Wednesday, December 14, 2011

വ്യവസായത്തകര്‍ച്ചയ്ക്ക് പരിഹാരം കാണണം

ഇന്ത്യാ മഹാരാജ്യം വ്യവസായത്തകര്‍ച്ചയിലേക്കും സാമ്പത്തികമാന്ദ്യത്തിലേക്കും നീങ്ങുകയാണെന്ന വാര്‍ത്ത ഉല്‍ക്കണ്ഠയ്ക്ക് ഇടംനല്‍കുന്നതാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും നാടിനെ വിഴുങ്ങാന്‍ പോകുകയാണ്. ക്ഷണിച്ചുവരുത്തിയ വിപത്താണിത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിരുത്തരവാദിത്തവും കഴിവില്ലായ്മയുമാണ് ഈ സ്ഥിതിവിശേഷത്തിലേക്ക് നാടിനെ നയിച്ചത്. അമേരിക്കന്‍ ഐക്യനാടിനെ ബാധിച്ച പൊതുസാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതമാണെന്നോ പ്രതിഫലനമാണെന്നോ പറഞ്ഞ് ഈ ഗുരുതരമായ പ്രശ്നത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് കൈകഴുകാന്‍ കഴിയില്ല. വേണ്ടത്ര മുന്നറിയിപ്പുണ്ടായിട്ടും യുപിഎ സര്‍ക്കാര്‍ ഇതേവരെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. മുന്നറിയിപ്പുകളൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഒമ്പത് ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് ആലസ്യത്തില്‍ കഴിയുകയായിരുന്നു സാമ്പത്തികവിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. നാടിനെയാകെ ബഹുരാഷ്ട്രകുത്തകകള്‍ക്കും ശതകോടീശ്വരന്മാര്‍ക്കും തീറെഴുതിക്കൊടുക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ഭരണാധികാരികള്‍ . ഖജനാവ് കൊള്ളയടിക്കുന്ന പ്രവര്‍ത്തനത്തിലാണവര്‍ ഏര്‍പ്പെട്ടത്.

