Wednesday, December 14, 2011

"കമ്യൂണിസ്റ്റ്പാര്‍ടി ചരിത്രം"പ്രകാശനം വെള്ളിയാഴ്ച

കോഴിക്കോട്: ജില്ലയിലെ കമ്യൂണിസ്റ്റ്പാര്‍ടി ചരിത്രം ഒന്നാം സഞ്ചിക ഡിസംബര്‍ 16 ന് വെള്ളിയാഴ്ച സിപിഐ എം ജില്ലാസമ്മേളന വേദിയില്‍ പ്രകാശനം ചെയ്യും. 1937 മുതല്‍ 47 വരെയുള്ള പാര്‍ടിചരിത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കമ്യൂണിസ്റ്റ്പാര്‍ടി രൂപീകരണത്തിന്റെ സാമൂഹ്യസാമ്പത്തിക പശ്ചാത്തലവും രാഷ്ട്രീയസാഹചര്യവും പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. "കോഴിക്കോട് ചരിത്രത്തിലൂടെ" എന്ന അധ്യായത്തില്‍ തുടങ്ങി "കമ്യൂണിസ്റ്റ്പാര്‍ടി രൂപംകൊള്ളുന്നു" എന്ന അവസാന അധ്യായവും അനുബന്ധവുമടക്കം 464 പേജുകളാണ് പുസ്തകത്തിലുള്ളത്. 1947 ആഗസ്റ്റ് 15ന് വൈകിട്ട് നടന്ന തൊഴിലാളിപ്രകടനത്തിന് മുന്നില്‍ അശോകചക്രാങ്കിതമായ സ്വാതന്ത്ര്യപതാകയും പിടിച്ച് കോഴിക്കോട് നഗരത്തിലൂടെ നടന്നുനീങ്ങുന്ന കൃഷ്ണപിള്ളയുടെ ആവേശോജ്വലമായ ദൃശ്യത്തോടെയാണ് ഒന്നാം സഞ്ചിക അവസാനിക്കുന്നത്. കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രമാണ് പുസ്തകം വായനക്കാരുടെ കൈകളിലെത്തിക്കുന്നത്. വില 200 രൂപ.

"ഞാന്‍ എങ്ങനെ കമ്യൂണിസ്റ്റായി" പ്രകാശനം ഇന്ന്

കോഴിക്കോട്: ടി കെ ഹംസ എഴുതിയ "ഞാന്‍ എങ്ങനെ കമ്യൂണിസ്റ്റായി" എന്ന പുസ്തകം ബുധനാഴ്ച പ്രകാശനംചെയ്യും. പ്രസ്ക്ലബ് ഹാളില്‍ പകല്‍ മൂന്നിന് ചേരുന്ന ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന് ആദ്യപ്രതി നല്‍കി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് പ്രകാശനം നിര്‍വഹിക്കും. ദേശാഭിമാനി വാരികാ പത്രാധിപര്‍ കെ പി മോഹനന്‍ അധ്യക്ഷനാകും. ടി കെ ഹംസയുടെ ജീവിതകഥയ്ക്കൊപ്പം ഏറനാടിന്റെ ചരിത്രവും രാഷ്ട്രീയ-സാംസ്കാരിക സംഭവവികാസങ്ങളുമെല്ലാം പുസ്തകത്തില്‍ ഇതള്‍ വിരിയുന്നു. "ദേശാഭിമാനി" വാരിക തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച അനുഭവങ്ങളാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രകാശിതമാകുന്നത്. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകര്‍ .

deshabhimani 141211

No comments:

Post a Comment