ശ്രീ പത്മനാഭസ്വാമി ക്ഷേത്ര നിലവറയിലെ അമൂല്യശേഖരത്തിന്റെ മൂല്യനിര്‍ണയസമിതിയുടെയും മേല്‍നോട്ടസമിതിയുടെയും സംയുക്തയോഗം കോട്ടയ്ക്കകം രംഗവിലാസം കൊട്ടാരത്തില്‍ ചേര്‍ന്നു. വിദഗ്ധസമിതി ചെയര്‍മാന്‍ ആനന്ദബോസിനെ മാറ്റിയശേഷമുള്ള ആദ്യയോഗമാണ് ഞായറാഴ്ച പകല്‍ 12ന് ചേര്‍ന്നത്. മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പുതിയ ചെയര്‍മാന്‍ പ്രൊഫ. എം വി നായരുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു. ഫെബ്രുവരി ഒമ്പതിന് പരീക്ഷണ മൂല്യനിര്‍ണയം നടത്തും. 17 മുതലാണ് യഥാര്‍ഥ മൂല്യനിര്‍ണയം.
സുപ്രീംകോടതി നിര്‍ദേശിച്ചതില്‍ എന്തൊക്കെ നടപ്പായെന്ന് പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. മൂല്യനിര്‍ണയസമിതിയുടെ ഓഫീസായി രാമനാമഠം പ്രവര്‍ത്തിക്കും. ഈ സ്ഥലം സംഘം പരിശോധിച്ചു. മൂല്യനിര്‍ണയത്തിനായി സര്‍ക്കാര്‍ 2.5 കോടി രൂപ അനുവദിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു. 25 ലക്ഷം രൂപ ക്ഷേത്ര ഭരണസമിതിയും അനുവദിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ വി കെ ഹരികുമാര്‍ അറിയിച്ചു. നിധിശേഖരം തിട്ടപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങള്‍ കെല്‍ട്രോണ്‍ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര പുരാവസ്തു സംരക്ഷണ വിഭാഗം ഡയറക്ടര്‍ നമ്പി രാജന്‍ , റിസര്‍വ് ബാങ്ക് പ്രതിനിധി വികാസ് ശര്‍മ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി കെ ഹരികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് മൂല്യനിര്‍ണയസമിതി. ജസ്റ്റിസ് എം എന്‍ കൃഷ്ണന്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറിയും നോഡല്‍ ഓഫീസറുമായ കെ ജയകുമാര്‍ , രാജകുടുംബാംഗത്തിന്റെ പ്രതിനിധി എന്നിവര്‍ അടങ്ങുന്നതാണ് മേല്‍നോട്ടസമിതി.
deshabhimani 230112
No comments:
Post a Comment