2ജി സ്പെക്ട്രം, ഇരുമ്പയിര് കുംഭകോണം, പ്രകൃതിവാതക കുംഭകോണം തുടങ്ങി കേന്ദ്ര ഖജനാവ് കൊള്ളയടിക്കുന്ന അഴിമതികള്‍ക്ക് ഒത്താശചെയ്തുകൊടുക്കുന്ന തിരക്കിലായിരുന്നു അവര്‍ . സാമ്പത്തികപ്രതിസന്ധി ഇന്ത്യയെ ബാധിക്കുകയില്ലെന്ന ശുഭാപ്തിവിശ്വാസം അരക്കിട്ടുറപ്പിക്കാനാണവര്‍ ശ്രമിച്ചത്. രൂപയുടെ മൂല്യം എല്ലാ റെക്കോഡുകളും തകര്‍ത്ത് നിലംപൊത്തുമ്പോഴും അവര്‍ പറയുന്നത് രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രം എന്നാണ്. ഇന്ത്യയുടെ വ്യവസായവളര്‍ച്ച ശോഷിച്ച് മൈനസ് 5.1 ശതമാനത്തിലെത്തിനില്‍ക്കുകയാണെന്നത് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. കഴിഞ്ഞവര്‍ഷം വ്യവസായവളര്‍ച്ച 11.3 ശതമാനമായിരുന്നതാണ് ഈ വര്‍ഷം കുത്തനെ ഇടിഞ്ഞ് പാതാളത്തിലേക്കിറങ്ങി മൈനസ് 5.1 ആയത്. വിലക്കയറ്റം, പലിശനിരക്കിലുണ്ടായ വര്‍ധന, വാങ്ങാനുള്ള ചോദനത്തിലുണ്ടായ കുറവ്, രൂപയുടെ മൂല്യശോഷണം, വിദേശനിക്ഷേപം പിന്‍വലിച്ചത് തുടങ്ങി വ്യവസായത്തകര്‍ച്ചയ്ക്ക് പല കാരണങ്ങളും പറയുന്നുണ്ട്. ഏതായാലും ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയുന്നതല്ല. അമേരിക്കന്‍ ഐക്യനാടിനെയാണ് മന്‍മോഹന്‍ സര്‍ക്കാര്‍ കുറച്ചുകാലമായി മാതൃകയായി സ്വീകരിച്ചത്. അമേരിക്കയില്‍നിന്നും ഇസ്രയേലില്‍നിന്നും ആയുധം വാങ്ങിക്കൂട്ടാനാണ് യുപിഎ സര്‍ക്കാര്‍ തുനിഞ്ഞത്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് നല്‍കിയ സബ്സിഡി പിന്‍വലിക്കുകയും ചെയ്തു. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. വിപണി സമ്പദ്വ്യവസ്ഥ സ്വീകരിച്ച ഒരു സര്‍ക്കാരിന് വിലനിര്‍ണയിക്കേണ്ടത് വിപണിയിലാണ്. വിപണിയാണെങ്കില്‍ ലഭ്യതയും ചോദനവും ആധാരമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ലഭ്യത കുറയുകയും ചോദനം കൂടുകയും ചെയ്താല്‍ വില കുതിച്ചുയരും. ഇത് ജനങ്ങള്‍ക്കനുകൂലമായി നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ഈ ചുമതലയില്‍നിന്ന് ബോധപൂര്‍വം സര്‍ക്കാര്‍ ഒഴിഞ്ഞുമാറി. രണ്ടുമൂന്ന് വര്‍ഷമായി പ്രതിപക്ഷം യോജിച്ചുകൊണ്ട് പാര്‍ലമെന്റില്‍ വിലക്കയറ്റ പ്രശ്നം തുടര്‍ച്ചയായി ഉന്നയിച്ചുവരികയാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചാലും പ്രധാനമന്ത്രിക്ക് കുലുക്കമില്ല. ഈ നിസ്സംഗമനോഭാവമാണ് കുഴപ്പം മൂര്‍ച്ഛിക്കാനിടവരുത്തിയത്. കെടുകാര്യസ്ഥതകൊണ്ട് തകര്‍ന്ന വന്‍കിട ബാങ്കുകളും വ്യവസായസ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് കമ്പനികളും താങ്ങിനിര്‍ത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് അമേരിക്ക നിയന്ത്രണമില്ലാതെ പണംനല്‍കി. പുതിയ തൊഴില്‍സാധ്യത കണ്ടെത്താനും ജനങ്ങളുടെ വരുമാനം വര്‍ധിക്കാനും ക്രയശേഷി ഉയര്‍ത്താനും ഈ നയം തെല്ലും സഹായിച്ചില്ല. ജനകീയ ചൈന ബദല്‍നയമാണ് സ്വീകരിച്ചത്. ഇതില്‍നിന്നൊന്നും ഒരു പാഠവും പഠിക്കാന്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. വിലക്കയറ്റം വളര്‍ച്ചയുടെ ലക്ഷണമാണെന്നാണ് പ്രധാനമന്ത്രി കണ്ടെത്തിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ മാന്ത്രികവടി കൈയിലില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്ക് പൊലിപ്പിച്ചുകാട്ടി ഊറ്റംകൊണ്ടിരുന്നവര്‍ക്ക് ഇപ്പോള്‍ വളര്‍ച്ചയെക്കുറിച്ച് പറയാനില്ല. ഉദാരവല്‍ക്കരണത്തിന് രണ്ടുപതിറ്റാണ്ട് പ്രായമാകുമ്പോള്‍ തൊഴില്‍രാഹിത്യത്തിന്റെ അളവില്‍ നാലിരട്ടി വര്‍ധനയാണുണ്ടായത്. വ്യവസായവളര്‍ച്ച തകരുമ്പോള്‍ വന്‍കിട കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കുകയാണ്. കഴിഞ്ഞ ഏഴുവര്‍ഷംകൊണ്ട് രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ നികുതിയിളവ് 23,19,323 കോടി രൂപയുടേതാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ഭക്ഷ്യസുരക്ഷയ്ക്ക് ആഘോഷപൂര്‍വം മാറ്റിവച്ച തുക 1,05,051 കോടി രൂപയാണെന്നറിയുമ്പോള്‍ അതിന്റെ എത്രമടങ്ങാണ് കോര്‍പറേറ്റുകള്‍ അടിച്ചുകൊണ്ടുപോയതെന്ന് വ്യക്തമാകും. രാജ്യത്തെ ആകെ ജനങ്ങളുടെ ഒരുശതമാനത്തെയാണ് കോര്‍പറേറ്റുകള്‍ പ്രതിനിധാനംചെയ്യുന്നത്.

