Wednesday, December 7, 2011

ജനങ്ങള്‍ നെട്ടോട്ടമോടുന്ന സ്ഥിതിയുണ്ടാകരുത്: ഹൈക്കോടതി

മുല്ലപ്പെരിയാര്‍ ഡാമിന് അപകടമുണ്ടായാല്‍ പ്രദേശത്തെ ജനങ്ങള്‍ നെട്ടോട്ടം ഓടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഹൈക്കോടതി. ഈ സാഹചര്യം നേരിടാന്‍ ആവശ്യമായ മുഴുവന്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ബോധിപ്പിച്ചു. അപകടമേഖലയിലെ 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേവി, ടെറിട്ടോറിയല്‍ ആര്‍മി എന്നിവയുടെ സേവനം തേടി. പ്രദേശത്ത് റോഡുകളും വൈദ്യുതി വിളക്കുകളും വാഹനങ്ങളും സജ്ജമാണ്. രക്ഷാസംവിധാനങ്ങളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അറിവുണ്ടോയെന്ന് കോടതി ആരാഞ്ഞു. അപ്പോള്‍ , പ്രത്യേകം ലഘുലേഖകള്‍ വിതരണംചെയ്തിട്ടുണ്ടെന്നാണ് എജി അറിയിച്ചത്. രക്ഷാസംവിധാനങ്ങളെക്കുറിച്ച് ചാനലുകളിലൂടെ പ്രചാരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ പ്രത്യേകസംഘത്തെ പ്രദേശത്ത് നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ പ്രതിനിധിസംഘത്തിന്റെ റിപ്പോര്‍ട്ടും കോടതിയില്‍ ചര്‍ച്ചാവിഷയമായി. അപകടാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങളും നീരൊഴുക്കില്‍ പുറത്തുവന്ന സുര്‍ക്കിയും അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. തോമസ് എബ്രഹാം കോടതിക്കു കൈമാറി. പ്രശ്നം പരിഹരിക്കാന്‍ ചെന്നൈ ഹൈക്കോടതി ബാര്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തണമെന്നും തങ്ങളുടെ റിപ്പോര്‍ട്ട് കോടതി പരിഗണിക്കണമെന്നും അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ഡാം സേഫ്റ്റി അതോറിറ്റി നിഷ്ക്രിയമാണെന്നും ശമ്പളവും ആനുകൂല്യങ്ങളും സ്വീകരിക്കുന്നതല്ലാതെ അതോറിറ്റിയെക്കൊണ്ട് പ്രയോജനമില്ലെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. കെ രാംകുമാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ , മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ 2009ല്‍ സുപ്രീംകോടതി ഉത്തരവുണ്ടെന്നും ഡാം തമിഴ്നാടിന്റെ അധീനതയിലായതിനാലാണ് അതോറിറ്റിക്ക് പരിശോധിക്കാന്‍ കഴിയാത്തതെന്നും എജി മറുപടി നല്‍കി. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ , ചിറ്റൂര്‍ രാജമന്നാന്‍ , മുന്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി, പി ഡി ജോസഫ് തൃശൂര്‍ , നാസര്‍ കൈതപ്പാടം എന്നിവരുടെ പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

