Wednesday, December 14, 2011

കൈയടിയോടെ ആദിമധ്യാന്തം

"ഇത് ആദിമധ്യാന്തം. സിനിമാമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആദിയും മധ്യവും അന്ത്യവുമില്ലാത്ത പീറപ്പടം. ഈ ചിത്രം നിങ്ങള്‍ കാണുക. വിലയിരുത്തുക". ശ്രീകുമാര്‍ തിയറ്ററിലെ തിങ്ങി നിറഞ്ഞ പുരുഷാരത്തോടായി സ്ക്രീനിനുമുന്നില്‍നിന്ന് സംവിധായകന്‍ ഷെറി പറഞ്ഞു. ശ്വാസമടക്കി പിടിച്ചിരുന്ന കാണികള്‍ക്കുമുന്നിലേക്ക് ഏകലവ്യന്‍ എന്ന ബധിരബാലന്റെ സ്വപ്നങ്ങള്‍ ആകാശനിറമായി പെയ്തിറങ്ങി. സദസ്സില്‍ നിലയ്ക്കാത്ത കരഘോഷം. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയുള്ള യാത്രയ്ക്കിടയില്‍ പൂക്കളും പുഴുക്കളും തുമ്പിയും ചിത്രശലഭങ്ങളും. ഒരു കുരുന്നിന്റെ കാഴ്ചകളിലൂടെ ഒന്നും പറയാതെ പറഞ്ഞ ഒരുമണിക്കൂര്‍ 44 മിനിറ്റ്. ചിത്രം കഴിഞ്ഞപ്പോള്‍ നീണ്ട കരഘോഷത്തിലലിഞ്ഞ് ഷെറിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. സിനിമ കഴിഞ്ഞപ്പോള്‍ സംവിധായകന്‍ കമല്‍ ഷെറിയെ ആശ്ലേഷിച്ചു.

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി, സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ചിട്ടും മന്ത്രിയും അക്കാദമിയും ഒരുപോലെ തള്ളിയ ചിത്രത്തിന്റെ പ്രദര്‍ശനം ചൊവ്വാഴ്ചയാണ് നടന്നത്. ചിത്രം തള്ളാനും പ്രദര്‍ശിപ്പിക്കാതിരിക്കാനും മന്ത്രിയും അക്കാദമിയും തുടക്കംമുതല്‍ കാണിച്ച നാണംകെട്ട കളികള്‍ ചിത്രത്തിന്റെ പ്രദര്‍ശനവേളയിലും ആവര്‍ത്തിച്ചു. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നടക്കുമ്പോള്‍ , സംവിധായകനെ സംഘാടകര്‍ ഉപഹാരം നല്‍കി സ്വീകരിക്കുകയും സംവിധായകന് ചിത്രത്തെക്കുറിച്ച് രണ്ട് വാക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നതാണ് കീഴ്വഴക്കം. എന്നാല്‍ , ഇവിടെ ഷെറിയെ സ്വീകരിച്ചെങ്കിലും സംസാരിക്കാന്‍ മൈക്ക് നല്‍കിയില്ല. സദസ്സ് ഒന്നടങ്കം ഇളകി പ്രതിഷേധിച്ചപ്പോഴാണ് ഷെറിക്ക് മൈക്ക് നല്‍കിയത്.

സംവിധായകരായ കമല്‍ , രഞ്ജിത്, വെട്രിമാരന്‍ തുടങ്ങി ചലച്ചിത്രമേഖലയിലെ പ്രമുഖരുടെ നീണ്ട നിരതന്നെ ചിത്രം കാണാനെത്തി. ചിത്രം കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ഷെറിയെ വളഞ്ഞു. മന്ത്രിയുടെയും അക്കാദമിയുടെയും ഔദാര്യത്തേക്കാള്‍ ഈ പ്രേക്ഷകരുടെ അംഗീകാരമാണ് വിലമതിക്കുന്നതെന്ന് ഷെറി പറഞ്ഞു. ഒരു ചിത്രമെടുത്തു എന്ന പേരില്‍ അധികാരികള്‍ എന്നെ വേട്ടയാടി, ഭീഷണിപ്പെടുത്തി. ഞാന്‍ അക്കാദമിക്ക് നല്‍കിയത് പൂര്‍ണമായ ചിത്രമാണ്. മന്ത്രിയുടെ കൈയില്‍ അപൂര്‍ണമായ സിഡി എങ്ങനെ വന്നു എന്ന് പറയേണ്ടത് മന്ത്രിയാണെന്നും ഷെറി പറഞ്ഞു. ആദിമധ്യാന്തം തീര്‍ച്ചയായും മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. മേളയില്‍ മലയാളചിത്രമില്ലാത്ത സാഹചര്യമുണ്ടായത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീകുമാര്‍ തിയറ്റര്‍മുതല്‍ കൈരളി തിയറ്റര്‍വരെ സംവിധായകന്‍ ഷെറിയെ തോളിലേറ്റി ആഹ്ലാദപ്രകടനമായാണ് പ്രതിനിധികള്‍ നീങ്ങിയത്.

സുമേഷ് കെ ബാലന്‍ deshabhimani 141211

1 comment:

  1. "ഇത് ആദിമധ്യാന്തം. സിനിമാമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആദിയും മധ്യവും അന്ത്യവുമില്ലാത്ത പീറപ്പടം. ഈ ചിത്രം നിങ്ങള്‍ കാണുക. വിലയിരുത്തുക". ശ്രീകുമാര്‍ തിയറ്ററിലെ തിങ്ങി നിറഞ്ഞ പുരുഷാരത്തോടായി സ്ക്രീനിനുമുന്നില്‍നിന്ന് സംവിധായകന്‍ ഷെറി പറഞ്ഞു. ശ്വാസമടക്കി പിടിച്ചിരുന്ന കാണികള്‍ക്കുമുന്നിലേക്ക് ഏകലവ്യന്‍ എന്ന ബധിരബാലന്റെ സ്വപ്നങ്ങള്‍ ആകാശനിറമായി പെയ്തിറങ്ങി. സദസ്സില്‍ നിലയ്ക്കാത്ത കരഘോഷം.

    ReplyDelete