Thursday, December 15, 2011

രൂപ താഴോട്ടുതന്നെ; പ്രത്യാഘാതം രൂക്ഷമാകും

രൂപയുടെ വിലയിടിവ് തുടരന്നു. ബുധനാഴ്ച ഒരു ഡോളറിന് 53.75 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം നടന്നത്. രൂപയുടെ ചരിത്രത്തില്‍ ഏറ്റവും മോശം പ്രകടനമാണിത്. ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയാണ് ഇപ്പോള്‍ രൂപ. ഈ വര്‍ഷംമാത്രം 18 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായത്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തി. ഒരുവര്‍ഷമായി പണപ്പെരുപ്പം ഒമ്പതു ശതമാനത്തിനു മുകളില്‍ തുടരുന്നത് രൂപയുടെ വിലയിടിവിന് പ്രാധന കാരണമാണ്. വളര്‍ന്നു വരുന്ന സാമ്പത്തികശക്തികളായ ബ്രസീല്‍ , ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പം ആറു ശതമാനത്തില്‍ താഴെയാണ്. ഇന്ത്യയിലാകട്ടെ പണപ്പെരുപ്പം ഈ സാമ്പത്തികവര്‍ഷം ഒരു ഘട്ടത്തില്‍ 10 ശതമാനം കടക്കുകയുണ്ടായി. അതുകൊണ്ട് ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ഡോളറിന് കാര്യമായ പ്രയോജനം ലഭിക്കില്ലെന്ന തോന്നലില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ ഡോളറില്‍ നിക്ഷേപം പിന്‍വലിക്കുന്നു. ഇത് വീണ്ടും രൂപയുടെ വിലയിടിവിന് വഴിതെളിക്കുന്നു. രാജ്യത്ത് വിലക്കയറ്റം കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും.

രാജ്യത്തിന്റെ വിദേശനാണയശേഖരത്തിന്റെ അളവ് വിദേശകടത്തേക്കാള്‍ കുറവാണ്, 99.6 ശതമാനം. ഈ സാഹചര്യത്തില്‍ വിദേശനാണയ വിപണിയില്‍ റിസര്‍വ് ബാങ്കിന് ശക്തമായി ഇടപെടാന്‍ കഴിയില്ല. കരുതല്‍ശേഖരം വിറ്റഴിച്ച് ഡോളറിന്റെ ആവശ്യകത കുറയ്ക്കാന്‍ സാധിക്കില്ലെന്ന് അര്‍ഥം. 2008ന്റെ മാന്ദ്യത്തിന്റെ സമയത്ത് വിദേശനാണയശേഖരം മൊത്തം വിദേശകടത്തിന്റെ 138 ശതമാനം ഉണ്ടായിരുന്നു. അന്ന് റിസര്‍വ് ബാങ്കിന് ഇടപെടാന്‍ സാധിക്കുകയും ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന പണാവലോകനയോഗം റിസര്‍വ് ബാങ്കിന് തലവേദനയാകുമെന്നാണ് വിലയിരുത്തുന്നത്. രൂപയുടെ വിലയിടിവ് രൂക്ഷമാകുന്നതും പണപ്പെരുപ്പം ഒമ്പതിനു മുകളില്‍ തുടരുന്നതും കീറാമുട്ടിയാകും. ഇതിനിടയില്‍ റിസര്‍വ് ബാങ്ക് വീണ്ടുമൊരു നിരക്കുവര്‍ധനയ്ക്ക് തയ്യാറാകില്ലെന്നാണ് പൊതുവെ വിലയിരുത്തുന്നത്. കഴിഞ്ഞ 17 മാസത്തിനുള്ളില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 13 തവണ റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചെങ്കിലും ഗുണമുണ്ടായില്ല.

deshabhimani 151211

2 comments:

  1. രൂപയുടെ വിലയിടിവ് തുടരന്നു. ബുധനാഴ്ച ഒരു ഡോളറിന് 53.75 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം നടന്നത്. രൂപയുടെ ചരിത്രത്തില്‍ ഏറ്റവും മോശം പ്രകടനമാണിത്. ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയാണ് ഇപ്പോള്‍ രൂപ. ഈ വര്‍ഷംമാത്രം 18 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായത്.

    ReplyDelete
  2. ഡോളറുമായുള്ള വിപണനത്തില്‍ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വ്യാഴാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ 54.18 എന്ന നിരക്കിലാണ് രൂപ കൈമാറ്റം ചെയ്തത്. ചൊവ്വാഴ്ച രൂപയുടെ വിനിമയ നിരക്ക് 53.19 ആയിരുന്നു. വ്യവസായിക വളര്‍ച്ച പൂജ്യത്തിനും താഴെയായതും സോഫ്റ്റ്വെയറില്‍ സംഭവിച്ച പിഴവിലൂടെ കയറ്റുമതി 9 കോടി ഡോളറായി എന്ന തെറ്റായ വാര്‍ത്ത പുറത്ത് വന്നതിലൂടെ സബ്സിഡി നിരക്കുയര്‍ന്നതും രൂപയുടെ മൂല്യം ഇടിച്ചു. കഴിഞ്ഞ ജൂലൈ മുതല്‍ രൂപയുടെ മൂല്യത്തില്‍ 20% കുറവുണ്ടായി. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തികപ്രതിസന്ധി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരിവിപണികളില്‍ കനത്ത ഇടിവും ദൃശ്യമാണ്. കൂടുതല്‍ വിദേശനിക്ഷേപം ഇന്ത്യയിലേക്കൊഴുകാത്തതും നിലവില്‍ വിദേശനിക്ഷേപസാധ്യതകള്‍ അടയുന്നതുമാണ് രൂപയുടെ വിനിമയത്തില്‍ പ്രതിഫലിക്കുന്നത്. വന്‍കിട കമ്പനികള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നും പിന്‍വാങ്ങുന്നുമുണ്ട്. ബുധനാഴ്ച റിസര്‍വ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിക്കാനിരിക്കെയാണ് രൂപയുടെ മൂല്യം ചരിത്രത്തിലിന്നുവരെയില്ലാത്ത വിധം ഇടിഞ്ഞത്. ഒക്ടോബറിലും രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായി. അടിക്കടിയുണ്ടാകുന്ന രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരിവിപണിയിലും ചാഞ്ചാട്ടമുണ്ടാക്കും.

    ReplyDelete