പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീഴാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കേ വിരലിലെണ്ണാവുന്ന ചിത്രങ്ങളെക്കുറിച്ചു മാത്രമാണ് മികച്ചതെന്ന അഭിപ്രായം ഉയര്‍ന്നിട്ടുള്ളത്. സിനിമകള്‍ തിരഞ്ഞെടുത്തതില്‍ വന്ന അപാകത മേളയുടെ തുടക്കം മുതല്‍ക്കു തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ബുദ്ധിജീവി പരിവേശത്തോടെ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന മത്സരവിഭാഗം ചിത്രങ്ങളില്‍ മിക്കവയും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു. അറബ് വസന്ത വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകള്‍, ഫുട്‌ബോള്‍ വിഭാഗത്തിലെ ചില സിനിമകള്‍, ഇന്ത്യന്‍ സിനിമ വിഭാഗം, ലോക സിനിമ വിഭാഗത്തിലെ ചില ചിത്രങ്ങള്‍ തുടങ്ങിയവയാണ് മേള പ്രേമികള്‍ക്ക് കുറച്ചെങ്കിലും പ്രതീക്ഷയ്ക്ക് വക നല്‍കിയത്.
കാഴ്ചയുടെ മനോഹാരിതയോടൊപ്പം അറബ് ലോകത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌ക്കാരങ്ങളിലേക്കും രാഷ്ട്രീയപരമായി അറബ് ജനത അനുഭവിക്കുന്ന അരാഷ്ട്രീയതയിലേക്കും വെളിച്ചം വീശുന്നതാണ് മേളയിലെ അറബ് വസന്ത സിനിമകള്‍. തിയേറ്ററുകളില്ലാത്ത സൗദി അറേബ്യയില്‍ നിന്നു പോലും മികച്ച ചിത്രങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നത് ഒരിക്കലും വിസ്മരിക്കാനാകില്ല. സമകാലീന സംഭവങ്ങളെ ഉള്‍പ്പെടുത്തി സമാന്തര സിനിമകളുടെ നേര്‍ക്ക് ആരോപിക്കപ്പെടാറുള്ള കൃത്രിമത്വം ഇല്ലാതാക്കാന്‍ അറബ് വസന്ത വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കെല്ലാം കഴിഞ്ഞിട്ടുണ്ട്. മൂന്ന് സംവിധായകര്‍ ചേര്‍ന്നു നിര്‍മിച്ച തഹ്‌രീര്‍ 2011 ഇതിന്റെ മികച്ച ഉദാഹരണമാണ്.
മേളയുടെ അഞ്ചാം ദിവസത്തെ സിനിമയായി കാണികള്‍ വിലയിരുത്തിയ ഡമാസ്‌കസ് വിത് ലൗ കഴിഞ്ഞ ദിവസവും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. അറബ് വസന്ത വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം പ്രണയം മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നതിനു പുറമെ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന്റെ, ഓര്‍മകളുടേയും വൈവിധ്യങ്ങളുടേയും സംസ്‌ക്കാരങ്ങളുടേയും കൂടിച്ചേരലിന്റെ കഥ കൂടി പറയുന്നുണ്ട്. കാണികളെ മടുപ്പിക്കാതെ പ്രണയം മുഖ്യവിഷയമാക്കി ഇത്തരം പ്രമേയങ്ങളിലേക്ക് തിരിഞ്ഞു നടക്കാന്‍ ഡമാസ്‌കസ് വിത് ലൗവിന്റെ സംവിധായകന്‍ മുഹമ്മദ് അബ്ദുള്‍ അസീസ് നടത്തിയ ശ്രമം പൂര്‍ണമായും വിജയിച്ചുവെന്ന് നിസംശയം പറയാം.
