Sunday, December 18, 2011

വഴിനടന്നത് കുട്ടംകുളത്തെ അയിത്തം ഭേദിച്ച്

തൃശൂര്‍ : ഈ മണ്ണില്‍ ചെവിയോര്‍ത്താല്‍ കേള്‍ക്കാം അടരാടിവീണവരുടെ ചോര മണക്കുന്ന നിശ്വാസങ്ങള്‍ . ഇവിടെയുണ്ട്, അവര്‍ ചിതറിയ ഓരോ തുള്ളി രക്തവും വാക പൂത്തപോലെ. ഈ രക്തശോഭയാണ് നിസ്വന് തലയുയര്‍ത്തി നില്‍ക്കാന്‍ കരുത്തേകിയത്. നവോത്ഥാനപോരാട്ടങ്ങളിലെ ഇരമ്പിയാര്‍ത്ത ചരിത്രമാണ് തൃശൂരിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റേത്. ഇതില്‍ പ്രധാനമാണ് കുട്ടംകുളം സമരം.

1946 ജൂലൈ ആറിനാണ് കുട്ടംകുളം സമരം നടക്കുന്നത്. അയിത്താചരണത്തിനും ക്ഷേത്രപ്രവേശനത്തിനും ഉത്തരവാദഭരണത്തിനും വഴിനടക്കല്‍ സ്വാതന്ത്ര്യത്തിനുമുള്ള പ്രക്ഷോഭങ്ങളാല്‍ തിരു-കൊച്ചി തിളച്ചുമറിഞ്ഞ കാലം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിനു മുന്നിലെ കുട്ടംകുളം അയിത്തത്തിന്റെ അതിരായിരുന്നു. അയിത്തജാതിക്കാര്‍ക്ക് അതിനപ്പുറത്തേക്ക് പ്രവേശനം ഇല്ലായിരുന്നു. ഇതിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടിയുടേയും എസ്എന്‍ഡിപി, പുലയമഹാസഭ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു സമരം. ആദ്യനാളുകളില്‍ കൊച്ചിരാജ്യ പ്രജാമണ്ഡലവും സമരത്തിലുണ്ടായിരുന്നു. പ്രത്യക്ഷസമരപരിപാടികളുടെ ഭാഗമായാണ് "46 ജൂലൈ ആറിന് അയ്യങ്കാവ് മൈതാനത്ത് (ഇന്നത്തെ മുനിസിപ്പല്‍ മൈതാനം) ക്ഷേത്രപ്രവേശനസമരം നടന്നത്. പി ഗംഗാധരനായിരുന്നു അധ്യക്ഷന്‍ . പ്രജാമണ്ഡലം പ്രതിനിധി പുതൂര്‍ അച്യുതമേനോന്‍ , പി കെ ചാത്തന്‍മാസ്റ്റര്‍ എന്നിവര്‍ മുഖ്യപ്രസംഗകര്‍ .

വഴിനടക്കല്‍ നിരോധിച്ച് കുട്ടംകുളത്തിനു സമീപം സ്ഥാപിച്ചിരുന്ന ബോര്‍ഡ് ആരോ ഇളക്കിമാറ്റി. സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം കുട്ടംകുളത്തിനപ്പുറത്തേക്ക് മാര്‍ച്ച്ചെയ്യുകയാണെന്ന് പി ഗംഗാധാരന്‍ പ്രഖ്യാപിച്ചു. നിയമലംഘനത്തെ അനുകൂലിക്കുന്നില്ലെന്നുപറഞ്ഞ് പുതൂര്‍ അച്യുതമേനോന്‍ പിന്മാറി. ആയിരങ്ങള്‍ പ്രകടനമായി മുന്നോട്ടുനീങ്ങി. കുട്ടംകുളത്തിനു സമീപം സിഐ സൈമണ്‍ മാഞ്ഞൂരാന്റെയും ഇന്‍സ്പെക്ടര്‍ ശങ്കുണ്ണിയുടെയും നേതൃത്വത്തില്‍ വന്‍സന്നാഹം പ്രക്ഷോഭകാരികളെ തടഞ്ഞു. തര്‍ക്കത്തിനിടെ പ്രകോപനമില്ലാതെ ലാത്തിച്ചാര്‍ജ് തുടങ്ങി. തലങ്ങും വിലങ്ങും തല്ലി. ബയണറ്റുകൊണ്ടുള്ള കുത്തേറ്റ് നിരവധിപേര്‍ക്ക് മുറിവേറ്റു. സഹികെട്ടപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് കെ വി ഉണ്ണി കൊടികെട്ടിയ വടികൊണ്ട് തിരിച്ചടിച്ചു. അടിയേറ്റ് പൊലീസുകാരന്റെ ചെവിപൊട്ടി. ഇതോടെ മര്‍ദനം ശക്തമാക്കി. പി ഗംഗാധരനെയും കെ വി ഉണ്ണിയെയും പോസ്റ്റില്‍ കെട്ടിയിട്ടു. മര്‍ദനത്തിനുശേഷം ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് തൃശൂര്‍ സബ് ജയിലിലേക്കു മാറ്റി. പിറ്റേന്ന് എം കെ തയ്യിലിനെയും അറസ്റ്റ് ചെയ്തു. മൂന്നുദിവസത്തിനുശേഷം സഹോദരന്‍ അയ്യപ്പനും കെ ടി അച്യുതന്‍വക്കീലുമെത്തിയാണ് ഇവരെ ജാമ്യത്തിലെടുത്തത്.

രണ്ടുദിവസം കഴിഞ്ഞ് പി കെ ചാത്തന്‍മാസ്റ്റര്‍ അറസ്റ്റിലായി. ഇതില്‍ പ്രതിഷേധിച്ച് കെ വി കെ വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തില്‍ പ്രകടനം നടത്തി. ഠാണാവില്‍ വന്‍ പൊലീസ്സന്നാഹം പ്രകടനത്തെ നേരിട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത മാരകമര്‍ദനം ഇവിടെയും അരങ്ങേറി. രാജ്യദ്രോഹക്കുറ്റം ചുമത്തി കെ വി കെ വാര്യരെ ആറുമാസം ജയിലിലിട്ടു. കേരളീയ നവോത്ഥാനചരിത്രത്തില്‍ ജ്വലിച്ചുനിന്ന ഈ സമരം നടന്ന് ഏറെക്കഴിയുംമുമ്പേ കൊച്ചിരാജ്യത്ത് ക്ഷേത്രപ്രവേശന വിളംബരവും ഉത്തരവാദഭരണ പ്രഖ്യാപനവുമുണ്ടായി എന്നത് ചരിത്രത്തിന്റെ തിരുത്തിയെഴുത്ത്.

deshabhimani 181211

1 comment:

  1. ഈ മണ്ണില്‍ ചെവിയോര്‍ത്താല്‍ കേള്‍ക്കാം അടരാടിവീണവരുടെ ചോര മണക്കുന്ന നിശ്വാസങ്ങള്‍ . ഇവിടെയുണ്ട്, അവര്‍ ചിതറിയ ഓരോ തുള്ളി രക്തവും വാക പൂത്തപോലെ. ഈ രക്തശോഭയാണ് നിസ്വന് തലയുയര്‍ത്തി നില്‍ക്കാന്‍ കരുത്തേകിയത്. നവോത്ഥാനപോരാട്ടങ്ങളിലെ ഇരമ്പിയാര്‍ത്ത ചരിത്രമാണ് തൃശൂരിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റേത്. ഇതില്‍ പ്രധാനമാണ് കുട്ടംകുളം സമരം.

    ReplyDelete