Monday, December 12, 2011

സോപ്പിലെ ചിപ്പ് സൈബര്‍ സെല്‍ പരിശോധിക്കും

ബഹുരാഷ്ട്ര കുത്തകകള്‍ക്കു വേണ്ടി സോപ്പിലും മഗ്ഗിലും ചിപ്പും ഇലക്ട്രോണിക് ഉപകരണവും ഘടിപ്പിച്ചു നടത്തിയ സര്‍വേയെ കുറിച്ച് ദുരൂഹത തുടരുന്നു. ഞായറാഴ്ച ഇംഗ്ലണ്ടില്‍ നിന്നുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. സര്‍വേക്ക് ഉപയോഗിച്ച ചിപ്പുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി സൈബര്‍ സെല്ലിനും സി ഡാക്കിനും കൈമാറുമെന്ന് ശംഖുംമുഖം അസിസ്റ്റന്റ് കമീഷണര്‍ പറഞ്ഞു. ബീമാപള്ളി, ചെറിയതുറ പ്രദേശത്ത് ഇംഗ്ലണ്ടിലെ ചില കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലായിരുന്നു സര്‍വേ. സോപ്പും മഗ്ഗും ഉപയോഗിക്കുന്നതു സംബന്ധിച്ച പരിശോധനയിലൂടെ മനുഷ്യന്റെ ആരോഗ്യവും ശുചിത്വവും എത്രയെന്നത് ഗ്രാഫ് രൂപത്തില്‍ തെളിയുന്ന രീതിയാണ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചോദ്യംചെയ്യലില്‍ കമ്പനിയുടെ പ്രതിനിധി പീറ്റര്‍ ഹാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

ആരോഗ്യശുചിത്വത്തെ കുറിച്ച് അറിയാനെന്ന രീതിയിലാണ് കമ്പനികള്‍ക്കുവേണ്ടി കേരളത്തില്‍ സര്‍വേ സംഘടിപ്പിച്ച സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ (എസ്ഇയുഎഫ്) ജനങ്ങളെ സമീപിച്ചത്. പ്രദേശത്തെ 15 വീട് കേന്ദ്രീകരിച്ചാണ് ആദ്യം സര്‍വേ തുടങ്ങിയത്. സോപ്പും മഗ്ഗും സൗജന്യമായി ലഭിക്കുമെന്ന് അറിഞ്ഞതോടെ കൂടുതല്‍ വീട്ടുകാര്‍ സര്‍വേയില്‍ പങ്കാളികളായി. ഇതോടെ മേഖലയിലെ അമ്പതോളം നിര്‍ധന കുടുംബത്തിന് ലൈഫ്ബോയ് സോപ്പിലും മഗ്ഗിലും ചിപ്പ് ഘടിപ്പിച്ചു നല്‍കി. ഉപയോഗിച്ചു തുടങ്ങിയ സാധനങ്ങളില്‍ ചിപ്പും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ഒളിക്യാമറയാണെന്ന സംശയവും ഉയര്‍ന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇന്റര്‍ടെക് സിആര്‍എസ് ലിമിറ്റഡ്, എസ്ഇയുഎഫ്, യൂണിലിവര്‍ റിസര്‍ച്ച്- യുകെ, ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീനിക് ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ - യുകെ എന്നിവരുടെ കൂട്ടായ്മയിലാണ് സര്‍വേ നടത്തിയത്. ജില്ലയില്‍ പലയിടത്തും ആന്ധ്രാപ്രദേശിലും ഇത്തരം സര്‍വേ നടത്തിയതായി കമ്പനി അധികൃതര്‍ പൊലീസിനോടു പറഞ്ഞു.

deshabhimani 121211

1 comment:

  1. ബഹുരാഷ്ട്ര കുത്തകകള്‍ക്കു വേണ്ടി സോപ്പിലും മഗ്ഗിലും ചിപ്പും ഇലക്ട്രോണിക് ഉപകരണവും ഘടിപ്പിച്ചു നടത്തിയ സര്‍വേയെ കുറിച്ച് ദുരൂഹത തുടരുന്നു. ഞായറാഴ്ച ഇംഗ്ലണ്ടില്‍ നിന്നുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല.

    ReplyDelete