ഡമാസ്‌കസില്‍ നിന്നും കുടിയേറാന്‍ ശ്രമിക്കുന്ന മധ്യവയസ്‌കയായ റിമയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന കാമുകന്‍ നബീല്‍ ജീവിച്ചിരിക്കുന്നുവെന്ന് പിതാവ് വെളിപ്പെടുത്തുന്നതോടെ ഡമാസ്‌കസ് വിട്ടു പോകാനുള്ള തീരുമാനം റിമ ഉപേക്ഷിക്കുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് നഷ്ടമായ പ്രണയം തേടി ഡമാസ്‌കസില്‍ ഇവര്‍ നടത്തുന്ന യാത്രയും അതിലെ രസകരമായ മുഹൂര്‍ങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നബീലിന്റെ ചിത്രം ആലേഖനം ചെയ്ത ചെപ്പുമായാണ് പിരിഞ്ഞിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞും റിമ ജീവിക്കുന്നത് . ചിത്രത്തിലെ ഓരോ കഥാപാത്രവും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കിയെന്നതില്‍ തര്‍ക്കമില്ല. ഇതിനിടയില്‍ ആധുനിക പ്രണയം അനുഭവിക്കുന്ന ഉത്തരവാദിത്തമില്ലായ്മയും അവരുടെ ടെന്‍ഷനും സംവിധായകന്‍ ആവിഷ്‌കരിച്ചിരിക്കുന്ന രീതി ഏറെ രസകരമാണ്.
കൗമാര പ്രണയം സമ്മാനിച്ച ഓര്‍മകളിലൂടെയാണ് റിമ സഞ്ചരിക്കുന്നത്. കാമുകനുമായി കണ്ടുമുട്ടാറുണ്ടായിരുന്ന സ്ഥലങ്ങളിലേക്കും അവര്‍ ഒരുമിച്ച് ഇടപഴകിയിരുന്ന സമയങ്ങളിലേക്കും റിമ ഒരേ സമയം യാത്ര നടത്തുന്നു. അതിനവരെ സഹായിക്കുന്നതാവട്ടെ പിതാവിന്റെ അടുത്ത സുഹൃത്തും. വിവിധ വിഭാഗങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന ഡമാസ്‌കസിന്റെ എന്തിനേയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയും ചിത്രം തുറന്നു കാട്ടുന്നുണ്ട്. ഒടുവില്‍ കൗമാര പ്രണയത്തിന്റെ വാര്‍ധക്യ സംഗമത്തോടെ ചിത്രം അവസാനിക്കുന്നു. വീല്‍ ചെയറില്‍ വരുന്ന നബീലിനെ പ്രണയത്തോടെ റിമ നോക്കുന്ന അവസാന ദൃശ്യമാണ് ചിത്രത്തിലെ ഏറ്റവും മിഴവുറ്റ കാഴ്ച.
വിരസതകള്‍ക്കിടയിലെ ചില കിളിര്‍പ്പുകള്‍
എന്താണ് പ്രണയം? ആ വാക്കു കേള്‍ക്കാനിടയാകുമ്പോള്‍ത്തന്നെ നാം ആദ്യം നിര്‍മ്മിക്കുക നമ്മുടെ സങ്കല്‍പ്പത്തിനകത്ത് നില്‍ക്കുന്ന ഒരു പുരുഷന്റേയും സ്ത്രീയുടേയും ശരീരങ്ങളെയാണ്. ആ രൂപങ്ങള്‍ക്കുള്ളിലേക്കാണ് ഭാവഭേദാതികള്‍ ഉള്‍പ്പെടുത്തി പ്രണയം എന്ന വികാരം നമ്മള്‍ കല്‍പ്പിച്ചെടുക്കുക. എന്നാല്‍ ഒരാണിനും ഒരു പെണ്ണിനും മാത്രമല്ല രണ്ടാണിനും രണ്ട് പെണ്ണിനും ഇടയിലാകാമെന്നുള്‍ക്കൊണ്ട് ലെസ്ബിയന്‍സും ഗെയ്‌സിനേയും അംഗീകരിക്കാന്‍ നമ്മള്‍ മനസ്സ് തുറന്നു. എന്നാലും നമ്മുടെ പ്രണയ സങ്കല്‍പ്പത്തിനകത്ത് ആണോ പെണ്ണോ ആയി രണ്ട് വ്യക്തികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് വ്യക്തികള്‍ക്കിടയിലേ പ്രണയം എന്ന ഒരു വികാരം സാധ്യമാകൂ എന്ന് നമ്മുടെയെല്ലാം ഉള്ളില്‍ പതിഞ്ഞിട്ടുണ്ടായിരുന്നിരിക്കാം. എന്നാല്‍ ഈ വികാരം മൂന്നാളുകള്‍ക്കിടയില്‍ അവിചാരിതമായി കടന്നുവരുന്നു. അതാണ് ടോം ടൈക്കര്‍ സംവിധാനം ചെയ്ത ത്രീ എന്ന സിനിമ. 2006 ല്‍ പെര്‍ഫ്യും: ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍ എന്ന സിനിമയുമായി നമ്മെ ഞെട്ടിച്ച അതേ സംവിധായകന്‍.
