ലക്കി: അരക്ഷിത ബാല്യത്തിന്റെ ആഖ്യാനം
ബാല്യകാലാനുഭവങ്ങളുടെ ആവിഷ്കാരം ആരെയും ഒന്നുപിടിച്ചിരുത്തും. ചൊടിപ്പിക്കുകയോ വേദനിപ്പിക്കുകയോ ആഹ്ലാദിപ്പിക്കയോ ചെയ്യും. ഊതിവീര്‍പ്പിക്കപ്പെട്ട കാല്പനിക ബാല്യത്തിന്റെ ആകര്ഷകതയല്ല യഥാര്‍ഥ ജീവിതം നമുക്കുമുമ്പില്‍ വച്ചുനീട്ടുന്നത്. പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ നമുക്കുചുറ്റും സംഭവിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് ''ലക്കി'' എന്ന ചലച്ചിത്രം ആവര്‍ത്തിച്ചുപറയുന്നു. അവി ലൂത്റ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ആഫ്രിക്കന്‍ കൂട്ടിയുടെ-കറുത്ത കുട്ടിയുടെ-ബാല്യകാലം അനാവരണം ചെയ്യുന്നു. അവന്റെ പേരാണ് ചലച്ചിത്രത്തിനും. ഒരു നിര്ഭാഗ്യവാന്.
അമ്മയുടെ മരണം, അഭയമാകേണ്ട മാതൃസഹോദരന്റെ കുത്തഴിഞ്ഞ ജീവിതം, ഒരു ഇന്ത്യന്‍ സ്ത്രീയുമായി ഉടലെടുക്കുന്ന പരിചയം, അതിലെ അകല്‍ച്ചയും സംഘര്‍ഷങ്ങളും, സ്കൂളില്‍ പോകാനുള്ള ശ്രമങ്ങള്‍, പൊലീസിന്റെ അറസ്റ്റ്, പിതാവിനെതേടിയുള്ള യാത്ര എന്നിങ്ങനെ വികസിക്കുന്ന ഈ ചലച്ചിത്രം പലതും ശ്രദ്ധയില്‍പ്പെടുത്തുന്നു. അനാഥമാക്കപ്പെടുന്ന ബാല്യം, ഗ്രാമത്തിന്റെ ഇല്ലായ്മകള്‍, നഗരത്തിന്റെ കാപട്യങ്ങള്‍ എന്നിവ ഇതില്‍ കടന്നുവരുന്നു. അതിജീവിച്ചേമതിയാവൂ എന്നാഗ്രഹിക്കുന്ന ഒരു കുട്ടിയുടെ എന്തെങ്കിലും ആയിത്തീര്‍ന്നേ മതിയാവൂ എന്ന സ്വപ്നത്തെ ലോകം എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന കാഴ്ച ഇവിടെയുണ്ട്. ലക്കി എന്ന പേരിലെ ഭാഗ്യങ്ങളൊന്നും അവനെതേടി എത്തുന്നില്ല. ജീവിതം വരണ്ടുണങ്ങി പകച്ചുനില്‍ക്കുകയാണ്. അരക്ഷിതത്വം അനുഭവിക്കുന്നു എന്നു മാത്രമല്ല, യാതൊരു പ്രത്യാശയും ഇല്ലാത്തവരുമാണ് മറ്റു കഥാപാത്രങ്ങള്‍. ലക്കി കണ്ടുമുട്ടുന്ന ഇന്ത്യന്‍ സ്ത്രീയാകട്ടെ അയിത്തം പാലിക്കുന്നതിനാല്‍ അവനോടുപുലര്ത്തുന്ന അനുകമ്പയില്പ്പോലും സംഘര്ഷാത്മകതയുണ്ട്. ആ ബന്ധം അത്തരം വിവേചനസീമകളെ അതിവര്ത്തിക്കുന്നുവെങ്കിലും ഇന്ത്യന്‍ സ്ത്രീ (പത്മ)യുടെ സഹായത്തോടെ പിതാവിനെതേടിയെത്തുന്ന യാത്രയില്‍ കണ്ടുമുട്ടുന്നത് ലക്കിയുടെ പിതാവാകാന്‍ സാധ്യതയില്ലാത്തയാള് എന്നു