Thursday, December 15, 2011

വാഴകൃഷി വെട്ടിനശിപ്പിച്ച് മുഖ്യമന്ത്രിയുടെ "ജനസമ്പര്‍ക്കം"

മാരാരിക്കുളം: വിയര്‍പ്പൊഴുക്കി വളര്‍ത്തിയ വാഴകള്‍ വെട്ടിനശിപ്പിക്കേണ്ടി വന്നതിന്റെ ദുഃഖത്തിലും രോഷത്തിലുമാണ് പരമ്പരാഗത കര്‍ഷകനായ ആര്യാട് 18-ാം വാര്‍ഡില്‍ കോലോത്തുവെളി കമലാസനന്‍ . 60 വയസായെങ്കിലും മണ്ണിനെ സ്നേഹിക്കുകയും കൃഷിയെ ജീവനുതുല്യം കാണുകയും ചെയ്യുന്ന കമലാസനന്റെ ദുഃഖത്തിന് കാരണം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. പുറമ്പോക്ക് കൈയേറി കൃഷി ചെയ്യുന്നുവെന്ന് ആരോ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അയച്ച പരാതിയുടെ "അതിവേഗ" പരിഹാരമായിട്ടാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം കമലാസനന്റെ 100 ഓളം വാഴ വെട്ടിനശിപ്പിച്ചത്.

തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യവുമായി കഴിഞ്ഞ ആര്യാട് പഞ്ചായത്ത് ഭരണസമിതി വാഴവിത്തും വളവും കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. പുരയിടങ്ങള്‍ കൂടാതെ എഎസ് കനാല്‍ തീരത്തും കൃഷി ചെയ്യണമെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് കനാല്‍ തീരത്ത് താമസിക്കുന്ന കമലാസനന്‍ ഉള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങള്‍ വാഴകൃഷിയിലേര്‍പ്പെട്ടു. ഇതോടെ കനാല്‍ക്കരയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ഇല്ലാതായി. വാഴകള്‍ തഴച്ചുവളരാനും തുടങ്ങി. ഇപ്പോള്‍ കുലച്ചു തുടങ്ങിയപ്പോഴാണ് ചില "പുറമ്പോക്ക് സ്നേഹികള്‍" കൃഷിക്കെതിരെ രഹസ്യമായി രംഗത്തുവന്നത്. കോലോത്തുവെളി കമലാസനന് എതിരായിട്ട് മാത്രമായിരുന്നു പരാതി. ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ച പരാതി ഉടന്‍ പരിഹാരത്തിനായി ആര്യാട് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചു. പരാതിയുമായി സെക്രട്ടറി അതിവേഗം കമലാസനന്റെ വീട്ടിലെത്തി. ജെസിബി ഉപയോഗിച്ച് വാഴ പറിച്ചുമാറ്റുമെന്നും അതിന്റെ ചെലവ് കമലാസനന്‍ വഹിക്കണമെന്നും ഇല്ലെങ്കില്‍ സ്വയം വെട്ടിമാറ്റാനും നിര്‍ദേശിക്കുകയായിരുന്നു.

നാട് കത്തുമ്പോള്‍ മുഖ്യമന്ത്രി സൈക്കിള്‍ സവാരി നടത്തുന്നു: പി കെ ശ്രീമതി

കൊല്ലം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന ആശങ്കയില്‍ 40 ലക്ഷം ജനം ഊണും ഉറക്കവുമില്ലാതെ ദിനരാത്രങ്ങള്‍ തള്ളി നീക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൈക്കിള്‍ സവാരി നടത്തിയും താരനിശയില്‍ പങ്കെടുത്തും അപഹാസ്യനാകുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സിപിഐ എം കുണ്ടറ ഏരിയസമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം കരിക്കോട് ജങ്ഷനില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ശ്രീമതി.

പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നും ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മന്ത്രിമാര്‍ ഉള്‍പ്പെടെ മുല്ലപ്പെരിയാറില്‍ സത്യഗ്രഹം നടത്തുമ്പോള്‍ മുഖ്യമന്ത്രിക്ക് അതൊന്നും പ്രശ്നമല്ല. പ്രധാനമന്ത്രി വിളിച്ചാല്‍ ഡെല്‍ഹിക്ക് പോകുമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. രമേശ് ചെന്നിത്തലയും ഒരു വിഭാഗം കെപിസിസി അംഗങ്ങളും ഉള്‍പ്പെടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അനങ്ങാപ്പാറ നയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയെന്ന കണ്‍കെട്ട് വിദ്യ നടത്തി ഉമ്മന്‍ചാണ്ടി ജനത്തിന്റെ കണ്ണില്‍ പൊടിയിടുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു.

ജനത്തെ വിളിച്ചുകൂട്ടി അപേക്ഷ വാങ്ങി 500 രൂപ വീതംനല്‍കുന്നത് വലിയ ക്ഷേമപരിപാടിയായാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്തിരട്ടി ക്ഷേമ ആനുകൂല്യങ്ങളാണ് നല്‍കിയത്. ഓരോ വകുപ്പിലെയും പണം ജനസമ്പര്‍ക്കമെന്ന പേരില്‍ മുഖ്യമന്ത്രി എടുത്ത് വിതരണം ചെയ്യേണ്ടതുണ്ടോ. ജനസമ്പര്‍ക്ക പരിപാടിക്കുള്ള പന്തല്‍ ഉദ്ഘാടനംചെയ്തതും മന്ത്രിയാണ്. അതിനും പത്രപ്പരസ്യംനല്‍കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ച വികസനപദ്ധതികള്‍ എണ്ണിയാലൊടുങ്ങില്ല- പി കെ ശ്രീമതി പറഞ്ഞു. സമ്മേളനത്തില്‍ ഏരിയസെക്രട്ടറി എം ജോസുകുട്ടി അധ്യക്ഷനായി.

deshabhimani 151211

1 comment:

  1. വിയര്‍പ്പൊഴുക്കി വളര്‍ത്തിയ വാഴകള്‍ വെട്ടിനശിപ്പിക്കേണ്ടി വന്നതിന്റെ ദുഃഖത്തിലും രോഷത്തിലുമാണ് പരമ്പരാഗത കര്‍ഷകനായ ആര്യാട് 18-ാം വാര്‍ഡില്‍ കോലോത്തുവെളി കമലാസനന്‍ . 60 വയസായെങ്കിലും മണ്ണിനെ സ്നേഹിക്കുകയും കൃഷിയെ ജീവനുതുല്യം കാണുകയും ചെയ്യുന്ന കമലാസനന്റെ ദുഃഖത്തിന് കാരണം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. പുറമ്പോക്ക് കൈയേറി കൃഷി ചെയ്യുന്നുവെന്ന് ആരോ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അയച്ച പരാതിയുടെ "അതിവേഗ" പരിഹാരമായിട്ടാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം കമലാസനന്റെ 100 ഓളം വാഴ വെട്ടിനശിപ്പിച്ചത്.

    ReplyDelete