"ഗോവന്‍ മേളയില്‍ അവാര്‍ഡ് കിട്ടിയില്ല, മത്സരവിഭാഗത്തില്‍ നിന്നു മാറ്റിയതിനാല്‍ ഇവിടെയും അവാര്‍ഡ് കിട്ടില്ല. എന്റെ ഗോത്രത്തെക്കുറിച്ച് ലോകത്തോട് ആദ്യമായി വിളിച്ചുപറയുന്ന സിനിമയാണിത്. ലോകത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ലഭിച്ച കൈയടി തന്നെ എനിക്കുള്ള അംഗീകാരം." പറയുന്നത് "ആദാമിന്റെ മകന് അബു"വിനൊപ്പം അക്കാദമി അധികൃതര്‍ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ഒഴിവാക്കിയ "പലവാന്‍ ഫേറ്റ് " എന്ന ഫിലിപ്പൈന്‍ നാടോടി സിനിമയുടെ സംവിധായകന് ഔരായൂസ് സൊലിറ്റോ.
മുന്നൂറു വര്‍ഷത്തെ സ്പാനിഷ് കോളനി ഭരണവും തുടര്‍ന്ന് അമേരിക്കന്‍ പട്ടാളഭരണവും ജപ്പാന് അധിനിവേശവും അതിജീവിച്ച ഫിലിപ്പൈന്‍സിന്റെ പലവാന്‍ ദ്വീപിലെ ഗോത്രസമൂഹത്തിന്റെ ജീവിതമാണ് സിനിമ. നൂറ്റാണ്ടുകളായി കാട്ടിനുള്ളില്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന പലവാന്‍ ഗോത്രത്തില്‍ നിന്നു പുറത്തുകടന്ന് ആധുനിക വിദ്യാഭ്യാസം നേടിയവരില്‍ രണ്ടാംതലമുറക്കാരനാണ് സൊലിറ്റോ. അഞ്ചു ചിത്രം കൊണ്ടു തന്നെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സ്വതന്ത്ര സംവിധായകനായി മാറിയ സൊലിറ്റോ ലോകത്തെ പ്രതിഭാധനരായ 100 പുതുമുഖ ചലച്ചിത്രകാരന്മാരുടെ പട്ടികയിലും ഇടംനേടി. അദ്ദേഹത്തിന്റെ ആദ്യചിത്രം "ബ്ലൂസമിങ് ഓഫ് മാക്സിമോ ഒലിവോരസ്" ഫിലിപ്പൈന്‍ സിനിമകളുടെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
(ഗിരീഷ് ബാലകൃഷ്ണന്)
ജാഫര്‍ പനാഹി ചിത്രം ഇന്ന്; ഇത് സിനിമയല്ല, കലാകാരന്റെ പോരാട്ടം
സിനിമയെടുക്കാന്‍ ഇറാന് അധികാരികള്‍ 20 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ ജാഫര്‍ പനാഹി അതിസാഹസികമായി ചിത്രീകരിച്ച വിവാദചിത്രം ദിസ് ഈസ് നോട്ട് എ ഫിലിം വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും. വീട്ടുതടങ്കലിലുള്ള പനാഹി ജീവിതം അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ആദ്യപ്രദര്‍ശനം നടത്തി. തടവില്‍ കഴിയുന്ന വീട്ടില്‍ സുഹൃത്തുമായി നടത്തുന്ന സംഭാഷണവും മറ്റും ചിതീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫ്ളാഷ് ഡ്രൈവ് ജന്മദിന കേക്കിനുള്ളില്‍ ഒളിപ്പിച്ചാണ് ഇറാനു പുറത്തെത്തിച്ചത്. പനാഹിയിലെ ചലച്ചിത്രകാരനെ കൊല്ലാനുള്ള അധികാരികളുടെ തിട്ടൂരത്തെ സ്വന്തം മാധ്യമത്തിലൂടെ പ്രതിരോധിക്കുന്ന ചിത്രം ലോകമെമ്പാടും ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഇറാനിയന്‍ നവതരംഗ സിനിമയുടെ വക്താവായ പനാഹിയുടെ ചിത്രങ്ങള്‍ കേരളത്തിലെ സിനിമാസ്വാദകര്‍ക്കിടയില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്. ദ മിറര്‍ , സര്‍ക്കില്‍ , ഓഫ്സൈഡ് തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തിലെ വിവിധ മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ത്രീ ഡിയില്‍ ചിത്രീകരിച്ച ആദ്യ ഡോക്യുമെന്ററി വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും. പ്രശസ്ത ജര്‍മന്‍ നര്‍ത്തകി പിനാ ബോഷിന്റെ ജീവിതകഥ പറയുന്ന പിനയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് രണ്ടുദിവസംമുമ്പ് പിന ബോഷ് മരിച്ചത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ചോരവീണ് നിറംമാറിയ ചെങ്കടലുമായി ലീന മണിമേഖല
ഇന്ത്യ-ശ്രീലങ്ക അതിര്‍ത്തിയില്‍ വെടിയുണ്ടകളെ വകവയ്ക്കാതെ ജീവിക്കാനായി മീന്‍ പിടിക്കാനിറങ്ങുന്നവരുടെ കഥ പറയുന്ന ചെങ്കടലുമായി ലീന മണിമേഖല രാജ്യാന്തരമേളയ്ക്കെത്തി. ശ്രീലങ്ക തമിഴ് അഭയാര്‍ഥികളെ പുറന്തള്ളുന്ന ധനുഷ്കോടിയിലെ സാധാരണക്കാരുടെ ജീവിതത്തെ കുറിച്ചുള്ള ചിത്രം കേന്ദ്രസര്‍ക്കാരിന്റെ നിരോധനം മറികടന്നാണ് മേളയ്ക്ക് എത്തുന്നത്. പ്രിന്റ് വൈകിയതിനാല്‍ സിനിമയുടെ രണ്ട് പ്രദര്‍ശനവും മാറ്റിവച്ചു. യുദ്ധങ്ങളുടെയും കലാപത്തിന്റെയും നിരന്തരമായ ദുരന്തങ്ങള്‍ക്കിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കടലിനോടും ദാരിദ്ര്യത്തോടും പോരടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അസാധാരണമായ ആത്മവിശ്വാസത്തിന്റെ കഥയാണ് ലീന മണിമേഖല പറയുന്നത്. അഭയാര്‍ഥികളായി എത്തുന്ന തമിഴര്‍ക്ക് ധനുഷ്കോടിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ നല്കാന് ആരുമില്ല. ഉപജീവനത്തിനായി കടലില്‍ പോയാല്‍ ശ്രീലങ്കന്‍ നേവി വെടിവച്ചിടും. അതുചോദിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരോ ഉദ്യോഗസ്ഥരോ ഇല്ല. അഭിനേതാക്കളെല്ലാം തീരദേശവാസികള്‍ , നിര്‍മാതാവ് ഇടയ്ക്ക് ഉപേക്ഷിച്ചുപോയപ്പോള്‍ സ്വന്തം നിലയ്ക്ക് അതും ഏറ്റെടുക്കേണ്ടിവന്നു. പൂര്‍ണമായും ജനകീയപിന്തുണയോടെ നിര്‍മിച്ച സിനിമയാണിതെന്നും മണിമേഖല പറഞ്ഞു.