മാത്രമല്ല, പഴയവീര്യങ്ങള് നഷ്ടപ്പെട്ടവനും ഇപ്പോള്‍ മരണനാന്തരച്ചടങ്ങുകള്ക്കു പാട്ടുപാടുന്നവനുമാണ്. ഇതാകട്ടെ ലക്കിയുടെ ആത്മാഭിമാനത്തോടു പൊരുത്തപ്പെടുന്നതുമല്ല. അമ്മയോടൊപ്പം കുറേക്കാലം എങ്കിലും കഴിഞ്ഞിട്ടുള്ള അയാളോടൊപ്പം ജീവിക്കാന്‍ തീരുമാനക്കുകയാണ് ലക്കി ചെയ്യുന്നത്. അരക്ഷിതത്വവും വൈരുധ്യങ്ങളും ലക്കിയുടെ ജീവിതത്തെ ചൂഴ്ന്നുനില്ക്കുന്നുണ്ട്.
ആഖ്യാനം ലളിതമായിരിക്കുമ്പോള്തന്നെ അരാഷ്ട്രീയമായൊരു കാലാവസ്ഥയെ ഈ ചിത്രം പ്രതിഫലിക്കുന്നുണ്ട്. കുട്ടികള്‍ സുരക്ഷിതരല്ലാത്ത ലോകം തീര്‍ച്ചയായും മനുഷ്യത്വം മരിച്ചതും നല്ലൊരു ഭാവിയെ സ്വപ്നംകാണാത്തതുമായിരിക്കും എന്ന് ഈ ചലച്ചിത്രം ബോധ്യപ്പെടുത്തുന്നു.
കാണികളെ പിടിച്ചിരുത്തിയ മൊബൈല്‍ഫോണ്‍
കാഴ്ചയുടെ ഉത്സവത്തിന് ലാളിത്യത്തിന്റെ പരിവേശം നല്കിയ ചിത്രമായിരുന്നു മേളയിലെ രണ്ടാം ദിവസം വിദേശ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'മാന്‍ വിത്തൗട്ട് എ സെല്‍ഫോണ്‍'. ചലച്ചിത്രമേളയിലെ വിദേശ സിനിമ തിരഞ്ഞെടുപ്പ് മേളയുടെ തുടക്കം മുതല്ക്കു തന്നെ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു 'മാന്‍ വിത്തൗട്ട് എ സെല്‍ഫോണ്‍'. അനിവാര്യമായ മാറ്റങ്ങള്‍ക്കു നേരെ സമരം ചെയ്യാനല്ല അവയെ പരിഹാസച്ചുവയോടെ നോക്കിക്കാണാനും ആഘോഷമാക്കാനുമാണ് ഈ ചിത്രത്തിലൂടെ സംവിധായകന് സമേഹ് സൊയാബി ആഹ്വാനം ചെയ്യുന്നത്.
മനുഷ്യ ജീവിതത്തിനെ മൊബൈല്‍ ഫോണ്‍ എങ്ങിനെയെല്ലാം സ്വാധീനിച്ചിരിക്കുന്നുവെന്നത് സരസമായി പറഞ്ഞതിന് പുറമെ ഇസ്രായേല്‍ പലസ്തീന് പ്രശ്നങ്ങളുടെ നീറുന്ന യാഥാര്‍ഥ്യങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി പ്രദേശമാണ് കഥയുടെ പശ്ചാത്തലം. രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന വൈരാഗ്യവും സാധാരണ ജനങ്ങളുടെ മനസില്‍ അത് സൃഷ്ടിക്കുന്ന പകയുമെല്ലാം തമാശയുടെ ട്രാക്കിലാണ് സൊയാബി ആവിഷ്കരിച്ചിരിക്കുന്നത്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അറബ് ലോകത്തെ എത്രമാത്രം സങ്കീര്‍ണമാക്കുന്നുവെന്നും ചിത്രം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട. .
