Thursday, December 15, 2011

കുട്ടനാട്ടിലെ പുഞ്ചകൃഷി അവതാളത്തില്‍

സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില നല്‍കിയില്ല

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടനാട്ടിലെ പുഞ്ചകൃഷി അവതാളത്തില്‍. കഴിഞ്ഞ രണ്ടാം കൃഷിക്ക് മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി റിക്കോര്‍ഡ് വിളവെടുപ്പ് നടെന്നങ്കിലും നെല്ല് സംഭരിച്ച ഇനത്തില്‍ ഏകദേശം 30 കോടി രൂപയാണ് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. പുഞ്ചകൃഷി തുടങ്ങാനുള്ള സമയം ആരംഭിച്ചിട്ടും കഴിഞ്ഞ കൃഷിയുടെ പണം ലഭിക്കാത്തത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

40,000ത്തോളം ടണ്‍ നെല്ലാണ് കഴിഞ്ഞ രണ്ടാംകൃഷിയില്‍ കുട്ടനാട്ടില്‍ നിന്ന് സംഭരിച്ചത്. ഏകദേശം 15000 ഹെക്ടര്‍ പാടശേഖരത്തിലെ സംഭരണം ഇതുവരെ പൂര്‍ത്തിയായിക്കഴിഞ്ഞു. നെല്ല് സംഭരിച്ച് 15 ദിവസത്തിനുള്ളില്‍ പണം കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശം  ജലരേഖയായി.

കാലാവസ്ഥയിലുണ്ടായ അനുകൂല മാറ്റമാണ് ഇത്തവണത്തെ രണ്ടാംകൃഷിക്ക് തുണയായത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി 15 ക്വിന്റലോളം നെല്ല് അധികമായി ഈ വര്‍ഷം സംഭരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ ആരംഭിച്ച സംഭരണം ഏകദേശം പൂര്‍ത്തിയായി. അടുത്ത പുഞ്ചകൃഷിക്ക് നിലമൊരുക്കാന്‍ സമയമായെങ്കിലും പണം ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ ഏറെ ദുരിതത്തിലാണ്. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നെല്ല് സംഭരണത്തിനായി 60 സ്വകാര്യ മില്ലുകളുമായി ധാരണയില്‍ ഏര്‍പ്പെട്ടിരുന്നു. തുടക്കത്തില്‍ സംഭരണത്തിലുണ്ടായ പാളിച്ചകളും ഏറെ വിവാദമായി. വളത്തിന്റെ വില വര്‍ധനയും വിത്തിന്റെ ഗുണനിലവാരമില്ലായ്മയും മൂലം ഏറെ കഷ്ടപ്പെട്ടാണ് കര്‍ഷകര്‍ രണ്ടാംകൃഷി ഇറക്കിയത്. കുട്ടനാട്ടിലെ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റെ വില ഇരട്ടിയായതും സംസ്ഥാന സ്വീഡ് അതോറിറ്റി നല്‍കിയ വിത്ത് പ്രതീക്ഷിച്ച വിള നല്‍കാത്തതും കര്‍ഷകര്‍ക്ക് ഏറെ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് യാതൊരു സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വേനല്‍മഴയില്‍ കൃഷിനശിച്ച ധനസഹായത്തിന് പുറമെ സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തതും കുട്ടനാട്ടിലെ കൃഷിയെ ഗുരുതരമായി ബാധിക്കും. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള പുഞ്ചകൃഷിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും ആരംഭിക്കാത്തത് നാടിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ ബാധിക്കുമെന്നുറപ്പാണ്.

janayugom 151211

No comments:

Post a Comment