Sunday, January 15, 2012

9 യൂറോപ്യന്‍ രാജ്യങ്ങളുടെ വായ്പാക്ഷമത ഇടിഞ്ഞു

ലോകത്തെ പ്രമുഖ സാമ്പത്തികശക്തിയായ ഫ്രാന്‍സ് അടക്കം ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങളുടെ വായ്പാക്ഷമത ലോകത്തെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് (എസ് ആന്‍ഡ് പി) കുറച്ചു. സാമ്പത്തിക മാന്ദ്യം നേരിടാന്‍ യുറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഒട്ടും പര്യാപ്തമല്ലെന്നു വിലയിരുത്തിയാണ് നടപടി. ഇതോടെ, സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന യൂറോപ്പ് കൂടുതല്‍ കുഴപ്പത്തിലാകും.

കഴിഞ്ഞവര്‍ഷം ആഗസ്തില്‍ അമേരിക്കയുടെ റേറ്റിങ് എസ് ആന്‍ഡ് പി ട്രിപ്പിള്‍ എയില്‍നിന്ന് ഡബിള്‍ എ പ്ലസായി കുറച്ചിരുന്നു. ശനിയാഴ്ച ഫ്രാന്‍സ്, ഓസ്ട്രിയ, മാള്‍ട്ട, സ്ലോവാക്യ, സ്ലൊവേനിയ എന്നിവരുടെ മൊത്തം വായ്പാക്ഷമത ഒരുപടി താഴ്ത്തി. പോര്‍ച്ചുഗല്‍ , ഇറ്റലി, സ്പെയിന്‍ , സൈപ്രസ് എന്നിവയുടെ ദീര്‍ഘകാല വായ്പാക്ഷമത രണ്ടുപടി താഴ്ത്തി. ട്രിപ്പിള്‍ എ(3എ) പദവിയിലായിരുന്ന ഫ്രാന്‍സ്, ഓസ്ട്രിയ എന്നിവ ഡബിള്‍ എ പ്ലസിലായി. സ്പെയിനിനെ രണ്ടുപടി താഴ്ത്തി എയിലും ഇറ്റലിയെ ട്രിപ്പിള്‍ ബി പ്ലസിലും ആക്കി. നിലവില്‍ , ജര്‍മനി മാത്രമാണ് ട്രിപ്പിള്‍ എ പദവി വഹിക്കുന്ന യൂറോപ്യന്‍ രാജ്യം. യൂറോപ്യന്‍ യൂണിയനില്‍ ഫ്രാന്‍സും ജര്‍മനിയും കഴിഞ്ഞാല്‍ ഏറ്റവും വലിയ സാമ്പത്തികശക്തിയായിരുന്ന ഇറ്റലിക്കാണ് ഏറ്റവും കനത്ത പ്രഹരം. കടുത്ത സാമ്പത്തികപ്രതിസന്ധിയിലുള്ള ഇറ്റലിയുടെ റേറ്റിങ് കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ എ പ്ലസില്‍നിന്ന് എയിലേക്ക് താഴ്ത്തിയിരുന്നു. ഇപ്പോള്‍ ട്രിപ്പിള്‍ ബി പ്ലസിലേക്കു വീണതോടെ കസാഖ്സ്ഥാന്‍ , തായ്ലന്‍ഡ് എന്നിവയ്ക്കൊപ്പമായി ഇറ്റലി.

യൂറോപ്യന്‍ രാജ്യങ്ങളുടെ ഭരണകര്‍ത്താക്കള്‍ അടുത്തിടെ സ്വീകരിച്ച നടപടികള്‍ പ്രതിസന്ധി പരിഹരിക്കാന്‍ സഹായകമായതല്ലെന്ന് എസ് ആന്‍ഡ് പി വിലയിരുത്തി. യൂറോപ്യന്‍ യൂണിയന്‍ ഉണ്ടാക്കിയ ധാരണകള്‍ രക്ഷാപദ്ധതികള്‍ക്ക് ശക്തിപകരുന്നതോ വിപണിസമ്മര്‍ദം താങ്ങാന്‍ സഹായകമായതോ അല്ല. നയരൂപീകരണത്തില്‍ ഈ രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതും പ്രശ്നമാണ്. ഡിസംബറില്‍ നടന്ന യുറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ പ്രസ്താവനകളും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ലെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കി. വായ്പാക്ഷമത കുറയ്ക്കുമെന്ന് അന്നുതന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ഇറ്റലി, പോര്‍ച്ചുഗല്‍ , സ്പെയിന്‍ , മാള്‍ട്ട, സ്ലൊവേനിയ, ലക്സംബര്‍ഗ്, അയര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, എസ്തോണിയ, സൈപ്രസ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളുടെ ദീര്‍ഘകാല വായ്പാക്ഷമതയും പിറകോട്ടാണെന്ന് എസ് ആന്‍ഡ് പി വിലയിരുത്തി. അതുകൊണ്ടു തന്നെ 2012-13 കാലയളവില്‍ ഇവരുടെ ദീര്‍ഘകാല വായ്പാ ക്ഷമത കുറയ്ക്കാന്‍ മൂന്നിലൊന്ന് സാധ്യത കാണുന്നു. യൂറോ മേഖലയില്‍ സാമ്പത്തികപ്രതിസന്ധി തുടരാനാണ് സാധ്യതയെന്ന് എസ് ആന്‍ഡ് പി പറയുന്നു.

വെള്ളിയാഴ്ച പിന്നിട്ട സാമ്പത്തികവാരം യൂറോമേഖലാ നാണ്യമായ യൂറോയുടെ മൂല്യം ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. യൂറോപ്യന്‍ രാജ്യങ്ങളിലെയും അമേരിക്കയിലെയും ഓഹരിവിപണികളില്‍ പോയവാരം വന്‍വീഴ്ചയായിരുന്നു. എസ് ആന്‍ഡ് പി നടപടിക്കെതിരെ പ്രതിഷേധവുമായി ഇയു പ്രതിനിധികളും രാഷ്ട്രത്തലവന്മാരും രംഗത്തെത്തി. എസ് ആന്‍ഡ് പി നടപടി അടിസ്ഥാനരഹിതമാണെന്ന് ഇയു സാമ്പത്തിക മേധാവി ഒല്ലി റെന്‍ പറഞ്ഞു. ഈ തീരുമാനത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം സ്ഥാപനങ്ങളല്ല, സര്‍ക്കാരാണ് സാമ്പത്തികനയം തീരുമാനിക്കേണ്ടതെന്ന് ഫ്രഞ്ച് ധനമന്ത്രി ഫ്രാന്‍സ്വ ബറോയിസ് പ്രതികരിച്ചു.

deshabhimani 150112

1 comment:

  1. ലോകത്തെ പ്രമുഖ സാമ്പത്തികശക്തിയായ ഫ്രാന്‍സ് അടക്കം ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങളുടെ വായ്പാക്ഷമത ലോകത്തെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് (എസ് ആന്‍ഡ് പി) കുറച്ചു. സാമ്പത്തിക മാന്ദ്യം നേരിടാന്‍ യുറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഒട്ടും പര്യാപ്തമല്ലെന്നു വിലയിരുത്തിയാണ് നടപടി. ഇതോടെ, സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന യൂറോപ്പ് കൂടുതല്‍ കുഴപ്പത്തിലാകും.

    ReplyDelete