ഒരു ദിവസം പോയിട്ട് ഒരു മണിക്കൂര്‍ പോലും മൊബൈല്‍ ഫോണില്ലാതെ ജീവിക്കാന്‍ പറ്റാത്തവരാണ് നമ്മളില്‍ പലരും. ഇക്കാര്യം തന്നെയാണ് ചിത്രം പറയുന്നതും. ആധുനിക ലോകത്ത് ടെക്ക്നിക്കല്‍ സൗകര്യങ്ങള്‍ക്കെതിരെ പുറം തിരിഞ്ഞ് ജീവിക്കാന്‍ മനുഷ്യന് പറ്റില്ലെന്ന് കാണികള്‍ക്ക് ഒരു നിമിഷം പോലും മടുപ്പുണ്ടാക്കാത്ത തരത്തില്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ചലച്ചിത്രത്തിലൂടെ മനസിലാക്കി കൊടുക്കാന്‍ സാധിച്ചു എന്നതാണ് സംവിധായകന്റെ വിജയം.
20കാരനായ ജാവേദിലൂടെയാണ് കഥ വികസിക്കുന്നത് പെണ്‍കുട്ടികളുമായി മൊബൈല്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലും അവരുമായി ചാറ്റ് ചെയ്യുന്നതിലും മാത്രം താല്‍പ്പര്യം കണ്ടെത്തുന്ന ജാവേദ് ലോകമെമ്പാടുമുള്ള യുവത്വത്തിന്റെ പ്രതീകമാണ്, തന്റെ കൃഷിയിടം നശിക്കുമെന്നും ക്യാന്‍സര്‍ പടര്‍ന്നു പിടിക്കുമെന്നും ചൂണ്ടിക്കാണിച്ച് ഗ്രാമത്തിലെ മൊബൈല്‍ ടവര്‍ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്ന കടുത്ത മൊബൈല്‍ ഫോണ്‍ വിരോധിയായ ജാവേദിന്റെ പിതാവ് സലേം ആഗോള പാരമ്പര്യ വാദികളുടെ വക്താവും.
കുറച്ചു സമയത്തേക്ക് മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാകുമ്പോള്‍ ജീവിതം കൈവിട്ടുപോയവന്റെ വ്യഗ്രതയോടെ പരക്കം പായുന്ന ആള്‍ക്കൂട്ടം സിനിമയിലെ മനോഹര രംഗങ്ങളിലൊന്നാണ് . ഇത്തരമൊരു സമൂഹത്തില്‍ മൊബൈല്‍ ഫോണിനെതിരെ ഒരു ഗ്രാമത്തിന്റെ പിന്തുണയോടെ സലേം നടത്തുന്ന സമരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ സലേം ഒഴികെ കൂട്ടത്തില്‍ ഒരാള്‍ക്കു പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ പറ്റുന്നില്ല. അവിചാരിതമായുണ്ടാകുന്ന ചില വഴിത്തിരുവകള്ക്കു ശേഷം ഫോണ്‍ വലിച്ചെറിഞ്ഞ് പിതാവിന് സജീവ പിന്തുണയുമായെത്തുന്ന ജാവേദ് മൊബല് ടവറിനെതിരെ പ്രചാരണം നടത്താനും സമരത്തിന് ആളെ കൂട്ടാനും മുന്നിട്ടിറങ്ങുന്നു. സമരം ഒടുവില്‍ തമാശയായി പര്യവസാനിക്കുമ്പോള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വേണ്ടി ജാവേദ് വീടു വിട്ടു പോകുകായാണ്. പിതാവിന്റെ കണ്മുമ്പില് നിന്നും മാറി ബസില്‍ കയറിയിരുന്ന ജാവേദ് ബാഗില്‍ നിന്നും പുത്തന്‍ മൊബൈല്‍ ഫോണ്‍ പുറത്തെടുത്ത് സംഭാഷണം ആരംഭിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.
