Monday, December 12, 2011

പ്രകോപനമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം: പിണറായി

കോഴിക്കോട്: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് ലോഗോ കോഴിക്കോട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ഛിദ്രശക്തികള്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ എല്ലാവരും യോജിച്ചു നീങ്ങണം. എല്ലാവരും സംയമനം പാലിക്കണം. അനാവശ്യ വിദ്വേഷവും വിരോധവും വളര്‍ത്താനുള്ള നീക്കം അനുവദിക്കരുത്. തമിഴരും മലയാളികളും തമ്മില്‍ പ്രശ്നമുണ്ടാക്കാനുള്ള നീക്കത്തെ രാഷ്ട്രീയകക്ഷികളെല്ലാം എതിര്‍ക്കണം. പ്രകോപനമുണ്ടാക്കിയാല്‍ ഭവിഷ്യത്ത് ഗുരുതരമാകും. അത് രാഷ്ട്രീയകക്ഷികളും സമുദായസംഘടനകളുമെല്ലാം ഓര്‍ക്കണം. അക്രമം തങ്ങളുടെ ശൈലിയല്ലെന്നു പറയുന്നവരും അക്രമം കാട്ടി. ഇതിപ്പോള്‍ മറ്റുചിലരും ഏറ്റെടുക്കുന്നു. തമിഴ്നാടിന് കേരളത്തെയോ കേരളത്തിന് തമിഴ്നാടിനെയോ തള്ളാനാവില്ല.

കേരളവും തമിഴ്നാടുമായി ഈ പ്രശ്നം മാറ്റിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനുമാണ്. കേന്ദ്രം നിലപാട് സ്വീകരിക്കാത്തതാണ് പ്രശ്നപരിഹാരത്തിന് തടസമാകുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള പാര്‍ടികളൊന്നും നയം വ്യക്തമാക്കുന്നില്ല. സിപിഐ എമ്മാണ് നിലപാട് വെളിപ്പെടുത്തിയ ഏക ദേശീയപാര്‍ടി. കേരളത്തിന്റെ സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന ആവശ്യം പാര്‍ടി നിലപാടിലുണ്ട്. 40 ലക്ഷംപേരുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രശ്നമാണിത്. എന്നാല്‍ ആ ഗൗരവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇതെടുത്തില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് പ്രശ്നം വഷളാക്കിയത്. ഇപ്പോള്‍ സര്‍വകക്ഷിസംഘം പോകാമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞങ്ങള്‍ അതിന് എതിരല്ല. മുഖ്യമന്ത്രി നേരത്തെ പോയി പ്രധാനമന്ത്രിയെ കണ്ടതാണല്ലോ. കേന്ദ്രത്തിന് ആജ്ഞാപിക്കാനാവില്ലെന്നാണ് പിന്നീട് പറഞ്ഞത്. അന്ന് പറഞ്ഞതൊന്നും അംഗീകരിച്ചില്ലെന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കേരളത്തിന്റെ ആവശ്യം ശരിയായി കേന്ദ്രത്തില്‍ ധരിപ്പിക്കാന്‍ കൂടിയാവാത്ത സര്‍ക്കാരാണിത്- പിണറായി പറഞ്ഞു.

deshabhimani 121211

1 comment:

  1. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് ലോഗോ കോഴിക്കോട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete