മുന്‍ഗണനാ വിഭാഗത്തെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല. ഇത് കേന്ദ്രം തീരുമാനിക്കുമെന്നാണ് വ്യവസ്ഥ. മാനദണ്ഡമനുസരിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക സംസ്ഥാനമോ കേന്ദ്രം നിശ്ചയിക്കുന്ന ഏജന്‍സിയോ ആയിരിക്കും. മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന കുടുംബങ്ങളിലെ ഓരോ അംഗത്തിനും കുറഞ്ഞ നിരക്കില്‍ പ്രതിമാസം ഏഴു കിലോ ഭക്ഷ്യധാന്യവും പൊതുവിഭാഗത്തില്‍ വരുന്നവര്‍ക്ക് മൂന്നു കിലോ ഭക്ഷ്യധാന്യവും ബില്ലില്‍ നിര്‍ദേശിക്കുന്നു. അരി കിലോ മൂന്നു രൂപ നിരക്കിലും ഗോതമ്പ് രണ്ടു രൂപ നിരക്കിലും മറ്റു ധാന്യങ്ങള്‍ ഒരു രൂപ നിരക്കിലും മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് വിതരണംചെയ്യും. പൊതുവിഭാഗക്കാര്‍ക്ക് കുറഞ്ഞ താങ്ങുവിലയുടെ പരമാവധി 50 ശതമാനം നിരക്കിലാകും ധാന്യം നല്‍കുക.
ലോക്സഭയില്‍ ഭക്ഷ്യസഹമന്ത്രി കെ വി തോമസ് അവതരിപ്പിച്ച ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ഗ്രാമങ്ങളില്‍ പരമാവധി 75 ശതമാനംപേര്‍ക്കും നഗരങ്ങളില്‍ 50 ശതമാനംപേര്‍ക്കും മാത്രമേ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയൂ എന്ന് വ്യവസ്ഥയുണ്ട്. ഗ്രാമങ്ങളില്‍ കുറഞ്ഞത് 46 ശതമാനവും നഗരങ്ങളില്‍ 26 ശതമാനവും മുന്‍ഗണനാ വിഭാഗത്തില്‍ വരണമെന്നും ബില്ലില്‍ പറയുന്നു. കാര്‍ഷികരംഗത്തെ വന്‍ ബിസിനസുകാരും കോര്‍പറേറ്റുകളും മുന്നോട്ടുവച്ചിട്ടുള്ള സബ്സിഡി നേരിട്ട് പണമായി നല്‍കല്‍ , ഭക്ഷ്യകൂപ്പണ്‍ സംവിധാനം തുടങ്ങിയ നിര്‍ദേശങ്ങളും ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഗുണഭോക്താക്കളെ കണ്ടെത്താനുള്ള പ്രധാന രേഖയാക്കും. സ്ത്രീകള്‍ക്ക് പ്രസവത്തോടനുബന്ധിച്ച് ആറുമാസംവരെ സൗജന്യഭക്ഷണം അങ്കണവാടിവഴി വിതരണംചെയ്യും. പ്രസവാനുകൂല്യം എന്നനിലയില്‍ ആറുമാസത്തേക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. നിലവില്‍ ഈ ആനുകൂല്യം ലഭിക്കുന്ന കേന്ദ്ര- സംസ്ഥാന ജീവനക്കാരെ പ്രസവാനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കി. ആറുമാസംമുതല്‍ ആറുവര്‍ഷംവരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടിവഴി സൗജന്യഭക്ഷണം നല്‍കും. ആറുമുതല്‍ 14 വരെ പ്രായമായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകള്‍ സൗജന്യ ഉച്ചഭക്ഷണം നല്‍കും. എട്ടാംക്ലാസുവരെയാകും സൗജന്യ ഉച്ചഭക്ഷണം. ഈ പദ്ധതികളുടെയെല്ലാം ചെലവിന്റെ നിശ്ചിത ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണം.
പട്ടിണിയില്‍ കഴിയുന്ന ആളുകള്‍ക്ക് രണ്ട് നേരത്തെ സൗജന്യഭക്ഷണം നല്‍കും. ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യമോ സൗജന്യഭക്ഷണമോ നല്‍കാനായില്ലെങ്കില്‍ കേന്ദ്രം നിശ്ചയിക്കുന്ന നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ അലവന്‍സ് നല്‍കണം. മുന്‍ഗണനാ വിഭാഗത്തിലും പൊതുവിഭാഗത്തിലും വരാത്തവര്‍ക്ക് ഒരു ആനുകൂല്യവുമുണ്ടാകില്ല. എല്ലാ കുടുംബത്തിലും 18 വയസ്സിനുമുകളില്‍ വരുന്ന ഏറ്റവും പ്രായമുള്ള സ്ത്രീയുടെ പേരിലായിരിക്കും റേഷന്‍ കാര്‍ഡ് അനുവദിക്കുക. കോള്‍സെന്ററുകള്‍ , ഹെല്‍പ്പ്ലൈനുകള്‍ എന്നിവയടക്കമുള്ള പരാതിപരിഹാരസംവിധാനം കേന്ദ്ര- സംസ്ഥാന തലങ്ങളിലുണ്ടാകും. കേന്ദ്രതലംമുതല്‍ റേഷന്‍കടതലംവരെ വിജിലന്‍സ് സമിതികളുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു.
deshabhimani 231211
ജനസംഖ്യയില്‍ മൂന്നിലൊന്നുപേരെ പൊതുവിതരണശൃംഖലയില്‍നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥകളോടെ ഭക്ഷ്യസുരക്ഷാ ബില്‍ കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിലവിലെ എപിഎല്‍ , ബിപിഎല്‍ വിഭാഗങ്ങള്‍ക്കുപകരം ബില്ലില്‍ ജനങ്ങളെ മുന്‍ഗണന- പൊതുവിഭാഗം എന്നിങ്ങനെ തരംതിരിക്കുന്നു. ജനസംഖ്യയുടെ 63.5 ശതമാനത്തിനുമാത്രമാണ് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രയോജനം ചെയ്യുക. ശേഷിക്കുന്ന 36.5 ശതമാനം പൂര്‍ണമായും ബില്ലിനുപുറത്താണ്.
ReplyDelete