ഇതിനിടയില്‍ എതിര് രാജ്യത്തുള്ള ഫോണ്‍ കാമുകിയെ കാണാന്‍ ജാവേദ് നടത്തുന്ന യാത്രയും സ്വന്തം നാട്ടിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയുമായുള്ള ജാവേദിന്റെ ബന്ധവും അതിനെ സംശയത്തോടെ വീക്ഷിക്കുന്ന അവളുടെ പോലീസുകാരനായ സഹോദരനുമെല്ലാം ചിത്രത്തിലെ രസകരമായ കാഴ്ചകളാണ്. ജാവേദിന്റെ വേഷം സുന്ദരനായ റാസി ഷവാദേഹില് ഭദ്രമായിരുന്നപ്പോള്‍ സലേമിനെ അവതരിപ്പിച്ച ബാസിം ലോലും അതിലും ഒരുപടി മുന്നിട്ടു നിന്നു. ജാവേദിന്റെ കസിനെ അവതരിപ്പിച്ച ലോയി നൗഫിയുടെ അഭിനയ മികവും എടുത്തു പറയേണ്ടതാണ്.
വിശ്വാസത്തിന്റെയും മതിഭ്രമത്തിന്റെയും എയ്ഞ്ചല്‍സ് ഫാള്‍
ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സമകാലിക സിനിമ പ്രതിഭകളെ ലക്ഷ്യമാക്കിയുള്ള വിഭാഗത്തില്‍ ഇസ്താംബുളില്‍ നിന്നുള്ള സംവിധായകനായ സെമിത് കപ്ലനോഗ്ലുവിന്റെ ചലച്ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുര്‍ക്കിയിലെ ഇടത്തരം പട്ടണങ്ങളും ഗ്രാമങ്ങളുമാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതകള്‍. തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമാണ് ഇസ്താംബുള്‍. നഗരത്തിലേക്കുള്ള വഴി എന്നര്‍ത്ഥമുള്ള ഈസ് ടോം പൊളിസ് എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഈ നഗരത്തിന് ഈ പേര് വീണതെന്നാണ് പറയപ്പെടുന്നത്. ഏതൊരു നഗരങ്ങളെയും പോലെ ഇസ്താംബുളിലും ഒഴുകിയെത്തുന്ന ജനങ്ങളാണ് അധികവും. ഏഷ്യയിലേക്കും തുര്‍ക്കി വ്യാപിച്ചു കിടക്കുന്നതിനാല്‍ ഇസ്താംബുളിന്റെ സംസ്കാരത്തില്‍ യൂറോപ്പിന്റെയും ഏഷ്യയുടെയും സ്വാധീനം പ്രകടമാണ്. ഏഷ്യയിലെ യാഥാസ്ഥിതികതയും യൂറോപ്പിലെ തുറന്ന സംസ്കാരവും ഇവിടെ നമുക്ക് കാണാന്‍ സാധിക്കും.
ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കെത്തുന്ന ജനങ്ങളാണ് സെമിതിന്റെ ചിത്രങ്ങളില്‍ കഥാപാത്രങ്ങളാകുന്നത്. ഇസ്താംബുളിന്റെ സൗന്ദര്യം അപ്പാടെ തന്റെ ചിത്രങ്ങളില്‍ ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. 2001ല്‍ സംവിധാനരംഗത്ത് ചുവടുറപ്പിച്ച അദ്ദേഹം ഇന്നുവരെ ചെയ്തിട്ടുള്ള അഞ്ച് സിനിമകളും നിരൂപകശ്രദ്ധ ഏറെ ലഭിച്ചിട്ടുള്ളവയാണ്. ഇതില്‍ നാല് സിനിമകളാണ് ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ എയ്ഞ്ചല്‍സ് ഫാള്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനമാണ് ഇന്നലെ നടന്നത്.
