Thursday, December 15, 2011

ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങും


പ്രത്യയശാസ്ത്രക്കരുത്തും സംഘടനാകെട്ടുറപ്പും വിളംബരംചെയ്ത്, 20-ാം പാര്‍ടികോണ്‍ഗ്രസിനു മുന്നോടിയായി സിപിഐ എം ജില്ലാസമ്മേളനങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. പാര്‍ടി കോണ്‍ഗ്രസിന് വേദിയാകുന്ന കോഴിക്കോട്, സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്ന തിരുവനന്തപുരം ജില്ലകളിലാണ് വ്യാഴാഴ്ച സമ്മേളനം തുടങ്ങുന്നത്.

എല്ലാവിധ കുപ്രചാരണങ്ങളെയും അതിജീവിച്ച് പാര്‍ടി സമ്മേളനങ്ങളുടെ മൂന്നുഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ജില്ലാസമ്മേളനങ്ങളിലേക്ക് കടക്കുന്നത്. ജനുവരി മധ്യത്തോടെ എല്ലാ ജില്ലകളിലെയും സമ്മേളനം പൂര്‍ത്തിയാകും. ജനുവരി 13, 14, 15 തീയതികളില്‍ കണ്ണൂരിലാണ് ഒടുവിലത്തെ ജില്ലാസമ്മേളനം.

മുക്കത്ത് ചേരുന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ 26,969 അംഗങ്ങളെ പ്രതിനിധാനംചെയ്ത് 303 പ്രതിനിധികളും 36 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. തിരുവനന്തപുരത്ത് 28,061 പാര്‍ടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് ജില്ലാ സമ്മേളനത്തില്‍ 333 പ്രതിനിധികളും 40 ജില്ലാകമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പൊളിറ്റ് ബ്യൂറോ- കേന്ദ്ര കമ്മിറ്റിഅംഗങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കും.

കൂടുതല്‍ ജനങ്ങളുടെ പിന്തുണയാര്‍ജിക്കുന്ന വിപ്ലവ ബഹുജന പ്രസ്ഥാനമായി സിപിഐ എമ്മിനെ മാറ്റാനുള്ള പ്രക്രിയയായി സമ്മേളനങ്ങള്‍ ഇതിനകം മാറി. പതിനായിരങ്ങള്‍ അണിചേരുന്ന മഹാപ്രവാഹമാണ് ഓരോ ജില്ലയിലെയും സമ്മേളനങ്ങള്‍ . ലോക്കല്‍ സമ്മേളനങ്ങള്‍ മുതല്‍ പൊതുയോഗവും പ്രകടനവുമുണ്ട്. ഏരിയസമ്മേളന പൊതുയോഗങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ്. ആഗോളവല്‍ക്കരണ നയവുമായി ഭരണം തുടരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധതയ്ക്കും അഴിമതിക്കും എതിരെ ജനങ്ങളില്‍ ഐക്യബോധം ഉണര്‍ത്തുന്നതാണ് സമ്മേളനങ്ങള്‍ .
 
ജനാധിപത്യപാര്‍ടി എന്ന് വിളിക്കുന്ന കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട സംഘടനാ സംവിധാനം പറ്റുന്നില്ല. നോമിനേഷന്‍ കമ്മിറ്റികളെ നിശ്ചയിക്കാന്‍ വര്‍ഷം രണ്ടായിട്ടും കഴിയുന്നുമില്ല. എന്നാല്‍ , ഓരോ കമ്മിറ്റികളെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അടങ്ങുന്ന സമ്മേളനം വോട്ടെടുപ്പിലൂടെയോ അല്ലാതെയോ തെരഞ്ഞെടുത്ത് വിപുലമായ ജനാധിപത്യ ബോധം സിപിഐ എം സമൂഹത്തെ ബോധ്യപ്പെടുത്തി. ഇരുപത്തേഴായിരത്തിലധികം പാര്‍ടി ബ്രാഞ്ചുകളുടെയും ആയിരത്തിയെഴുനൂറിലധികം ലോക്കലുകളുടെയും സമ്മേളനങ്ങള്‍ ആവേശകരമായ അന്തരീക്ഷത്തിലാണ് സമാപിച്ചത്. ഇരുനൂറ് ഏരിയ സമ്മേളനങ്ങളില്‍ ഇനി പൂര്‍ത്തിയാകാന്‍ കൈവിരലില്‍ എണ്ണാവുന്നവ മാത്രമേയുള്ളൂ. സിപിഐ എമ്മിന്റെ സംഘടനാപരമായ ഉള്‍ക്കരുത്തും വിപുലമായ ജനാധിപത്യ ഉള്ളടക്കവുമാണ് നാലരമാസത്തെ സമ്മേളനങ്ങള്‍ വിളംബരംചെയ്തത്. കാല്‍നൂറ്റാണ്ടായി ജനാധിപത്യം എന്തെന്ന് സംഘടനാപരമായി അറിയാത്ത നോമിനേഷന്‍ പാര്‍ടിയായ കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ ഈ സവിശേഷതയ്ക്ക് മുന്നില്‍ കണ്ണടയ്ക്കുകയാണ്.

മഹാഭൂരിപക്ഷം ബ്രാഞ്ച്-ലോക്കല്‍ -ഏരിയ സെക്രട്ടറിമാരെയും ഉപരിസമ്മേളന പ്രതിനിധികളെയും ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. ചിലേടങ്ങളില്‍ വോട്ടെടുപ്പിലൂടെയും. വിഭാഗീയതയുടെ മഹാരോഗത്തില്‍നിന്ന് പൊതുവില്‍ വിമുക്തമായ പാര്‍ടിയുടെ കരുത്തും വിശുദ്ധിയുമാണ് തെളിഞ്ഞത്. അത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും സംഘടനയുടെ ലെനിനിസ്റ്റ് ശൈലിയുടെയും സവിശേഷതകൊണ്ടാണ്. ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെയാണ് കോഴിക്കോട് 20-ാം പാര്‍ടി കോണ്‍ഗ്രസ്. ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെ തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം.

deshabhimani 151211

1 comment:

  1. പ്രത്യയശാസ്ത്രക്കരുത്തും സംഘടനാകെട്ടുറപ്പും വിളംബരംചെയ്ത്, 20-ാം പാര്‍ടികോണ്‍ഗ്രസിനു മുന്നോടിയായി സിപിഐ എം ജില്ലാസമ്മേളനങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. പാര്‍ടി കോണ്‍ഗ്രസിന് വേദിയാകുന്ന കോഴിക്കോട്, സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്ന തിരുവനന്തപുരം ജില്ലകളിലാണ് വ്യാഴാഴ്ച സമ്മേളനം തുടങ്ങുന്നത്.

    ReplyDelete