കോടതി നടപടി സംബന്ധിച്ച വാര്‍ത്തകള്‍ ഖേദകരം

കൊച്ചി: മുല്ലപ്പെരിയാര്‍ കേസില്‍ കോടതി നടപടി സംബന്ധിച്ച വാര്‍ത്തകള്‍ ഖേദകരമെന്ന് ഹൈക്കോടതി. തന്റെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിപരമായി തേജോവധം ചെയ്തുവെന്നും ആക്ഷേപിച്ചുവെന്നും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതി നടപടികള്‍ക്കൊടുവില്‍ പ്രത്യേകം പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. എജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും എജിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അഡ്വക്കറ്റ് ജനറല്‍ മാധ്യമങ്ങള്‍ക്കെതിരെ പരാമര്‍ശിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്ന് ഹര്‍ജിഭാഗം അഭിഭാഷകര്‍ വിശദീകരിച്ചു. ചോദ്യോത്തരരൂപേണ കോടതി നടപടികള്‍ റിപ്പോര്‍ട്ട്ചെയ്ത മാധ്യമങ്ങളെ കോടതി വിമര്‍ശിച്ചു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ എന്തൊക്കെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോടതിതന്നെ വ്യക്തമാക്കേണ്ടിവരുമെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇടുക്കിഡാമിന് എന്തുസംഭവിക്കുമെന്ന് അറിയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി അണക്കെട്ടിന് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ടി എന്‍ മനോഹരന്‍ , മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍നായര്‍ എന്നിവരാണ് നേരിട്ടു ഹാജരായി വിശദീകരണം നല്‍കിയത്.

പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നുള്ള മഴുവന്‍ വെള്ളവും സംഭരിക്കാനുള്ള ശേഷി ഇടുക്കിക്കുണ്ട്. പക്ഷേ, അണക്കെട്ട് തകര്‍ന്നാല്‍ സാധാരണ നിലയിലുള്ള ജലപ്രവാഹമായിരിക്കില്ല ഉണ്ടാവുക. ഇടുക്കി ഡാം ഈ അതിശക്തമായ പ്രവാഹത്തെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് പറയാനാവില്ല. ഇതുസംബന്ധിച്ച് പഠനം നടന്നിട്ടില്ല. ഇടുക്കി ഡാമില്‍നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മുല്ലപ്പെരിയാര്‍ . മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം എത്തിയാല്‍ ജലനിരപ്പ് ഉയരുമെന്നല്ലാതെ നാശമുണ്ടാകുമെന്നു കരുതാനാവില്ല. പ്രാഥമിക വിലയിരുത്തല്‍പ്രകാരം ഇടുക്കി ഡാം തകരില്ല. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ വെള്ളത്തിനൊപ്പം കല്ലും മണലും മരങ്ങളും ഉള്‍പ്പെടെയുള്ളവ ഇടുക്കിയിലേക്ക് പ്രവഹിക്കുമെന്നതിനാല്‍ ഇതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് "ഡാം ബ്രേക്ക് അനാലിസിസ്" ആവശ്യമാണെന്നും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. മികച്ച കോണ്‍ക്രീറ്റ് ഡാമെന്ന നിലയില്‍ ഇടുക്കിക്ക് വന്‍ പ്രതിരോധശക്തിയുണ്ടെന്ന് പരമേശ്വരന്‍നായര്‍ വിശദീകരിച്ചു. ഡാമിന്റെ അടിത്തറയെക്കുറിച്ചും ഭൂകമ്പ പ്രതിരോധശേഷിയെക്കുറിച്ചും പഠിച്ചിട്ടുണ്ട്. ചെറുതോണി, കുളമാവ് ഡാമുകള്‍ കുത്തനെ നിര്‍മിക്കപ്പെട്ടവയാണ്. ഇവയ്ക്ക് ഇടുക്കി ഡാമിന്റെ പ്രതിരോധശേഷിയില്ല. എന്നാല്‍ , ഇടുക്കി ആര്‍ച്ച് ഡാമില്‍ മാത്രമാണ് ജലത്തിന്റെ മര്‍ദം കൂടുതലായി ഉണ്ടാവുകയെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഇടുക്കിയില്‍ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. അപകടസാഹചര്യം കണക്കിലെടുത്ത് പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരമേശ്വരന്‍നായര്‍ പറഞ്ഞു.

റിപ്പോര്‍ട്ടും സ്കെച്ചും ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം ഡിസംബര്‍ 16നു മുമ്പ് സമര്‍പ്പിക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ , ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

deshabhimani 071211

No comments:

Post a Comment