Tuesday, December 13, 2011

രാജ്യം മാന്ദ്യത്തിലേക്ക് : വ്യവസായ തളര്‍ച്ച

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ പിടികൂടുന്നതിന്റെ ലക്ഷണങ്ങള്‍ ശക്തമായി. രാജ്യത്തെ വ്യാവസായിക വളര്‍ച്ച വന്‍തോതില്‍ ഇടിഞ്ഞു. ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയുണ്ടായി. രൂപയുടെ വിനിമയമൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. ഇതേതുടര്‍ന്ന് വരുംനാളുകളില്‍ വിലക്കയറ്റം രൂക്ഷമാകും. സാമ്പത്തിക വളര്‍ച്ച ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 6.9 ശതമാനമായി കുറഞ്ഞിരുന്നു. ഇത് വീണ്ടും കുറയാനാണ് സാധ്യതയെന്ന് വ്യവസായ വളര്‍ച്ചയിലെ ഇടിവു കാണിക്കുന്നു. ലോകം സാമ്പത്തികച്ചുരുക്കത്തിലേക്കാണ് നീങ്ങുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് ഇന്ത്യയെ സംബന്ധിച്ചും ശരിയാണെന്ന് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.

വ്യവസായ ഉല്‍പ്പാദന വളര്‍ച്ച സൂചിക ഒക്ടോബറില്‍ മൈനസ് 5.1 ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 11.3 ആയിരുന്നു. യൂറോപ്പിലും അമേരിക്കയിലും പടരുന്ന സാമ്പത്തിക പ്രതിസന്ധി കയറ്റുമതി ഇടിച്ചതും ആവശ്യത്തില്‍ വന്ന കുറവുമാണ് വ്യവസായ ഉല്‍പ്പാദന തളര്‍ച്ചയ്ക്ക് കാരണം. വിലക്കയറ്റം പരിഹരിക്കാനെന്ന പേരില്‍ റിസര്‍വ് ബാങ്ക് 17 മാസത്തിനുള്ളില്‍ 13 തവണ പലിശനിരക്ക് വര്‍ധിപ്പിച്ചതും വ്യാവസായിക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് അവരുടെ നിക്ഷേപം പിന്‍വലിക്കുന്നതും തകര്‍ച്ചയ്ക്ക് കാരണമാണ്. ധനമൂലധനത്തെ കേന്ദ്രീകരിച്ചുള്ള നവഉദാരവല്‍ക്കരണ സാമ്പത്തികപരിഷ്കാരങ്ങള്‍ രാജ്യത്തിന് വിനാശകരമായി മാറിയെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.

പ്രധാന വ്യാവസായിക മേഖലയിലെല്ലാം വന്‍ തകര്‍ച്ച രേഖപ്പെടുത്തി. വ്യവസായ വളര്‍ച്ചയുടെ 76 ശതമാനം വരുന്ന നിര്‍മാണമേഖലയില്‍ ആറു ശതമാനത്തിന്റെ ഇടിവാണുണ്ടായിട്ടുള്ളത്. ഖനനവ്യവസായത്തില്‍ 7.2 ശതമാനത്തിന്റെയും യന്ത്രവ്യവസായത്തില്‍ 25.5 ശതമാനത്തിന്റെയും ഇടിവു രേഖപ്പെടുത്തി. വ്യാവസായിക ഉല്‍പ്പാദനരംഗത്തെ തകര്‍ച്ച സ്വാഭാവികമായും തൊഴിലില്ലായ്മ രൂക്ഷമാക്കും.

വ്യവസായ തളര്‍ച്ചയുടെ റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഓഹരിക്കമ്പോളത്തിലും തിങ്കളാഴ്ച വന്‍ ഇടിവുണ്ടായി. ബോംബെ ഓഹരിവിപണി സൂചികയായ സെന്‍സെക്സ് 343 പോയിന്റ് ഇടിഞ്ഞ് 15,870 ലാണ് തിങ്കളാഴ്ച വ്യാപാരം നിര്‍ത്തിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ 664 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. സെന്‍സെക്സ് 16,000 പോയിന്റിലും താഴെ പോയത് ആരോഗ്യകരമല്ലെന്നാണ് ഓഹരിവിപണി വിദഗ്ധരുടെ അഭിപ്രായം. ദേശീയ ഓഹരിവിപണി സൂചികയായ നിഫ്റ്റി 102 പോയിന്റ് തകര്‍ന്ന് 4764 പോയിന്റിലെത്തി. സെന്‍സെക്സ് 2.12 ശതമാനവും നിഫ്റ്റി 2.10 ശതമാനവുമാണ് ഇടിഞ്ഞത്. വരുംദിവസങ്ങളിലും ഇത് തുടരാനാണ് സാധ്യത. രൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമായി തുടരുകയാണ്. തിങ്കളാഴ്ച 81 പൈസയുടെ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഒരു ഡോളറിന് 52.84 രൂപയെന്ന നിരക്കിലാണ് വിനിമയം നടന്നത്. 1.56 ശതമാനം തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

deshabhimani 131211

1 comment:

  1. ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ പിടികൂടുന്നതിന്റെ ലക്ഷണങ്ങള്‍ ശക്തമായി. രാജ്യത്തെ വ്യാവസായിക വളര്‍ച്ച വന്‍തോതില്‍ ഇടിഞ്ഞു. ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയുണ്ടായി. രൂപയുടെ വിനിമയമൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. ഇതേതുടര്‍ന്ന് വരുംനാളുകളില്‍ വിലക്കയറ്റം രൂക്ഷമാകും. സാമ്പത്തിക വളര്‍ച്ച ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 6.9 ശതമാനമായി കുറഞ്ഞിരുന്നു. ഇത് വീണ്ടും കുറയാനാണ് സാധ്യതയെന്ന് വ്യവസായ വളര്‍ച്ചയിലെ ഇടിവു കാണിക്കുന്നു. ലോകം സാമ്പത്തികച്ചുരുക്കത്തിലേക്കാണ് നീങ്ങുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് ഇന്ത്യയെ സംബന്ധിച്ചും ശരിയാണെന്ന് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.

    ReplyDelete