Monday, December 12, 2011

ഓപ്പണ്‍ ഫോറത്തില്‍ അപ്രിയ ചോദ്യങ്ങള്‍ക്ക് വിലക്ക്; നേരിടാന്‍ ഗുണ്ടകള്‍

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ ചോദ്യം ചോദിച്ചവര്‍ക്കെതിരെ ഗുണ്ടകളുടെ കൈയേറ്റം. ചലച്ചിത്രമേളകളുടെ അസ്തിത്വം എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ഫോറം പ്രതിനിധികളുടെ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവച്ചു. മേളയുടെ വളന്റിയര്‍ പാസ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും സിനിമാ മന്ത്രിഗണേശ്കുമാറിന്റെ പാര്‍ടിയിലുള്ളവര്‍ക്കും നല്‍കിയത് ഞായറാഴ്ച വിവാദമായി.

ഓപ്പണ്‍ഫോറത്തിലെ ചര്‍ച്ച പുരോഗമിക്കുന്നതിനിടയില്‍ വിദേശപ്രതിനിധികളോട് നിങ്ങളുടെ നാട്ടിലെ ചലച്ചിത്രോത്സവങ്ങളില്‍ നിങ്ങളുടെ ഭാഷയിലുള്ള ചിത്രങ്ങള്‍ ഉണ്ടാകാറില്ലേ എന്ന് ചോദ്യം ഉന്നയിച്ചു. പേരിന് ഒരു മലയാളസിനിമപോലുമില്ലാതെ ചലച്ചിത്രമേളയുടെ അസ്തിത്വത്തെക്കുറിച്ച് ഇവിടെ ചര്‍ച്ചചെയ്യുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും ചോദ്യമുയര്‍ന്നു. ഈ സമയം വേദിക്കുമുന്നിലുണ്ടായിരുന്ന ചിലര്‍ ഇത്തരം ചോദ്യങ്ങള്‍ അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് ചോദ്യം ചോദിച്ചവരെ പുറത്തേക്ക് തള്ളി. ഇതോടെ, ഗുണ്ടകളെ നിര്‍ത്തി ഓപ്പണ്‍ഫോറം നടത്താനാകില്ലെന്ന് പറഞ്ഞ് പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഓപ്പണ്‍ഫോറം ചോദ്യങ്ങള്‍ ചോദിക്കാനും ചര്‍ച്ച ചെയ്യാനുള്ളതാണെന്നും ഗുണ്ടകളെ ഉപയോഗിച്ച് അതിനെ തടയാനാകില്ലെന്നും പ്രതിനിധികള്‍ വിളിച്ചുപറഞ്ഞു. ചോദ്യങ്ങള്‍ ചോദിച്ചവരെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യമല്ലെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിരൂപകന്‍ ജി പി രാമചന്ദ്രന്‍ , ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തെത്തി. ചോദ്യം ചോദിച്ച പ്രതിനിധികളെ കൈയേറ്റംചെയ്തവരെ ചൂണ്ടിക്കാണിച്ചിട്ടും അടുത്തുണ്ടായിരുന്ന പൊലീസ് നടപടിയെടുത്തില്ല. പ്രതിഷേധം രൂക്ഷമായതിനെതുടര്‍ന്ന് ഓപ്പണ്‍ഫോറം നിര്‍ത്തിവച്ചു.

ശനിയാഴ്ചത്തെ ഓപ്പണ്‍ഫോറത്തിലെ തര്‍ക്കത്തിനിടയില്‍ അക്കാദമി ഭാരവാഹികളെ ന്യായീകരിച്ച് സംസാരിച്ച യു രാധാകൃഷ്ണനായിരുന്നു ഞായറാഴ്ചത്തെ ഓപ്പണ്‍ഫോറത്തിലെ മോഡറേറ്റര്‍ . വി രാജകൃഷ്ണന്‍ , മാര്‍ട്ടിന അര്‍മാന്റ്, ലോറെ ബാര്‍ബറ, നോവ ഡേവിസ് എന്നിവര്‍ ഓപ്പണ്‍ഫോറത്തില്‍ സംസാരിച്ചു. 120 യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ചലച്ചിത്ര അക്കാദമി രഹസ്യമായി വളന്റിയര്‍ പാസ് നല്‍കിയതായുള്ള വാര്‍ത്ത പുറത്തുവന്നിതിനുപിന്നാലെയാണ് ഓപ്പണ്‍ഫോറത്തില്‍ ചോദ്യംചെയ്തവരെ ഗുണ്ടകള്‍ കൈയേറ്റം ചെയ്തത്. മേളയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള 73 വിദ്യാര്‍ഥികള്‍ വളന്റിയര്‍മാരായുണ്ട്. ഇതിനുപുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് 120 വളന്റിയര്‍ പാസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അക്കാദമിക്ക് കത്ത് നല്‍കിയിരുന്നു. ഞായറാഴ്ച കൈരളിയില്‍ പ്രദര്‍ശിപ്പിച്ച മത്സരചിത്രമായ "ബോഡി" വിലയിരുത്താന്‍ ജൂറി ചെയര്‍മാന്‍ ബ്രൂസ് ബെര്‍സ്ഫോര്‍ഡ് തറയില്‍ ഇരിക്കേണ്ടി വന്നു. സിനിമ കാണാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇരുന്നത് ജൂറിക്കുവേണ്ടി നീക്കിവച്ച സീറ്റിലായിരുന്നു. സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ എഴുന്നേറ്റില്ല. ഒടുവില്‍ ജൂറി ചെയര്‍മാന്‍ തറയിലിരുന്നു.
(സുമേഷ് കെ ബാലന്‍)

deshabhimani 121211

1 comment:

  1. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ ചോദ്യം ചോദിച്ചവര്‍ക്കെതിരെ ഗുണ്ടകളുടെ കൈയേറ്റം. ചലച്ചിത്രമേളകളുടെ അസ്തിത്വം എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ഫോറം പ്രതിനിധികളുടെ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവച്ചു. മേളയുടെ വളന്റിയര്‍ പാസ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും സിനിമാ മന്ത്രിഗണേശ്കുമാറിന്റെ പാര്‍ടിയിലുള്ളവര്‍ക്കും നല്‍കിയത് ഞായറാഴ്ച വിവാദമായി.

    ReplyDelete