ഒരേസമയത്ത് ത്രികോണ പ്രണയമെന്ന് വിളിക്കാവുന്ന ഒരു സംഭവം നടക്കുകയല്ല സിനിമയില്‍. ഹനയും സിമോണ്‍ ആര്‍ട്ടും വിവാഹിതരാണ്. അവര്‍ക്ക് വളരെ നാളായി കുട്ടികളില്ല. എന്നാല്‍ അവര്‍ക്കിടയില്‍ മനോഹരമായ ഒരു പ്രണയം നിലനിര്‍ക്കുന്നുണ്ടെന്ന് നമുക്ക് കാണാം. ഗവേഷണ പ്രബന്ധം അവതരിപ്പിക്കുമ്പോള്‍ കണ്ടുമുട്ടുന്ന ഗവേഷകനായ ആഡവുമായി ഹന പ്രണയത്തിലാകുന്നിടത്ത് നിന്നാണ് ത്രീ തുടങ്ങുന്നത്. ഇതിനിടയില്‍ ടെസ്റ്റിസ് ക്യാന്‍സര്‍ ബാധിക്കുന്ന സിമോണിന്റെ ഒരു വൃഷണം എടുത്തുകളയേണ്ടി വരുന്നു. അതിനെത്തുടര്‍ന്ന് ഒരു നീന്തല്‍ക്കുളത്തില്‍ വച്ചുള്ള അവിചാരിതമായ കണ്ടുമുട്ടലില്‍ നിന്നാണ് സിമോണ്‍ ആഡം പ്രണയം സംഭവിക്കുന്നത്. വളരെ മികച്ച കഥപറച്ചിലൊന്നുമല്ലെങ്കില്‍ത്തന്നെയും ജര്‍മ്മന്‍ സിനിമകളില്‍ കാണാറുള്ള സാങ്കേതികത്തം വളരെ നന്നായി ഈ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്.
പൊതുവെ വിരസമായ സിനിമകളുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രമേയം കൊണ്ടാണ് ത്രീ എന്ന ഈ സിനിമ ശ്രദ്ധേയമായത്. മൂന്നുപേരുള്‍പ്പെട്ട ലൈംഗികത പ്രമേയമാക്കിയ സിനിമകള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ജര്‍മ്മനിയില്‍ സിനിമകള്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കൊപ്പം വളര്‍ന്നവയാണ്. ഫെസ്റ്റിവലിലെ രണ്ടാമത്തെ പ്രദര്‍ശനത്തില്‍ പ്രേക്ഷകര്‍ ഇടിച്ചുകയറിക്കണ്ട ഒരു സിനിമയാണിത്. ലൈംഗിക രംഗങ്ങള്‍ ലൈസന്‍സോടെ കാണാം എന്നൊരു പ്രത്യേകതമാത്രം മുന്‍നിര്‍ത്തി സിനിമകണ്ടെവരും ധാരാളം.
എന്നാല്‍ മലയാളിയെ സംബന്ധിച്ച് ഇത്തരം ചിത്രങ്ങളും പ്രമേയങ്ങളുമൊക്കെ ഹിതത്തിന് പുറത്തു നില്‍ക്കുന്നതായതിനാലാണ് സിനിമയെപ്പറ്റി ഈ സമീപനങ്ങള്‍ സംഭവിക്കുന്നത്. പെര്‍ഫ്യൂമിനൊപ്പമൊന്നും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വരസമായ ചില രംഗങ്ങളിലൂടെ സിനിമ മടുപ്പിലേക്ക് അകപ്പെടുന്നില്ലെങ്കിലും ടോം ടൈക്കര്‍ എന്ന സംവിധായകനെ നമുക്ക് പൂര്‍ണ്ണമായും അവഗണിക്കാന്‍ കഴിയില്ലെന്ന് ഈ സിനിമ കാണുമ്പോള്‍ നമുക്ക് തോന്നും.
നല്ല കാഴ്ചയായി സെപ്പറേഷന്‍
ചലച്ചിത്രമേള ആറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് 'എ സെപ്പറേഷന്‍' എന്ന ഇറാനിയന്‍ ചിത്രമാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. രണ്ടായിരത്തി ഒമ്പതിലെ മേളയില്‍ 'എബൗട്ട് എല്ലി'യുമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച അസര്‍ ഫര്‍ഹാദിയുടെ ചിത്രമാണ് എന്നതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് സെപ്പറേഷനെക്കുറിച്ചുള്ള പ്രതീക്ഷ വളരെ വലുതായിരുന്നു. പ്രതീക്ഷയ്ക്ക് കോട്ടം വരുത്തിയില്ല എന്നു മാത്രമല്ല, എബൗട്ട് എല്ലിയെക്കാളും മികച്ചചിത്രം സമ്മാനിക്കുകയും ചെയ്തു ഫര്‍ഹാദി.
