Wednesday, December 14, 2011

സര്‍ക്കാരും ബിജെപിയും കൈകോര്‍ക്കുന്നു

പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ ബില്‍ ബിജെപിയുടെ സഹായത്തോടെ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തെ എതിര്‍ത്ത ബിജെപി പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബില്‍ പാസാക്കാന്‍ സര്‍ക്കാരുമായി കൈകോര്‍ക്കുകയാണ്. പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാനാണ് പുതിയ ബില്‍ ലക്ഷ്യംവയ്ക്കുന്നത്. ഓഹരിക്കമ്പോളത്തിന്റെ ചാഞ്ചാട്ടത്തിനനുസരിച്ച് മാത്രം പെന്‍ഷന്‍ നല്‍കുന്ന ബില്ലാണ് ലോക്സഭയില്‍ പാസാക്കാന്‍ ശ്രമിക്കുന്നത്. ഒരാഴ്ച മുമ്പേ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ബില്‍ ബിജെപിയുടെ പിന്തുണ ഉറപ്പായശേഷം മാത്രം പരിഗണിച്ചാല്‍മതിയെന്നാണ് യുപിഎയില്‍ ഉണ്ടായ ധാരണ. ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസിനെയും ഇക്കാര്യത്തില്‍ കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.

അതേസമയം, പരമാവധി കക്ഷികളെ കൂട്ടിയോജിപ്പിച്ച് ബില്‍ പരാജയപ്പെടുത്താനുള്ള ശ്രമം ഇടതുപക്ഷ പാര്‍ടികള്‍ ആരംഭിച്ചു. കമ്പോളത്തിലെ ചാഞ്ചാട്ടത്തിന് വിധേയമാകാതെ കൃത്യമായ പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് നേരത്തെ പറഞ്ഞതെങ്കിലും സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ഭേദഗതികളില്‍ ഈ സുപ്രധാന ഭേദഗതിയില്ലെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. ലോക്സഭയിലെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് ഈ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് അറിയിച്ചെങ്കിലും അവതരിപ്പിച്ചതില്‍ അതില്ലെന്ന് ആചാര്യ വെളിപ്പെടുത്തി. ഈ ഭേദഗതിയില്ലാതെ സര്‍ക്കാരിനെ ബിജെപി പിന്തുണയ്ക്കുമോ എന്നതാണ് പ്രധാന ചോദ്യം. പെന്‍ഷന്‍ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാനുള്ള ബിജെപിയുടെ നീക്കം രാജ്യത്തെ നാശത്തിലേക്ക് നയിക്കുമെന്ന് സിപിഐ എം രാജ്യസഭാനേതാവ് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. സാമ്പത്തികപ്രതിസന്ധി ലോകമാകെ പടരുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തിന്റെ ചാഞ്ചാട്ടത്തിന് വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബില്‍ പരാജയപ്പെടുത്താന്‍ സിപിഐ എം നേതൃത്വത്തില്‍ ഇടതുപക്ഷം മറ്റ് പാര്‍ടികളുമായി ചര്‍ച്ച നടത്തുകയാണ്. എസ്പി, ബിഎസ്പി, ആര്‍ജെഡി, ടിഡിപി, ബിജെഡി, ജെഡി-എസ് എന്നീ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഐക്യജനതാദളുമായും ചര്‍ച്ച നടത്തിവരികയാണ്. ജീവനക്കാര്‍ വിഹിതം നല്‍കി പെന്‍ഷന്‍ നടത്തുന്ന രീതിയെ ശക്തമായി എതിര്‍ക്കുന്നതിനാല്‍ ബില്ലില്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്നും അത് വോട്ടിനിടുമെന്നും ബസുദേവ് ആചാര്യ പറഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 141211

1 comment:

  1. പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ ബില്‍ ബിജെപിയുടെ സഹായത്തോടെ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തെ എതിര്‍ത്ത ബിജെപി പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബില്‍ പാസാക്കാന്‍ സര്‍ക്കാരുമായി കൈകോര്‍ക്കുകയാണ്. പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാനാണ് പുതിയ ബില്‍ ലക്ഷ്യംവയ്ക്കുന്നത്. ഓഹരിക്കമ്പോളത്തിന്റെ ചാഞ്ചാട്ടത്തിനനുസരിച്ച് മാത്രം പെന്‍ഷന്‍ നല്‍കുന്ന ബില്ലാണ് ലോക്സഭയില്‍ പാസാക്കാന്‍ ശ്രമിക്കുന്നത്. ഒരാഴ്ച മുമ്പേ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ബില്‍ ബിജെപിയുടെ പിന്തുണ ഉറപ്പായശേഷം മാത്രം പരിഗണിച്ചാല്‍മതിയെന്നാണ് യുപിഎയില്‍ ഉണ്ടായ ധാരണ. ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസിനെയും ഇക്കാര്യത്തില്‍ കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.

    ReplyDelete