Thursday, December 8, 2011

അമൃതയില്‍ കടുത്ത ചൂഷണം

ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ നേരിടുന്നത് സംസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും ഉണ്ടാകാത്തതരം കടുത്ത തൊഴില്‍ചൂഷണമെന്ന് നേഴ്സുമാര്‍ .സംഘടിക്കാനുള്ള നീക്കം മുളയിലേ നുള്ളാനാണ് മാനേജ്മെന്റ് ആക്രമണം അഴിച്ചുവിട്ടതെന്നും അവര്‍ പറഞ്ഞു.

ഡിസംബര്‍ രണ്ടിനാണ് അമൃതയിലെ മുന്നൂറോളം നേഴ്സുമാര്‍ യുണൈറ്റഡ് നേഴ്സ്സ് ഓര്‍ഗനൈസേഷന്‍ (യുഎന്‍ഒ) എന്ന സ്വതന്ത്ര സംഘടനയില്‍ അംഗങ്ങളായത്. ഇടപ്പള്ളി സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യുഎന്‍ഒയുടെ അമൃത യൂണിറ്റും രൂപീകരിച്ചു. യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുത്ത അഞ്ചുവര്‍ഷം സര്‍വീസുള്ള എം ഡി ശ്രീകുമാറിനെ തൊട്ടടുത്ത ദിവസം പിരിച്ചുവിട്ടു. സെക്രട്ടറി കിഷോറിനെ വള്ളിക്കാവ് ആശുപത്രിയിലേക്കും ജോയിന്റ് സെക്രട്ടറി ഷിഖിലിനെ മൈസൂരിലേക്കും സ്ഥലംമാറ്റി. ട്രഷറര്‍ ലിറ്റില്‍ റോസിനെ പിരിച്ചുവിടുന്നതിനു മുന്നോടിയായി ഐഡന്‍റിറ്റികാര്‍ഡ് തിരിച്ചുവാങ്ങി. ഇതൊക്കെ ചെയ്തശേഷമാണ് മൂന്നാം തീയതി യുഎന്‍ഒ സംസ്ഥാന ഭാരവാഹികളെ സൗഹൃദചര്‍ച്ചയ്ക്കായി മാനേജ്മെന്റ് ആശുപത്രിയിലേക്കു വിളിച്ചത്. ആറിന് സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ, സെക്രട്ടറി സുദീപ് കൃഷ്ണന്‍ , വൈസ്പ്രസിഡന്റ് ദീപു, തൃശൂര്‍ ജില്ലാ സെക്രട്ടറി ഷിഹാബ് എന്നിവര്‍ ചര്‍ച്ചയ്ക്കെത്തിയപ്പോഴാണ് മുപ്പതുപേരോളമുള്ള ഗുണ്ടാസംഘം ആശുപത്രിക്കുള്ളില്‍ ഇവരെ മര്‍ദ്ദിച്ചത്. ദീപുവിന്റെ കാല്‍മുട്ടിന്റെ ചിരട്ടയെല്ല് തല്ലിത്തകര്‍ത്ത ആക്രമിസംഘം മറ്റുള്ളവരുടെ കൈകാലുകളും തല്ലിയൊടിച്ചു.

സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ഒ രൂപീകരണത്തിനുമുമ്പേ നേഴ്സുമാര്‍ അമൃത മാനേജ്മെന്റിന് കത്തു നല്‍കിയിരുന്നു. സേവന- വേതന വ്യവസ്ഥകള്‍ മറ്റ് ആശുപത്രികളിലേതിനു തുല്യമാക്കണമെന്നായിരുന്നു നേഴ്സുമാരുടെ ആവശ്യം. ബോണ്ട് ഏര്‍പ്പാട് എടുത്തുകളയണമെന്നും. ലക്ഷങ്ങള്‍ മുടക്കി കോഴ്സ് പാസാകുന്ന നേഴ്സിന് 1500 രൂപയാണ് അമൃതയിലെ ശമ്പളമെന്ന് ഷിഖില്‍ പറഞ്ഞു. ടിഎ, ഡിഎ ഉള്‍പ്പെടെ 6000 രൂപ. ഇതില്‍നിന്ന് ആനുകൂല്യങ്ങള്‍ക്കുള്ള വിഹിതം പിടിച്ചശേഷം കിട്ടുന്നത് നാലായിരത്തോളം രൂപ. മറ്റു ജില്ലകളില്‍നിന്നെല്ലാമുള്ളവര്‍ ഈ തുച്ഛ വേതനത്തില്‍നിന്നു വേണം താമസത്തിനും ഭക്ഷണത്തിനും വിദ്യാഭ്യാസവായ്പയടവിനും പണം കണ്ടെത്താന്‍ . ഇതിനെല്ലാംപുറമെയാണ് ബോണ്ട് വ്യവസ്ഥ. മാനേജ്മെന്റിന് തോന്നുന്ന വ്യവസ്ഥയിലാണ് ബോണ്ട്. എവിടേക്കും എപ്പോള്‍വേണമെങ്കിലും സ്ഥലംമാറ്റാം, ഉപാധികളില്ലാതെ പണിയെടുക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍ . രണ്ടു മുതല്‍ മൂന്നുവര്‍ഷംവരെയാണ് ബോണ്ട്. കാലാവധി പൂര്‍ത്തിയാക്കാത്തപക്ഷം 50,000 രൂപവരെ നല്‍കണം. അല്ലാത്തപക്ഷം സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ജോലിഭാരവും മറ്റിടത്തെക്കാള്‍ കൂടുതലാണെന്ന് പരാതിയുണ്ട്..

ജനറല്‍ വാര്‍ഡില്‍ അഞ്ചു രോഗികളെ നോക്കാന്‍ ഒരു നേഴ്സ് എന്നതാണ് അംഗീകൃത ആനുപാതം. അമൃതയില്‍ ഇത് 12 രോഗികള്‍ക്ക് ഒന്നാണ്. തീവ്രപരിചരണവിഭാഗത്തില്‍ 1:1 എന്ന ആനുപാതത്തിനുപകരം ഇവിടെ നടപ്പുള്ളത് 5:1 എന്ന ആനുപാതമാണ്. ഇത് നേഴ്സുമാരുടെ ജോലിഭാരവും റിസ്കും വര്‍ധിപ്പിക്കുന്നു. ഇതിനെതിരെ ശബ്ദിക്കാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് നേഴ്സുമാര്‍ പറയുന്നു. ചോദ്യംചെയ്യുന്നവരെ മാനേജ്മെന്റിന്റെ ചൊല്‍പ്പടിയിലുള്ള ആര്‍എസ്എസ്-ബിജെപി ഗുണ്ടാസംഘമായിരിക്കും നേരിടുക.

deshabhimani 081211

1 comment:

  1. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ നേരിടുന്നത് സംസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും ഉണ്ടാകാത്തതരം കടുത്ത തൊഴില്‍ചൂഷണമെന്ന് നേഴ്സുമാര്‍ .സംഘടിക്കാനുള്ള നീക്കം മുളയിലേ നുള്ളാനാണ് മാനേജ്മെന്റ് ആക്രമണം അഴിച്ചുവിട്ടതെന്നും അവര്‍ പറഞ്ഞു.

    ReplyDelete