എയ്ഞ്ചല്‍സ് ഫാള്‍ സെമിത്തിന്റെ രണ്ടാമത്തെ ചിത്രമാണ്. ഒരു ആര്‍ട് ഹൗസ് ചലച്ചിത്രമെന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന സിനിമയാണ് ഇത്. ഒരു കെട്ട് നൂലുമായി സെയ്നെപ് ഒരു കുന്നിന്റെ മുകളിലേക്ക് കയറുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. വളരെ സുന്ദരമായ ഒരു പ്രദേശത്തിലൂടെ അതിസുന്ദരിയായ ആ യുവതി നടക്കുന്നത് ഒരു മതിഭ്രമത്തിലെന്നപോലെയാണ്. പെട്ടെന്ന് കയ്യിലിരുന്ന നൂല് പൊട്ടിപ്പോകുന്നതോടെ തിരികെ കുന്നിറങ്ങിയെത്തിയ അവളത് ഒരു പോസ്റ്റില്‍ ചുറ്റിവച്ച് കുന്നിനു മുകളിലേക്ക് നടക്കുകയാണ്. എന്നാല്‍ അതിനൊപ്പം തന്നെ നൂല് പോസ്റ്റില്‍ നിന്നും ഊര്‍ന്നിറങ്ങുന്നതോടെ കുന്നിനുമുകളിലിരുന്ന് പൊട്ടിക്കരയുന്ന അവള് വീണ്ടും തിരിച്ചെത്തി നൂല് നന്നായി തന്നെ പോസ്റ്റില്‍ കെട്ടിവച്ച് തിരികെ കുന്നു കയറുമ്പോള്‍ സ്ക്രീനില്‍ ഇരുട്ടു വ്യാപിക്കുന്നു. മാലാഖയുടെ പതനം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
ഏകാന്തത നല്കുന്ന ഭ്രമാത്മകതയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ഇത്രയും ഭാഗങ്ങളില്‍ തന്നെ കാഴ്ചക്കാരനെ മടുപ്പിക്കുന്ന ഒപ്പം തന്നെ ഭ്രാന്ത് പിടിക്കുന്ന അനുഭവമാണ് ലഭ്യമാകുന്നത്. എന്നാല്‍ ഇസ്താംബുളില്‍ ചെറിയ പൈപ്പുകളില്‍ നൂലുകള്‍ ചുറ്റിവയ്ക്കുന്ന സ്ത്രീകള്‍ ഒരു പതിവ് കാഴ്ചയാണ് ഒപ്പം കുന്നു കയറുന്നതും. ഇതിലെ നൂല് അവരുടെ ഒരാഗ്രഹത്തെയും ദൈവത്തോട് അതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയെയുമാണ് പ്രതിനിധീകരിക്കുന്നത്. നൂല് പൊട്ടാതെ കുന്നിന് മുകളിലെത്താന്‍ സാധിച്ചാല്‍ ആ ആഗ്രഹം നടക്കും.
