിപത്യ കൊറിയയുടെ നേതൃസ്ഥാനത്തേക്കുയര്‍ന്ന കിം ജോങ് ഇല്‍ .

    ReplyDelete