മുക്കം: ഇടുക്കി ജില്ല തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപിമാര്‍ ഡല്‍ഹിയില്‍ പ്രകടനം നടത്തിയതില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗംകോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാറിന്റെ പേരില്‍ രണ്ട് സംസ്ഥാനങ്ങളും തമ്മിലടിക്കാന്‍ പാടില്ലെന്നാണ് സിപിഐ എം നിലപാട്. തമിഴ്നാട്ടിലുള്ള മലയാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തമിഴ്നാട് സര്‍ക്കാരിനും കേരളത്തിലുള്ള തമിഴര്‍ക്ക് സംരക്ഷണം നല്‍കാന്‍ കേരള സര്‍ക്കാരിനും കഴിയണം. ഇക്കാര്യത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത കാട്ടണം. തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍ വന്ന് ജോലിചെയ്യുന്നവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കുമളിയിലെ മിനിഡാമില്‍ കയറി ആദ്യമായി അക്രമങ്ങള്‍ ആരംഭിച്ചത്. ഇവര്‍ക്കെതിരെ ഒരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡാമിന്റെ സംഭരണശേഷി 152 അടിയാക്കി ഉയര്‍ത്തണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. സുപ്രീംകോടതി ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഇടപെട്ട് പ്രമുഖരായ അഭിഭാഷകരെ കേസ് ഏല്പിച്ചു. ഭരണഘടനാ ബെഞ്ച് വാദം കേട്ട് സംഭരണശേഷി 136 അടിയാക്കി കുറച്ചു.
തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇത് വേണ്ടവിധം അവതരിപ്പിക്കാന്‍ നമ്മുടെ അഭിഭാഷകര്‍ക്ക് ഇത്തവണ കഴിഞ്ഞില്ല. ഹരീഷ് സാല്‍വെ എന്ന പ്രമുഖ അഭിഭാഷകന്‍ കേസില്‍ ഹാജരാകില്ലെന്ന് രണ്ട് മണിക്കൂര്‍ മുമ്പാണ് അറിഞ്ഞത്. തുടര്‍ന്ന് ഹാജരാകാന്‍ ബാധ്യതപ്പെട്ട അഭിഭാഷകന്‍ പെട്ടെന്ന് പഠിച്ച് പറഞ്ഞപ്പോള്‍ പലതും വിട്ടുപോയി. നന്നായി ഇടപെടാന്‍ നമുക്ക് കഴിഞ്ഞില്ല. ഇതിനുപുറമെ കേരള ഹൈക്കോടതിയില്‍ നമ്മുടെ അഡ്വക്കറ്റ് ജനറല്‍ തമിഴ്നാടിന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയതും കേരളത്തിന്റെ വാദം ദുര്‍ബലമാക്കിയെന്നും കോടിയേരി പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ ഇന്ത്യയെ അഴിമതിരാജ്യമാക്കി: വി എസ്
ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരുടെ രാജ്യമെന്ന കുപ്രസിദ്ധി നേടിയതാണ് കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏക നേട്ടമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം സ. പേരൂര്‍ക്കട സദാശിവന്‍ -ആര്‍ പരമേശ്വരന്‍പിള്ള നഗറില്‍ (എ കെ ജി ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയും ദുര്‍ഭരണവുംമൂലം കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. അഴിമതിക്കെതിരെ നാനാവിധത്തിലുള്ള പോരാട്ടം ഉയര്‍ന്നുവരികയാണ്. അണ്ണ ഹസാരെയുടെ സമരംകൊണ്ടുമാത്രം അഴിമതി പരിഹരിക്കാന്‍ കഴിയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തങ്ങളുടേതാക്കി മഹാകാര്യങ്ങള്‍ ചെയ്തെന്ന് യുഡിഎഫ് കുപ്രചാരണം നടത്തുകയാണ്. കര്‍ഷക ആത്മഹത്യ തടയാന്‍ പദ്ധതിയില്ല. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ മേഖലയിലുണ്ടായ പുരോഗതി തകിടംമറിക്കുന്നു. മുല്ലപ്പെരിയാര്‍പ്രശ്നം തമിഴ്-മലയാളി വൈരാഗ്യമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. കേന്ദ്ര മധ്യസ്ഥതയില്‍ രമ്യമായി പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. പുതിയ അണക്കെട്ട് എന്നതാണ് ശാശ്വതമായ പരിഹാരം. തമിഴ്നാട്ടില്‍ താമസിക്കുന്ന മലയാളികള്‍ക്ക് നേരെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമാണ്. പുതിയ അണക്കെട്ട് വേണ്ടെന്നു പറയുന്നവര്‍ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ അട്ടിമറിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അഡ്വക്കറ്റ് ജനറലും യാഥാര്‍ഥ്യം കാണാന്‍ കൂട്ടാക്കുന്നില്ല. വഞ്ചനയും അബദ്ധവുമാണ് അവര്‍ കാണിക്കുന്നത്. ഏറ്റവും ഒടുവില്‍ ജലനിരപ്പ് കുറയ്ക്കണമെന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതിലും യുഡിഎഫ് പരാജയപ്പെട്ടു.
കമ്യൂണിസവും സോഷ്യലിസവും അടഞ്ഞ അധ്യായമായെന്ന് പ്രചാരണം നടത്തിയവര്‍ക്ക് ഇപ്പോള്‍ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ അന്തപുരത്തില്‍ത്തന്നെ അവര്‍ക്കു നേരെ വെല്ലുവിളി ഉയരുന്നു. വാള്‍സ്ട്രീറ്റില്‍ അതാണ് കണ്ടത്. പലരാജ്യങ്ങളും സോഷ്യലിസ്റ്റ് പന്ഥാവിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ചൈന ലോകത്തെ രണ്ടാമത്തെ ശക്തിയായി പുരോഗതിയിലേക്ക് കുതിക്കുന്നു. വിയറ്റ്നാം ചൈനയ്ക്കൊപ്പം മുന്നേറുന്നു. കമ്യൂണിസം തകര്‍ന്നെന്ന പ്രചാരവേല അസംബന്ധമാണെന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ അനുഭവവും തെളിയിക്കുന്നു- വി എസ് പറഞ്ഞു.
deshabhimani 161211
No comments:
Post a Comment