സെയ്നെപ് ഒരു ആഢംബര ഹോട്ടലിലെ ക്ലീനിംഗ് ജീവനക്കാരിയാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ നൂല് പൊട്ടിപ്പോകുന്നത് നാം കണ്ടതാണ്. പിന്നീടുള്ള തന്റെ വിശ്രമ സമയങ്ങളിലെല്ലാം അവള് എന്തോ മന്ത്രിച്ചുകൊണ്ട് നൂല് സാവാധാനം ചുറ്റിവയ്ക്കാന് ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ മതിഭ്രമത്തിന്റെയും വിശ്വാസത്തിന്റെയും അഭിലാഷങ്ങളുടെ പ്രലോഭനമാണ് ഈ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അവള് തന്റെ പിതാവിനൊപ്പമാണ് ജീവിക്കുന്നത്. അമിത മദ്യപാനിയായ ഇയാള്‍ ജോലിസ്ഥലത്തു നിന്നും തിരികെയെത്തുന്നത് സെനപ് തയ്യാറാക്കിയിരിക്കുന്ന ഭക്ഷണം പ്രതീക്ഷിച്ചാണ്. പലപ്പോഴും വ്യത്യസ്ത രീതിയില്‍ പെരുമാറുന്ന ഈ മനുഷ്യന് സെനറ്റിന്റെ ഏകാന്ത ജീവിതത്തില്‍ ഒരു ബാധ്യതയാണ്. അയാളെ മകള്‍ നന്നായി പരിപാലിക്കുന്നതിനാല്‍ തന്നെ അയാള്‍ അവളെ ചൂഷണം ചെയ്യുന്നതും തുടരുന്നു. ഹോട്ടലില്‍ സഹപ്രവര്‍ത്തകനായ മുസ്തഫയുമായി മാത്രമാണ് അവള്‍ക്ക് സൗഹൃദമുള്ളത്. അവളെക്കാള്‍ പ്രായത്തില്‍ ഇളയതായ അവള്‍ക്ക് അവനോട് പ്രണയമില്ല. ഇതിനുകാരണം അവള് മുമ്പ് നേരിട്ട പ്രശ്നങ്ങള്‍ തന്നെ.
നഗരത്തിലെ ഒരു ഫഌറ്റില്‍ ജീവിക്കുന്ന സെലുക്കും ഭാര്യ ഫുണ്ടയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. അവരുടെ ജീവിതത്തിലേക്ക് പിന്നീട് ക്യാമറ തിരിയുന്നത്. സെലുക് അയല്‍വാസി സ്ത്രീയുമായി പുലര്‍ത്തുന്ന ബന്ധം മൂലം ഇരുവരും തമ്മില്‍ വഴക്കിലാണ്. ഒരു ദിവസം അവള് അയാളെ ഉപേക്ഷിച്ച് പോകുന്നു. എന്നാല്‍ അതോടെ അയല്‍വാസിയെ തന്റെ ഫഌറ്റിലേക്ക് കൂട്ടിക്കൊണ്ടുവരികയാണ് ചെയ്യുന്നത്. തിരിച്ചെത്തുന്ന ഫുണ്ട ഇത് മനസിലാക്കുകയും അയാളുടെ ഫഌറ്റില്‍ വച്ച് കണ്ണാടി പൊട്ടിച്ച് കൈഞെരമ്പ് മുറിക്കുകയും ചെയ്യുന്നു. ഫുണ്ടയുടെ മരണം സെലുകിനെ പൂര്‍ണമായും തകര്‍ക്കുകയാണ്.
സെലുകുമായുള്ള സെയ്നെപിന്റെ മുന്‍കാല ബന്ധത്തിന്റെ ഫഌഷ്ബാക്കിലാണ് നാം ഈ ദൃശ്യങ്ങള്‍ കണ്ടതെന്ന് അപ്പോള്‍ മാത്രമാണ് മനസിലാക്കുന്നത്. ഫുണ്ടയുടെ മരണത്തോടെ അവളുടെ വിലയേറിയ വസ്ത്രങ്ങളടങ്ങിയ സ്യൂട്ട്കെയ്സ് ലഭിക്കുന്നത് അവരുടെ അയല്‍വാസിയായിരുന്ന സെയ്നെപ്പിനാണ്. പലപ്പോഴും കാണികളെ ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന.