കോടതിയില്‍ വേര്‍പിരിയാനായി വരുന്ന നാദിര്‍ സിമിന്‍ ദമ്പതിമാരില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. മകളായ തെര്‍മെയുടെ ഭാവിയില്‍ ആകുലയായ സിമിന്‍ ഇറാന്‍ ഉപേക്ഷിച്ച് വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നാദിര്‍ മറവിരോഗം ബാധിച്ച തന്റെ അച്ഛനെ ഉപേക്ഷിച്ച് വിദേശത്തേയ്ക്ക് പോകാന്‍ ഒരുക്കമല്ല. കോടതി ഡൈവോഴ്‌സ് അനുവദിക്കാത്തതുമൂലം സിമിന്‍ നാദിറിന്റെ വീടുപേക്ഷിച്ച് തന്റെ അമ്മയുടെ ഒപ്പം പോയി നില്‍ക്കുന്നു. മകള്‍ സ്‌കൂളിലും താന്‍ ജോലിക്കും പോയിക്കഴിഞ്ഞാല്‍ വൃദ്ധനും രോഗിയുമായ അച്ഛനെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ നാദിര്‍ പിതാവിനെ നോക്കാനായി ഒരാളെ നിയമിക്കാന്‍ തീരുമാനിക്കുന്നു.
നാദിറിന്റെ പിതാവിനെ നോക്കാനായി വരുന്നതാണ് റസിയ. മറവിരോഗം ബാധിച്ച് നാദിറിന്റെ പിതാവ് ഇരിക്കുന്ന ഇടത്തില്‍ തന്നെ മൂത്രവിസര്‍ജനം നടത്തുകയും അദ്ദേഹം കുളിപ്പിക്കേണ്ടിവരികയും ചെയ്യുന്നതോടെ റസിയ നാദിറിന്റെ പിതാവിനെ നോക്കുന്ന ചുമതലയില്‍ നിന്നും ഒഴിയാന്‍ തീരുമാനിക്കുന്നു. എന്നാല്‍ കടംവാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതുമൂലം റസിയയുടെ ഭര്‍ത്താവ് ഹൊജാതിന് ജയിലില്‍ പോകേണ്ടിവരുന്നതോടെ റസിയ തീരുമാനം മാറ്റുന്നു.ഒരു ദിവസം ജോലി കഴിഞ്ഞ് മകളുമായി വരുന്ന നാദിര്‍ വീട് പൂട്ടിയ നിലയില്‍ കാണുന്നു. തന്റെ പക്കലുള്ള താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് അകത്ത് കയറുന്ന നാദിര്‍ മുറിയില്‍ നിലത്ത് വീണ് കിടക്കുന്ന അച്ഛനെയാണ് കാണുന്നത്. അച്ഛനെ കട്ടിലില്‍ ബന്ധിച്ചിട്ടിട്ട് വീടുപൂട്ടി പുറത്തുപോയ റസിയയോട് നാദിറിന് കടുത്ത ദേഷ്യം തോന്നുന്നു. കൂടാതെ റസിയ പണം മോഷ്ടിച്ചു എന്ന തെറ്റിദ്ധാരണയില്‍ നാദിര്‍ റസിയയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നു. എന്നാല്‍ റസിയ ആശുപത്രിയിലാണെന്ന വാര്‍ത്തയാണ് നാദിര്‍ പിന്നീട് അറിയുന്നത്. നാദിര്‍ പിടിച്ചു തള്ളുകയും വീഴ്ചയില്‍ ഗര്‍ഭിണിയായ റസിയയ്ക്ക് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെടുന്നുവെന്ന് ആരോപിച്ച് റസിയയും കുടുംബവും കോടതിയില്‍ പോകുന്നു. നാദിര്‍ താന്‍ റസിയയെ പിടിച്ച് തള്ളിയില്ലായെന്നും റസിയ ഗര്‍ഭിണിയാണെന്ന് തനിക്ക് അറിയില്ലായെന്നും