Tuesday, December 13, 2011

സിപിഐ എമ്മിലെ ജനാധിപത്യം കണ്ടില്ലെന്ന് നടിക്കുന്നു: ബേബി


സിപിഐ എമ്മിന്റെ ജനാധിപത്യത്തിലൂന്നിയ സംഘടനാ സംവിധാനത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി പറഞ്ഞു. സിപിഐ എം പിന്‍തുടരുന്ന സംഘടനാപരമായ സമ്പ്രദായങ്ങളെക്കുറിച്ച് സമാന്യ ജ്ഞാനമില്ലാതെ മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കുണ്ടറ ഏരിയ സമ്മേളനം സ. ഇ ബാലാനന്ദന്‍ നഗറില്‍ (കരിക്കോട് എംകെഎം ആഡിറ്റോറിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എ ബേബി.

 മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ രാഷ്ട്രീയ പാര്‍ടികളെ അവരുടേതായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യപരവും അല്ലാത്തുമായി വേര്‍തിരിക്കുന്നു. സിപിഐ എമ്മിനെ ജനാധിപത്യ പാര്‍ടിയായി അവര്‍ കണക്കാക്കുന്നില്ല. സൂക്ഷ്മമായി പരിശോധിച്ചാല്‍ ജനാധിപത്യത്തെ ശാസ്ത്രീയമായി പ്രയോഗിക്കുന്ന രാഷ്ട്രീയ പാര്‍ടി വേറെയില്ലെന്ന് ബോധ്യമാകും. ദേശീയ പാര്‍ടിയായ കോണ്‍ഗ്രസില്‍ ഉള്‍പാര്‍ടി ജനാധിപത്യം തീരെയില്ല. ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍ തീരുമാനമെടുക്കാന്‍ പത്താംനമ്പര്‍ ജനപഥില്‍ പോയി സോണിയാ ഗാന്ധിയെ കാണണം. അഭിപ്രായ പ്രകടത്തിന് അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല. അതാണ് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന്റെ ഘടന. അണ്ണാഹസാരെ നേതൃത്വംനല്‍കുന്ന പ്രക്ഷോഭത്തിന് രാജ്യവ്യാകപമായി അഴിമതിവിരുദ്ധവികാരം ഉണര്‍ത്താനായി. ഹസാരെ സംഘം നയിക്കുന്ന സമരത്തിന്റെ ദൗര്‍ബല്യങ്ങളെ സിപിഐ എം ആദ്യം മുതല്‍ക്കെ തുറന്നുകാട്ടിയിട്ടുണ്ട്. സാമ്രാജ്യത്വ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി അഴിമതിയെ കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. അഴിമതിയുടെ അടിസ്ഥാന കാരണം കണ്ടെത്താനും അവര്‍ക്കാകുന്നില്ല. എന്നാല്‍ , ദേശീയ രാഷ്ട്രീയത്തിന്റെ ഭാവിയെ സ്വാധീനിക്കാന്‍ പോന്ന പ്രക്ഷോഭമായി അഴിമതിവിരുദ്ധ മുന്നേറ്റം മാറിയിട്ടുണ്ടെന്നും ബേബി പറഞ്ഞു.

കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ ഒരു സേമ്പിള്‍

കോണ്‍ഗ്രസ് യോഗം തല്ലിപ്പിരിഞ്ഞു; 7 പേര്‍ക്ക്പരിക്ക്

കടയ്ക്കല്‍ : മുല്ലപ്പെരിയാര്‍ പ്രശ്നം അജന്‍ഡയാക്കി കുമ്മിളില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗം തല്ലിപ്പിരിഞ്ഞു. മണ്ഡലം പ്രസിഡന്റ് അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഹമ്മദ് കബീര്‍ (45), യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ (21), പ്രവര്‍ത്തകരായ ഷെഫീഖ് (22), സദ്ദാം (22), താഹ (35), പഞ്ചായത്ത് അംഗം അബ്ദുല്‍സലാം (35), സാലി (55) എന്നിവരെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് ആറിന് കുമ്മിള്‍ ടൗണിലെ പാരലല്‍ കോളേജിലായിരുന്നു യോഗം. മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച നിലമേലില്‍ നടക്കുന്ന സമ്മേളനത്തെക്കുറിച്ച് ആലോചിക്കാനാണ് യോഗം വിളിച്ചത്. കോണ്‍ഗ്രസിലെ ഒരുവിഭാഗം പ്രവര്‍ത്തകരെ മാത്രമാണ് യോഗം അറിയിച്ചതെന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞാണ് തമ്മില്‍ തല്ലിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് മാസങ്ങളായി കുമ്മിളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