വളരെ ആഹ്ലാദവതിയായി അര്‍ദ്ധനഗ്ന വസ്ത്രം ധരിച്ച് ടെലിവിഷന്‍ കാണുന്ന സെയ്നെപ്പിന് മുന്നിലേക്ക് അപ്രതീക്ഷിതമായി അച്ഛന് കടന്നു വരുന്നതോടെ ചിത്രം കൂടുതല്‍ തീവ്രമാകുന്നു. ഏറെ വൈകി ഭക്ഷണം തയ്യാറാക്കിക്കൊടുത്ത അവളെ അയാള്‍ മര്‍ദ്ദിക്കുകയാണ്. ഒരു മാതൃകാമകളെയെന്ന പോലെ മദ്യപിച്ച് ലക്കുകെട്ടു വീണ അച്ഛനെ മുറിക്കകത്തേക്കു വലിച്ചുകയറ്റുന്ന സെയ്നെപിനെയാണ് നാം കാണുന്നത്. എന്നാല്‍ പിന്നീട് എന്തോ അടിച്ചു തകര്‍ക്കുന്ന ഒരു ശബ്ദത്തെ പിന്തുടര്ന്ന് നാം അകത്തേക്ക് ചെല്ലുമ്പോള്‍ കാണുന്നത് അവള് ബാത്ത്റൂമിലെ ഭിത്തിയില്‍ തെറിച്ച രക്തം കഴുകിക്കളയുന്നതാണ്.
മുസ്തഫയുടെ സഹായത്തോടെ അച്ഛന്റെ മൃതദേഹം കടലിലെറിയാന്‍ അവള് ഉപയോഗിക്കുന്നത് ഹുണ്ടയുടെ വിലയേറിയ വസ്ത്രങ്ങള്‍ വച്ചിരുന്ന സ്യൂട്ട്കെയ്സാണ്. ഇപ്പോള്‍ മാത്രമാണ് എന്തായിരുന്നു അവളുടെ പ്രാര്‍ത്ഥനയെന്ന് നാം തിരിച്ചറിയുന്നത്. അച്ഛനെ ഭയക്കാതെയും നൂല് പൊട്ടാതെ കുന്നിന് മുകളിലെത്താന്‍ സാധിക്കാതെയും വന്നതോടെ അവള് ആ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തന്നെ തീരുമാനിക്കുന്നിടത്താണ് കഥയവസാനിക്കുന്നത്. ഒപ്പം മുസ്തഫയ്ക്കൊപ്പമുള്ള ജീവിതം ആരംഭിക്കാനും.
ആദ്യ രംഗം പോലെ ഈ ചിത്രത്തിലെ എല്ലാ രംഗങ്ങളും ദീര്‍ഘദൂര ഷോട്ടുകള്‍ നിറഞ്ഞവയാണ്. ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മനസിലുള്ള ആഴം പോലെ തന്നെ.
janayugom
ബാല്യകാലാനുഭവങ്ങളുടെ ആവിഷ്കാരം ആരെയും ഒന്നുപിടിച്ചിരുത്തും. ചൊടിപ്പിക്കുകയോ വേദനിപ്പിക്കുകയോ ആഹ്ലാദിപ്പിക്കയോ ചെയ്യും. ഊതിവീര്‍പ്പിക്കപ്പെട്ട കാല്പനിക ബാല്യത്തിന്റെ ആകര്ഷകതയല്ല യഥാര്‍ഥ ജീവിതം നമുക്കുമുമ്പില്‍ വച്ചുനീട്ടുന്നത്. പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ നമുക്കുചുറ്റും സംഭവിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് ''ലക്കി'' എന്ന ചലച്ചിത്രം ആവര്‍ത്തിച്ചുപറയുന്നു. അവി ലൂത്റ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ആഫ്രിക്കന്‍ കൂട്ടിയുടെ-കറുത്ത കുട്ടിയുടെ-ബാല്യകാലം അനാവരണം ചെയ്യുന്നു. അവന്റെ പേരാണ് ചലച്ചിത്രത്തിനും. ഒരു നിര്ഭാഗ്യവാന്.
ReplyDelete