Friday, December 16, 2011

വൈഡ് റിലീസില്ല; മന്ത്രിയുടെ ഉറപ്പ് പാഴായി

വൈഡ് റിലീസ് അനുവദിക്കുമെന്ന് ചെറുകിട തിയറ്റര്‍ ഉടമകള്‍ക്ക് മന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാതെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രീയദര്‍ശന്റെ ചിത്രം വെള്ളിയാഴ്ച തിയറ്ററില്‍ . പ്രിയദര്‍ശന്റെ പുതിയ ചിത്രമായ "അറബിയും ഒട്ടകവും പി മാധവന്‍നായരും" വൈഡ് റിലീസ് അനുവദിക്കുമെന്ന മന്ത്രി ഗണേഷ്കുമാറിന്റെ ഉറപ്പാണ് ഇതോടെ പാഴായത്.

വൈഡ് റിലീസ് അനുവദിക്കുന്നതിനു മുന്നോടിയായി നടത്തിയ തിയറ്റര്‍ ക്ലാസിഫിക്കേഷന്‍ സര്‍വേ റിപ്പോര്‍ട്ട് "എ" ക്ലാസ് തിയറ്റര്‍ ഉടമകളുടെ ശക്തമായ എതിര്‍പ്പുള്ളതിനാല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. സംസ്ഥാനത്തെ ഇരുന്നൂറോളം തീയറ്ററുകളില്‍ ഒറ്റയടിക്ക് സിനിമ റിലീസ് ചെയ്യുന്ന വൈഡ് റിലീസ് ഏര്‍പ്പെടുത്താതിരിക്കാന്‍ "എ" ക്ലാസ് തിയറ്റര്‍ ഉടമാസംഘത്തില്‍നിന്ന് ശക്തമായ സമ്മര്‍ദമാണ് സര്‍ക്കാരിനുമേലുള്ളത്. നൂറോളം തീയറ്ററുകളിലാണ് പ്രിയദര്‍ശെന്‍റ ചിത്രം റിലീസ് ചെയ്യുക.

അടുത്തകാലത്തുണ്ടായ സമരങ്ങളുടെ ഭാഗമായി ബി, സി ക്ലാസ് തിയറ്റര്‍ ഉടമാസംഘത്തിനു കീഴിലായിരുന്ന 22 റിലീസിങ് സെന്ററുകളും "എ" ക്ലാസുകാര്‍ക്കൊപ്പം ചേര്‍ന്നത് ഇവരുടെ ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്താകെയുള്ള 70 റിലീസിങ് സെന്ററിന്റെയും നിയന്ത്രണം ഇവര്‍ക്കായി. ആകെയുള്ള 493 തിയറ്ററുകളില്‍ 305 എണ്ണമാണ് നിലവില്‍ "എ" ക്ലാസ് സംഘടനയുടെ കീഴിലുള്ളത്. ഈ സാഹചര്യത്തില്‍ അവരുടെ എതിര്‍പ്പ് അവഗണിച്ച് വൈഡ് റിലീസ് നടപ്പാക്കല്‍ എളുപ്പമല്ല. കൂടുതല്‍ റിലീസിങ് തിയറ്ററുകള്‍ അനുവദിച്ചാല്‍ മുഴുവന്‍ തിയറ്ററും അടച്ചിടുമെന്ന ഭീഷണിയാണ് ഇവര്‍ മുഴക്കുന്നത്. വൈഡ് റിലീസ് സംബന്ധിച്ച് മന്ത്രി കെ ബി ഗണേഷ്കുമാര്‍ "ബി" ക്ലാസ് തിയറ്റര്‍ ഉടമകള്‍ക്കു നല്‍കിയ ഉറപ്പ് രണ്ടാം വട്ടമാണ് പാഴാകുന്നത്. ഓണത്തിന് വൈഡ് റിലീസ് നല്‍കുമെന്നായിരുന്നു ആദ്യത്തെ ഉറപ്പ്. മൂന്നാഴ്ചയോളം തിയറ്റര്‍ അടച്ചിട്ട് സമരം ചെയ്തിട്ടും ഫലമുണ്ടായില്ല. കൂടുതല്‍ തിയറ്ററുകളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍വേയിലൂടെ തരംതിരിച്ചശേഷം വൈഡ് റിലീസ് നല്‍കാമെന്നും പിന്നീട് മന്ത്രി പറഞ്ഞു. ഇതുപ്രകാരം അമ്പതോളം "ബി" ക്ലാസ് തിയറ്ററുകള്‍ ലക്ഷങ്ങള്‍ മുടക്കി എസി, ഡിടിഎസ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ക്ലാസിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും അംഗീകരിച്ചിട്ടില്ല.

deshabhimani 161211

No comments:

Post a Comment