കോണ്‍ഗ്രസുകാരുടെ സമാധാനപരത്തിന്റെ ഒരു സേമ്പിള്‍

കെട്ടിടം ഉദ്ഘാടനത്തിനിടെ കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചു

കുണ്ടറ: മണ്‍ട്രോത്തുരുത്തില്‍ ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനംചെയ്യാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമം വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് മര്‍ദനമേറ്റു. കണ്‍ട്രാംകാണിയില്‍ എം എ ബേബി എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 12 ലക്ഷം ചെലവാക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം തിടുക്കത്തില്‍ ഉദ്ഘാടനംചെയ്യാനുള്ള നീക്കമാണ് വാര്‍ഡിലെ ഭരണകക്ഷി അംഗംതന്നെ ഇടപെട്ട് തടഞ്ഞത്. വാര്‍ഡ് അംഗം ജി രാജേന്ദ്രന്റെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന നാട്ടുകാരാണ് വിളക്കുകൊളുത്തി കെട്ടിടം ഉദ്ഘാടനംചെയ്യാനുള്ള പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭയുടെ ശ്രമംതടഞ്ഞത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കണ്‍ട്രാംകാണി ശ്യാം നിവാസില്‍ അരുണ്‍ കെ ശ്യാം, ചാപ്രയില്‍ വീട്ടില്‍ ഗോപി എന്നിവര്‍ക്ക് മര്‍ദനമേറ്റു.

ദിവസങ്ങള്‍ക്കു മുമ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തങ്ങളെ അറിയിക്കാതെ കെട്ടിടം ഉദ്ഘാടനംചെയ്യാനുള്ള ശ്രമം എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോനും എം എ ബേബിയും നിയമസഭയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്പീക്കര്‍ തടഞ്ഞിരുന്നു. ഉദ്ഘാടനത്തിനായി തയ്യാറാക്കിയ ശിലാഫലകത്തില്‍ കെട്ടിടത്തിന്റെ ഉദ്ഘാടകനായി പഞ്ചായത്ത് പ്രസിഡന്റ് ശോഭയുടെ പേരാണുള്ളത്. ഹോമിയോ ആശുപത്രി ആരംഭിച്ച എം എ ബേബിയുടെയോ സ്ഥലത്തെ നിലവിലെ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്റെയോ പേര് ശിലാഫലകത്തിലില്ല. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. എന്നാല്‍ , എംഎല്‍എയ്ക്ക് ഉദ്ഘാടനത്തിനെത്താന്‍ കഴിയില്ലെന്ന് അറിയിച്ചു. ഭരണകക്ഷി അംഗങ്ങളായ ആച്ചിയമ്മ, എന്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘം ആശുപത്രി കെട്ടിടം ഉദ്ഘാടനംചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച ആശുപത്രി കെട്ടിടം വൃത്തിയാക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുണ്ടറവയലില്‍ മോഹനന്റെ ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. കെട്ടിടത്തിന്റെ പൂട്ട് അറുത്താണ് മോഹനന്‍ അകത്തുകടന്നതെന്ന് ആരോപണമുണ്ട്. പഞ്ചായത്ത് പ്രസിഡന്റും സംഘവും പോയതിനുശേഷം മോഹനന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ക്കെതിരെ ആക്രമണം നടന്നത്. മര്‍ദനമേറ്റവര്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കിഴക്കേകല്ലട പൊലീസ് എത്തി ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു.

deshabhimani news

1 comment:

  1. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ രാഷ്ട്രീയ പാര്‍ടികളെ അവരുടേതായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യപരവും അല്ലാത്തുമായി വേര്‍തിരിക്കുന്നു. സിപിഐ എമ്മിനെ ജനാധിപത്യ പാര്‍ടിയായി അവര്‍ കണക്കാക്കുന്നില്ല. സൂക്ഷ്മമായി പരിശോധിച്ചാല്‍ ജനാധിപത്യത്തെ ശാസ്ത്രീയമായി പ്രയോഗിക്കുന്ന രാഷ്ട്രീയ പാര്‍ടി വേറെയില്ലെന്ന് ബോധ്യമാകും. ദേശീയ പാര്‍ടിയായ കോണ്‍ഗ്രസില്‍ ഉള്‍പാര്‍ടി ജനാധിപത്യം തീരെയില്ല. ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍ തീരുമാനമെടുക്കാന്‍ പത്താംനമ്പര്‍ ജനപഥില്‍ പോയി സോണിയാ ഗാന്ധിയെ കാണണം

    ReplyDelete