വാദിക്കുന്നു. കേസ് കോടതിയില്‍ പുരോഗമിക്കുന്നു. കേസും അനുബന്ധസംഭവങ്ങളും രണ്ട് കുടുംബങ്ങളിലെയും സമാധാനത്തെ സാരമായി ബാധിക്കുന്നു. എല്ലാ മനുഷ്യരുടെ ഉള്ളിലും നന്മയും തിന്മയും ഉണ്ട്. സാഹചര്യങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വേണ്ടി അവര്‍ പലപ്പോഴും തിന്മ ചെയ്യുന്നു. ഈ സിനിമയിലെ കഥാപാത്രങ്ങള്‍ മനുഷ്യന്റെ ഈ സ്വഭാവത്തെ അടിവരയിടുകയാണ്. റസിയ ഗര്‍ഭിണിയാണെന്ന് അറിയാമായിരുന്നിട്ടും തനിക്ക് അത് അറിയില്ലായിരുന്നുവെന്ന് നാദിര്‍ കോടതിയില്‍ കള്ളം പറയുന്നു. അതുപോലെ തന്നെയാണ് റസിയയും നാദിര്‍ കാരണമല്ല തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് അറിയാമായിരുന്നിട്ടും നാദിര്‍ ആണ് കുറ്റക്കാരനെന്ന് പറയുന്നു. രണ്ട് പേരും കള്ളം പറയുന്നതിന് കാരണം ഒന്ന് തന്നെയാണ്. നാദിര്‍ താന്‍ ജയിലില്‍ പോയാല്‍ തന്റെ മകളുടെ ഭാവി തകരുമെന്ന് ഭയപ്പെടുമ്പോള്‍ കടക്കെണിയില്‍പ്പെട്ട് ഭര്‍ത്താവ് ജയിലില്‍പോയാല്‍ തന്റെ മകളുടെ ഭാവി തകരുമെന്ന് റസിയ ഭയക്കുന്നു. കേസ് ഒത്തുതീര്‍പ്പാക്കുമ്പോള്‍ നല്ലൊരു തുക നാദിറില്‍ നിന്ന് സ്വന്തമാക്കാമെന്നും അങ്ങനെ കടമൊക്കെ വീട്ടി സ്വസ്ഥമാകാമെന്ന് റസിയ ധരിക്കുന്നു. ഇവിടെ റസിയയും നാദിറും സാഹചര്യങ്ങള്‍ കാരണം തെറ്റ് ചെയ്യുന്നവരാണ്. റസിയയോട് ദേഷ്യമുണ്ടെങ്കിലും റസിയയുടെ മകളോട് അനുകമ്പാപൂര്‍വമാണ് നാദിര്‍ പെരുമാറുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇമാമുകളുടെ മുമ്പില്‍ ഇരിക്കുമ്പോള്‍ നാദിര്‍ റസിയയോട് താന്‍ കാരണമാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് ഖുറാനില്‍തൊട്ട് സത്യം ചെയ്യാന്‍ ആവശ്യപ്പെടുന്നു. പക്ഷേ ദൈവഭയമുള്ള റസിയ അതിന് തയ്യാറാകുന്നില്ല.
ഖുറാനില്‍ തൊട്ട് കള്ള സത്യം ചെയ്താല്‍ അതിന്റെ പിഴ തന്റെ മകള്‍ ഒടുക്കേണ്ടിവരുമെന്ന് അവള്‍ ഭയക്കുന്നു. അങ്ങനെ കഥാപാത്രങ്ങളുടെ ഇരുണ്ട വശങ്ങള്‍ക്കൊപ്പം അവരുടെ നല്ല വശവും സംവിധായകന്‍ പ്രേക്ഷകര്‍ക്ക് കാട്ടിത്തരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഒരു ഘട്ടത്തിലും പ്രേക്ഷകര്‍ക്ക് നാദിറിനോടോ റസിയയോടോ ദേഷ്യം തോന്നുന്നില്ല. പകരം ആരുടെ പക്ഷത്ത് നില്‍ക്കണമെന്ന് അറിയാതെ കുഴയുന്ന ഒരവസ്ഥയിലേയ്ക്ക് പ്രേക്ഷകനെ സംവിധായകന്‍ തള്ളിവിടുന്നു.
