Tuesday, December 13, 2011

ചിപ്പ് സര്‍വേ: സോപ്പ് ഉപയോഗം പഠിക്കാനെന്ന് പൊലീസ് റിപ്പോര്‍ട്ട്

ബീമാപള്ളിയിലും പരിസരത്തും ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച സോപ്പ് വിതരണംചെയ്തത് സോപ്പ് ഉപയോഗം സംബന്ധിച്ച സര്‍വേ നടത്താന്‍ വേണ്ടിയാണെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കി. പൊലീസ് ഹൈടെക് സെല്ലില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സോപ്പ് ഉപയോഗിക്കുന്നതിന്റെ ഗ്രാഫ് കാണിക്കുന്ന സംവിധാനമാണ് ചിപ്പിലുള്ളത്. ഗ്രാഫിന്റെ ഉയര്‍ച്ച താഴ്ച മനസ്സിലാക്കി ശുചിത്വപഠനം നടത്തുകയായിരുന്നു ലക്ഷ്യം.

സര്‍വേയുമായി ബന്ധപ്പെട്ട് രണ്ട് വിദേശ ശാസ്ത്രജ്ഞരെ ഹൈടെക് സെല്ലില്‍ കൊണ്ടുവന്ന് പരിശോധിച്ചു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ എന്ന സ്ഥാപനത്തിലെ ആദം ഡേവിഡ്, ജോണ്‍ പീറ്റര്‍ എന്നിവരെയാണ് ശംഖുംമുഖം അസിസ്റ്റന്റ് കമീഷണര്‍ കെ എസ് വിമല്‍ , പൂന്തുറ സിഐ സി എസ് വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തത്. ഹിന്ദുസ്ഥാന്‍ ലിവറിന് പങ്കാളിത്തമുള്ള യൂണിയന്‍ ലിവര്‍ എന്ന സോപ്പ് നിര്‍മാണ കമ്പനിക്ക് വേണ്ടിയാണ് സര്‍വേ നടത്തിയതെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കാണ് ഇന്ത്യയിലെത്തിയതെന്നുപറഞ്ഞ് ഇവരുടെ യാത്രാരേഖകളും ഹാജരാക്കി. ചെങ്കല്‍ചൂള, ചെറിയതുറ, പൂന്തുറ പ്രദേശങ്ങളില്‍ നേരത്തെ സര്‍വേ നടത്തിയിരുന്നതായി ഇവര്‍ പൊലീസിനെ അറിയിച്ചു. സോപ്പ് എത്ര തവണ ഉപയോഗിക്കുന്നെന്ന് കണ്ടെത്തുകയാണ് ലക്ഷ്യമത്രെ. പകര്‍ച്ചവ്യാധികളും മറ്റും പടരുന്നതിനുള്ള സാധ്യത ഏറിയതിനാലാണ് തീരപ്രദേശത്തും കോളനികളിലും സര്‍വേ നടത്തിയത്.

deshabhimani 131211

No comments:

Post a Comment