Wednesday, December 14, 2011

ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പ് ശക്തമാകണം

ഇന്ത്യന്‍ സാമ്പത്തികരംഗം അഭൂതപൂര്‍വമായ തകര്‍ച്ചയെയാണ് നേരിടുന്നത്. വന്‍വിലക്കയറ്റം, ഉയര്‍ന്ന പലിശനിരക്ക്, ഉപഭോഗവസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നത്, ആഗോളാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ ഫലമായി നിക്ഷേപരംഗത്ത് വന്നിരിക്കുന്ന കുറവ്, വ്യാവസായികരംഗത്തെ തളര്‍ച്ച എന്നിങ്ങനെ സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും സാമ്പത്തികത്തകര്‍ച്ച പ്രകടമായിക്കഴിഞ്ഞിരിക്കുന്നു. ഒക്ടോബര്‍ മാസത്തില്‍ വ്യാവസായിക വളര്‍ച്ചാനിരക്കില്‍ 5.1 ശതമാനം കുറവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തെ 11.3 ശതമാനം വളര്‍ച്ചയുടെ സ്ഥാനത്താണ് ഇക്കൊല്ലം കുറവ് രേഖപ്പെടുത്തിയത്. നിക്ഷേപരംഗത്ത് പ്രകടമായിരിക്കുന്ന തളര്‍ച്ച ഖനനരംഗത്ത് വന്‍ തൊഴില്‍ നഷ്ടത്തിന് ഇടവരുത്തും. ഉല്‍പ്പാദനരംഗത്തും വന്‍തോതില്‍ തൊഴില്‍നഷ്ടം ഉണ്ടാവുമെന്നാണ് വിദഗ്ധാഭിപ്രായം. സാമ്പത്തികരംഗത്തെ തളര്‍ച്ച ഓഹരിവിപണികളെ ഇതിനകം തന്നെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.

മൂലധന ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ 25 ശതമാനം കണ്ടാണ് കുറവ് സംഭവിച്ചത്. ഉല്‍പ്പാദനമേഖലയില്‍ കഴിഞ്ഞമാസത്തെ 2.1 ശതമാനം വളര്‍ച്ചയില്‍നിന്ന് ആറു ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010 ഒക്ടോബറില്‍ 11.3 ശതമാനം വളര്‍ച്ച കൈവരിച്ച സ്ഥാനത്താണ് ഈ തകര്‍ച്ച. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലും ഓഹരിവിപണി തകര്‍ച്ച രേഖപ്പെടുത്തി. രാഷ്ട്രത്തിന്റെ ധനകാര്യ മാനേജ്‌മെന്റില്‍ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ദീര്‍ഘവീക്ഷണം കൂടാതെ സ്വീകരിച്ച നടപടികളാണ് സാമ്പത്തികതകര്‍ച്ചയ്ക്ക് ഇടവരുത്തിയത്. 2010 മാര്‍ച്ചിനുശേഷം റിസര്‍വ് ബാങ്ക് പലിശനിരക്ക് 13 തവണ ഉയര്‍ത്തി. ഇത് സ്വാഭാവികമായും നിക്ഷേപങ്ങളേയും ധനലഭ്യതയേയും പ്രതികൂലമായി ബാധിക്കുകയുണ്ടായി.

സാമ്പത്തികരംഗത്തെ ഇന്നത്തെ പ്രതിസന്ധിക്ക് അമേരിക്കന്‍ യൂറോപ്യന്‍ സമ്പദ്ഘടനകളിലെ തകര്‍ച്ചയുമായി നേരിട്ടുള്ള ബന്ധം അനിഷേധ്യമാണ്. ആ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാവധാനമായത് ഇന്ത്യന്‍ ഉല്‍പ്പാദനരംഗത്തെ തളര്‍ത്തിയെന്നതില്‍ തര്‍ക്കമില്ല. സാമ്പത്തികരംഗത്തെ നിശ്ചലാവസ്ഥ വന്‍തോതില്‍ വിദേശനിക്ഷേപം പിന്‍വലിക്കുന്നതിനും ഇടവരുത്തി. കേന്ദ്രഗവണ്‍മെന്റ് ഉള്‍പ്പെട്ട അഴിമതികള്‍ നയപരമായ നിഷ്‌ക്രിയത്വത്തിലേക്കാണ് രാജ്യത്തെ തള്ളിവിട്ടത്. രാഷ്ട്രീയ പ്രതിസന്ധിയിലായ കേന്ദ്രഗവണ്‍മെന്റിന് തളരുന്ന സമ്പദ്ഘടനയെ ഊര്‍ജസ്വലമാക്കി നിലനിര്‍ത്താന്‍ കഴിയാതെ വന്നു. അതിനുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെട്ട നിലയിലാണ് കേന്ദ്രസര്‍ക്കാര്‍.

സാമ്പത്തികതകര്‍ച്ചയുടെ കെടുതികള്‍ നേരിടേണ്ടി വരിക തൊഴിലാളികളും ഇടത്തരക്കാരും കര്‍ഷകരുമായിരിക്കും. ഉല്‍പ്പാദനരംഗത്തെ മാന്ദ്യം വന്‍തോതില്‍ തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നതിന് ഇടവരുത്തും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഇപ്പോള്‍ത്തന്നെ പരാജയപ്പെട്ട ഗവണ്‍മെന്റ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി മാറ്റും. രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുന്ന ഉദാരവല്‍ക്കരണ-സാമ്പത്തിക നയങ്ങളും അതില്‍ അധിഷ്ഠിതമായ ധനകാര്യ മാനേജ്‌മെന്റുമാണ് ഇന്നത്തെ സാമ്പത്തിക തകര്‍ച്ചയ്ക്ക് മൂലകാരണം. അതിന്റെ കെടുതികളില്‍ നിന്ന് ജനജീവിതത്തെ സംരക്ഷിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സന്നദ്ധമാവണം. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ഒന്നാമതായി സ്വീകരിക്കേണ്ട നടപടി മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തലാണ്. കോണ്‍ഗ്രസും രണ്ടാം യു പി എയും ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഇനിയും കാലതാമസം വരുത്തുന്നത് അക്ഷന്തവ്യമായ അപരാധമായിരിക്കും. ദാരിദ്ര്യരേഖയുടെ പേരില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കണം. ഭക്ഷ്യധാന്യ ലഭ്യത അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഉറപ്പുനല്‍കുന്നത് സാമ്പത്തിക കെടുതികളില്‍ പിടിച്ചുനില്‍ക്കാന്‍ ജനങ്ങള്‍ക്ക് സഹായകമാകും.

സാമ്പത്തികമാന്ദ്യം സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ നേരിടാന്‍ ഗവണ്‍മെന്റ് പദ്ധതികള്‍ ആവിഷ്‌കരിക്കണം. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന ആവശ്യം ഇടതുപക്ഷ പാര്‍ട്ടികള്‍ നിരന്തരം ഉന്നയിച്ചുവരുന്നതാണ്. സാമ്പത്തിക-വ്യാവസായിക മാന്ദ്യം സൃഷ്ടിച്ചേക്കാവുന്ന തൊഴിലില്ലായ്മ കണക്കിലെടുത്ത് നഗരവാസികളായ പാവപ്പെട്ടവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് പദ്ധതികള്‍ ആവിഷ്‌കരിക്കണം.

പലിശനിരക്കുകള്‍ കുറച്ച് നിക്ഷേപാനുകൂല അന്തരീക്ഷം സൃഷ്ടിച്ചെങ്കില്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികമാന്ദ്യത്തെ നേരിടാനും മറികടക്കാനും കഴിയൂ. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന യു പി എ ഗവണ്‍മെന്റിന് ഇന്നത്തെ പ്രതിസന്ധി തരണം ചെയ്യാനുള്ള ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു. തങ്ങള്‍ അവലംബിക്കുന്ന സാമ്പത്തികനയങ്ങള്‍ തിരുത്താന്‍ സന്നദ്ധമായാല്‍ മാത്രമേ ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തികക്കുഴപ്പത്തിന്റെ കാലഘട്ടത്തില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂ. അത്തരമൊരു നയവ്യതിയാനത്തിന് ഗവണ്‍മെന്റ് സ്വയം സന്നദ്ധമാവുമെന്ന് കരുതുന്നത് മൗഢ്യമാണ്. രാജ്യത്തെ പ്രതിസന്ധിയിലാക്കിയ ഉദാരവല്‍ക്കരണ-സാമ്പത്തികനയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കാണ് സാമ്പത്തിക തകര്‍ച്ച ആഹ്വാനം നല്‍കുന്നത്.

janayugom editorial

1 comment:

  1. ഇന്ത്യന്‍ സാമ്പത്തികരംഗം അഭൂതപൂര്‍വമായ തകര്‍ച്ചയെയാണ് നേരിടുന്നത്. വന്‍വിലക്കയറ്റം, ഉയര്‍ന്ന പലിശനിരക്ക്, ഉപഭോഗവസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നത്, ആഗോളാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ ഫലമായി നിക്ഷേപരംഗത്ത് വന്നിരിക്കുന്ന കുറവ്, വ്യാവസായികരംഗത്തെ തളര്‍ച്ച എന്നിങ്ങനെ സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും സാമ്പത്തികത്തകര്‍ച്ച പ്രകടമായിക്കഴിഞ്ഞിരിക്കുന്നു. ഒക്ടോബര്‍ മാസത്തില്‍ വ്യാവസായിക വളര്‍ച്ചാനിരക്കില്‍ 5.1 ശതമാനം കുറവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തെ 11.3 ശതമാനം വളര്‍ച്ചയുടെ സ്ഥാനത്താണ് ഇക്കൊല്ലം കുറവ് രേഖപ്പെടുത്തിയത്. നിക്ഷേപരംഗത്ത് പ്രകടമായിരിക്കുന്ന തളര്‍ച്ച ഖനനരംഗത്ത് വന്‍ തൊഴില്‍ നഷ്ടത്തിന് ഇടവരുത്തും. ഉല്‍പ്പാദനരംഗത്തും വന്‍തോതില്‍ തൊഴില്‍നഷ്ടം ഉണ്ടാവുമെന്നാണ് വിദഗ്ധാഭിപ്രായം. സാമ്പത്തികരംഗത്തെ തളര്‍ച്ച ഓഹരിവിപണികളെ ഇതിനകം തന്നെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.

    ReplyDelete