തന്റെ അച്ഛനെ കട്ടിലില്‍ ബന്ധിച്ചിട്ട് വീട് പൂട്ടി പോകുന്ന റസിയയോട് തോന്നുന്ന ദേഷ്യത്തില്‍ അവള്‍ ഗര്‍ഭിണി ആണെന്ന കാര്യം മറന്ന് നാദിര്‍ അവളെ വീട്ടില്‍ നിന്ന് പുറത്താക്കുന്നു. ഈ സത്യം കോടതിയോട് പറഞ്ഞാല്‍പോരെ അവള്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു എന്ന് കള്ളം പറയണമായിരുന്നൊ എന്ന് മകള്‍ തെര്‍മ ചോദിക്കുമ്പോള്‍. നാദിര്‍ അതിന് നല്‍കുന്ന മറുപടി നിയമത്തിന് തന്റെ അവസ്ഥ മനസ്സിലാവില്ല. നിയമങ്ങള്‍ അങ്ങനെ ഒക്കെയാണ് എന്നാണ്. നിയമങ്ങള്‍ പലപ്പോഴും മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു. ഒരു നിമിഷം തോന്നുന്ന ദേഷ്യത്തിന് ചെയ്യുന്ന തെറ്റുപോലും കടുത്ത അപരാധമായാണ് നിയമം കണക്കാക്കുന്നത്. ആ നിയമത്തെയാണ് നാദിര്‍ ഭയപ്പെടുന്നതും.
കോടതിരംഗത്തില്‍ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നതും കോടതിരംഗത്തോടെയാണ്. നാദിറിനും സിമിനും ഡൈവോഴ്‌സ് അനുവദിക്കുകയാണെങ്കില്‍ ആരോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് മകള്‍ തെര്‍മയോട് കോടതി ചോദിക്കുന്നു. ഉത്തരം പറയാന്‍ കുറച്ചു സമയം വേണമെന്ന് മകള്‍ പറയുമ്പോള്‍ പുറത്ത് കാത്തിരിക്കാന്‍ നാദിറിനോടും സിമിനോടും ജഡ്ജി ആവശ്യപ്പെടുന്നു തന്റെ ഉത്തരത്തോടെ അച്ഛനും അമ്മയും പിരിയുമെന്ന് തെര്‍മയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ തെര്‍മ കോടതിയോട് കുറച്ച് സമയം തരണമെന്ന് അപേക്ഷിക്കുമ്പോള്‍ ആ കുട്ടിയുടെ വേദന പ്രേക്ഷകനിലേയ്ക്കും വ്യാപിക്കുന്നു. തനിക്ക് ലഭിക്കുന്ന ആ ചെറിയ സമയത്തേക്കെങ്കിലും നാദിറിന്റെയും സിമിന്റെയും വേര്‍പിരിയല്‍ നീട്ടിവയ്ക്കണമെന്നാണ് തെര്‍മ ആഗ്രഹിക്കുന്നത്. കോടതിവരാന്തയില്‍ കാത്തിരിക്കുന്ന നാദിറിലും സിമിനിലും ചിത്രം അവസാനിക്കുമ്പോള്‍ തെര്‍മയെപ്പോലെ തന്നെ പ്രേക്ഷകരും ആഗ്രഹിക്കുന്നത് നാദിറും സിമിനും വേര്‍പിരിയരുത് എന്നു തന്നെയാവും.
janayugom 151211
പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീഴാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കേ വിരലിലെണ്ണാവുന്ന ചിത്രങ്ങളെക്കുറിച്ചു മാത്രമാണ് മികച്ചതെന്ന അഭിപ്രായം ഉയര്‍ന്നിട്ടുള്ളത്. സിനിമകള്‍ തിരഞ്ഞെടുത്തതില്‍ വന്ന അപാകത മേളയുടെ തുടക്കം മുതല്‍ക്കു തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ബുദ്ധിജീവി പരിവേശത്തോടെ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന മത്സരവിഭാഗം ചിത്രങ്ങളില്‍ മിക്കവയും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു. അറബ് വസന്ത വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകള്‍, ഫുട്‌ബോള്‍ വിഭാഗത്തിലെ ചില സിനിമകള്‍, ഇന്ത്യന്‍ സിനിമ വിഭാഗം, ലോക സിനിമ വിഭാഗത്തിലെ ചില ചിത്രങ്ങള്‍ തുടങ്ങിയവയാണ് മേള പ്രേമികള്‍ക്ക് കുറച്ചെങ്കിലും പ്രതീക്ഷയ്ക്ക് വക നല്‍കിയത്.
ReplyDelete