99 ശതമാനം ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് ആ ഒരു ശതമാനത്തിന് നല്‍കുന്നതിന്റെ നാലിലൊന്നുപോലും വരുന്നില്ല. വ്യവസായങ്ങള്‍ തളരുമ്പോള്‍ ഈ അന്തരം അല്ലലില്ലാതെ വളരുന്നുണ്ട്. കൂട്ടുത്തരവാദിത്തം കൈമോശംവന്നുപോയ ഒരു മന്ത്രിസഭയാണ് കേന്ദ്രത്തിലുള്ളതെന്ന് വ്യക്തമായിരിക്കുന്നു. ചാക്കിട്ടുപിടിത്തവും കുതികാല്‍വെട്ടലുമൊക്കെ നിത്യസംഭവങ്ങളായി മാറി. ഈ സാഹചര്യത്തില്‍ നാടിന്റെ നട്ടെല്ലായ കാര്‍ഷിക - വ്യവസായ മേഖലകള്‍ തകരുന്നത് കാഴ്ചക്കാരായി നോക്കിനില്‍ക്കാനേ യുപിഎ സര്‍ക്കാരിന് കഴിഞ്ഞുള്ളൂ. ഇടതുപക്ഷത്തെ ശത്രുക്കളായിട്ടാണ് മന്‍മോഹന്‍ സര്‍ക്കാര്‍ കണ്ടത്. അതുകൊണ്ടുതന്നെ ഇടതുപക്ഷം നിര്‍ദേശിച്ച ബദല്‍നയങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിച്ചു. ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടും പ്രധാനമന്ത്രി കുംഭകര്‍ണസേവയിലാണ് മുഴുകിയത്. ഈ സാഹചര്യത്തില്‍ ഒന്നേ പറയാനുള്ളൂ. പാപ്പരായ നയം ഉപേക്ഷിക്കുക, ബദല്‍നയം സ്വീകരിക്കാന്‍ തയ്യാറാകുക, സാധ്യമല്ലെങ്കില്‍ പരാജയം തുറന്നുസമ്മതിച്ച് ഭരണത്തില്‍നിന്നിറങ്ങിപ്പോകുക. അത് മാത്രമേ കരണീയമായിട്ടുള്ളൂ.

deshabhimani 141211

1 comment:

  1. ഇന്ത്യാ മഹാരാജ്യം വ്യവസായത്തകര്‍ച്ചയിലേക്കും സാമ്പത്തികമാന്ദ്യത്തിലേക്കും നീങ്ങുകയാണെന്ന വാര്‍ത്ത ഉല്‍ക്കണ്ഠയ്ക്ക് ഇടംനല്‍കുന്നതാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും നാടിനെ വിഴുങ്ങാന്‍ പോകുകയാണ്. ക്ഷണിച്ചുവരുത്തിയ വിപത്താണിത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിരുത്തരവാദിത്തവും കഴിവില്ലായ്മയുമാണ് ഈ സ്ഥിതിവിശേഷത്തിലേക്ക് നാടിനെ നയിച്ചത്. അമേരിക്കന്‍ ഐക്യനാടിനെ ബാധിച്ച പൊതുസാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതമാണെന്നോ പ്രതിഫലനമാണെന്നോ പറഞ്ഞ് ഈ ഗുരുതരമായ പ്രശ്നത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് കൈകഴുകാന്‍ കഴിയില്ല. വേണ്ടത്ര മുന്നറിയിപ്പുണ്ടായിട്ടും യുപിഎ സര്‍ക്കാര്‍ ഇതേവരെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. മുന്നറിയിപ്പുകളൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഒമ്പത് ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് ആലസ്യത്തില്‍ കഴിയുകയായിരുന്നു സാമ്പത്തികവിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. നാടിനെയാകെ ബഹുരാഷ്ട്രകുത്തകകള്‍ക്കും ശതകോടീശ്വരന്മാര്‍ക്കും തീറെഴുതിക്കൊടുക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ഭരണാധികാരികള്‍ . ഖജനാവ് കൊള്ളയടിക്കുന്ന പ്രവര്‍ത്തനത്തിലാണവര്‍ ഏര്‍പ്പെട്ടത്.

    ReplyDelete