തിയോ ആഞ്ചലോ പൗലോസ് എന്ന പാഠപുസ്തകം- എം ജെ രാധാകൃഷ്ണന്
ക്യാമറ കൊണ്ട് സിനിമ എഴുതുക എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിയ സംവിധായകനാണ് തിയോ ആഞ്ചലോ പൗലോസ്. സുദീര്‍ഘമായ ഷോട്ടുകളുടെ സാധ്യത ചലച്ചിത്രമാധ്യമത്തെ അദ്ദേഹം പരിചയപ്പെടുത്തി. പോരാട്ടങ്ങളുടെ ചരിത്രമുള്ള ഗ്രീസിന്റെ ഭൂതവും വര്‍ത്തമാനവും അഭ്രപാളിയില്‍ പകര്‍ത്തിയ മഹാനായ കലാകാരന്റെ സിനിമകള്‍ ഛായാഗ്രാഹകനെന്ന നിലയില്‍ എനിക്ക് പാഠപുസ്തകമാണ്. ആവര്‍ത്തിച്ചുള്ള കാഴ്ചകളില്‍ പുതിയ സിനിമാ ടെക്നിക്കുകള്‍ അവയില്‍ നിന്നു വായിച്ചെടുക്കാം. ഓരോ ഷോട്ടിലും ഒരോ സിനിമ ഒളിപ്പിച്ച സിനിമയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ച "എറ്റേണിറ്റി ആന്‍ഡ് എ ഡേ". മരണം മുന്നില്‍ കണ്ട കവി ഭൂതകാലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. മാതൃഭാഷ പോലും അയാളെ കൈവിട്ടു കഴിഞ്ഞിരിക്കുന്നു. കാശ് കൊടുത്ത് ഒരോ വാക്കും വാങ്ങുന്ന കവി ചിരി പടര്ത്തുന്നതിനേക്കാളുപരി ചിന്തയുണര്‍ത്തുന്നു. കാന്‍ മേളയില്‍ തിയോ ആഞ്ചലോ പൗലോസിന് പാം ഡി ഓര് നേടിക്കൊടുത്ത സിനിമയാണ് ഇത്. ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ ഉപയോഗിച്ച് കഥ പറയുന്ന തിയോ ദൃശ്യഭാഷയുടെ കാര്യത്തില്‍ ഏതു സമകാലീന സംവിധായകനെയും വെല്ലുന്ന മികവുപുലര്‍ത്തുന്നു.
സ്മിതാപാട്ടീലിനെ ഓര്‍മയുണ്ടോ?
അന്തരിച്ച മലയാള സിനിമാപ്രതിഭകളെ രാജ്യാന്തര ചലച്ചിത്രമേളയില്‍ വിസ്മരിച്ച ചലച്ചിത്ര അക്കാദമി ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളായ സ്മിതാപാട്ടീലിന്റെ 25-ാം ചരമവാര്‍ഷികവും മറന്നു. രാജ്യം പത്മശ്രീ നല്കി ആദരിച്ച, രണ്ട് ദേശീയ പുരസ്കാര ജേത്രികൂടിയ സ്മിതാപാട്ടീല്‍ 1986 ഡിസബര്‍ 13നാണ് മരിച്ചത്. ജി അരവിന്ദന്റെ ചിദംബരത്തിലൂടെയാണ് (1985) സ്മിത മലയാളത്തില്‍ എത്തിയത്. ജി അരവിന്ദന് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചിരുന്ന ചടങ്ങിലും സ്മിതാപാട്ടീലിനെ കുറിച്ച് പരാമര്‍ശമുണ്ടായില്ല.
deshabhimani 151211
"ഗോവന്‍ മേളയില്‍ അവാര്‍ഡ് കിട്ടിയില്ല, മത്സരവിഭാഗത്തില്‍ നിന്നു മാറ്റിയതിനാല്‍ ഇവിടെയും അവാര്‍ഡ് കിട്ടില്ല. എന്റെ ഗോത്രത്തെക്കുറിച്ച് ലോകത്തോട് ആദ്യമായി വിളിച്ചുപറയുന്ന സിനിമയാണിത്. ലോകത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ലഭിച്ച കൈയടി തന്നെ എനിക്കുള്ള അംഗീകാരം." പറയുന്നത് "ആദാമിന്റെ മകന് അബു"വിനൊപ്പം അക്കാദമി അധികൃതര്‍ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ഒഴിവാക്കിയ "പലവാന്‍ ഫേറ്റ് " എന്ന ഫിലിപ്പൈന്‍ നാടോടി സിനിമയുടെ സംവിധായകന് ഔരായൂസ് സൊലിറ്റോ
ReplyDelete